ദുബായ് രാജ്യാന്തര എക്സ്പോ: നിർമാണപ്രവർത്തനങ്ങൾ ഈ വർഷാവസാനം പൂർത്തിയാക്കും

dubai-expo
SHARE

ദുബായ് വേദിയാകുന്ന രാജ്യാന്തര എക്സ്പോയുടെ നിർമാണപ്രവർത്തനങ്ങൾ ഈ വർഷാവസാനം പൂർത്തിയാക്കുമെന്ന് സംഘാടകർ. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി നിർത്തിവച്ചിരുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കോവിഡ് കാരണം മാറ്റിവച്ച ദുബായ് എക്സ്പോ അടുത്തവർഷം ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 22 വരെയാണ് സംഘടിപ്പിക്കുന്നത്.

ഈ വർഷം ഒക്ടോബറിൽ തുടങ്ങാനിരുന്ന ദുബായ് എക്സ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മഹാമാരിയെത്തുന്നത്. തുടർന്നാണ് ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് അംഗരാജ്യങ്ങളുടെ അനുമതിയോടെ എക്സ്പോ അടുത്തവർഷത്തേക്ക് മാറ്റിവച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിൽ ആദ്യമായി അരങ്ങേറുന്ന എക്സ്പോയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഏറ്റവും വലിയ പവലിയനുകളിലൊന്നായ ഇന്ത്യൻ പവലിയൻ നിർമാണവും അന്തിമഘട്ടത്തിലാണ്. 

ദുബായ് സൗത്തിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് 4.38 ചതുരശ്രകിലോമീറ്ററിലാണ് എക്സ്പോ വേദി. ഇവിടേയ്ക്കള്ള മെട്രോ പാതയായ റൂട്ട് 2020 നിർമാണം പൂർത്തിയായി. എക്സ്പോ വേദി പൂർണമായും അണുവിമുക്തമാക്കുകയും യുഎഇ ആരോഗ്യമന്ത്രാലയത്തിൻറെ നിർദേശങ്ങൾ പാലിക്കുന്നതായും  ദുബായ് എക്സ്പോ  ചീഫ് ഡവലപ്മെന്റ് ആൻഡ് ഡെലിവറി ഓഫിസർ അഹമ്മദ് അൽ ഖതീബ് പറഞ്ഞു. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായ തൊഴിലാളികൾക്കും സുരക്ഷയ്ക്കായി മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നതടക്കം നിർദേശങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സംഘാടനകർ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...