ഷാർജയിൽ മലയാളി വ്യവസായിയുടെ ആത്മഹത്യ; യാത്രയിൽ ദുരൂഹത

gulf-death
SHARE

ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ മലയാളി ബിസിനസുകാരൻ ടി.പി.അജിതി(55)ന്‍റെ മൃതദേഹം ദുബായിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായ് മെഡോസിലെ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിതിനെ തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ചാടി   ജീവനൊടുക്കിയതാണെന്ന് ഷാർജ പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 26 വര്‍ഷമായി ദുബായ് ആസ്ഥനമാക്കി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിവന്ന ഇദ്ദേഹം സ്പേസ് മാക്സ് സൊലുഷൻസ് ഇന്‍റർനാഷനൽ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. പാലക്കാട് എന്‍ജിനീയറിങ് കോളജിൽ നിന്ന് സിവിൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം രണ്ടു വർഷം മസ്കത്തിൽ ജോലി ചെയ്തിരുന്നു. തുടർന്നായിരുന്നു യുഎഇയിലെത്തിയത്. തുടർന്ന് സ്വപ്രയത്നത്തിലൂടെ ബിസിനസ് കെട്ടിപ്പടുക്കുകയായിരുന്നു. 

ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ കേരളാ പ്രിമിയർ ലീഗ് (കെപിഎൽ–ദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം വളപട്ടണം മന്നത്ത് 'അമാനത്' എന്ന പേരിൽ സ്വന്തമായി വീടുവച്ചിരുന്നു. അവിടെ താമസിച്ച് കൊതി തീരുംമുൻപേയാണ് ജീവിതത്തിന് പൂർണവിരാമമിട്ടത്.

നേരത്തെ താമസിച്ചിരുന്ന തെരുവ്; യാത്രയിൽ ദുരൂഹത

ദുബായിൽ നിന്ന് ഷാർജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന അബ്ദുൽ നാസർ സ്ട്രീറ്റിലെ ടവറിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. എല്ലാ ദിവസവും പുലർച്ചെ നടക്കാനിറങ്ങാറുള്ള അജിത് കുടുംബാംഗങ്ങളെ ശല്യപ്പെടുത്താതെയാണ് എണുന്നേൽക്കാറ്. ആത്മഹത്യ ചെയ്ത ദിവസം പുലർച്ചെ നാലിന് വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം നേരെ ഷാർജയിലെത്തുകയായിരുന്നു. 17 നിലകളുള്ള കെട്ടിടത്തില്‍ നിന്നാണ് ചാടിയത്. ഇൗ കെട്ടിടത്തിന്റെ പല ഭാഗത്തും അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നുവെന്ന് പറയുന്നു. 

നേരത്തെ ഇൗ സ്ട്രീറ്റിൽ അജിത് താമസിച്ചിട്ടുണ്ടെങ്കിലും ഇവിടെ സുഹൃത്തുക്കളാരെങ്കിലും ഉണ്ടോ എന്ന് ബന്ധുക്കൾക്ക് അറിയില്ല. ദുബായിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് ഇവിടെയെത്തി മരണത്തിനായി ഇൗ കെട്ടിടം തിരഞ്ഞെടുത്തത് ഒരുപക്ഷേ, പഴയ പരിചയം വച്ചായിരിക്കാം എന്ന് സംശയിക്കുന്നു. ഗുരുതര പരുക്കേറ്റ അജിതിനെ ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫൊറൻസിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി. കേസന്വേഷണം നടന്നുവരുന്നതിനാൽ മൃതദേഹം വിട്ടുകിട്ടാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. 

ബിസിനസ് കുടുംബം നോക്കിനടത്തും

കെ.പി. പത്മാനാഭന്റെയും ടി.പി.നന്ദിനിയുടെയും മകനാണ് അജിത്. വീട്ടമ്മയായ ഭാര്യ ബിന്ദു, ഇംഗ്ലണ്ടിൽ നിന്ന് എന്‍ജിനീയറിങ് പഠനം പൂർത്തിയാക്കി പിതാവിന്റെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന മകൻ അമർ, വിദ്യാർഥിയായ മകൾ ലക്ഷ്മി എന്നിവരോടൊപ്പമായിരുന്നു ദുബായിൽ താമസം. അജിതിന്റെ സഹാദരൻ ടി.പി.അനിൽ ദുബായിൽ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരൻ ടി.പി.അനീഷ് ബംഗ്ലുരുവിലാണ്.

സ്പേസ് മാക്സ് സൊലൂഷൻസ് ഇന്റർനാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കമ്പനിയിൽ 200 ലേറെ ജീവനക്കാരുണ്ട്. കൂടാതെ, കരാർ ജോലിക്കാരുമുണ്ട്. ഗൃഹനാഥൻ വിട്ടുപോയെങ്കിലും അനാഥമായിപ്പോകാതെ കമ്പനി നോക്കി നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

MORE IN GULF
SHOW MORE
Loading...
Loading...