എൺപതിലധികം ജോലികൾക്ക് സൗദിയിൽ ഔദ്യോഗിക പദവി

riyadh
SHARE

സിനിമസംവിധാനം അടക്കം കലാസാംസ്കാരിക രംഗത്തെ എൺപതിലേറെ ജോലികൾക്ക് സൌദി അറേബ്യയിൽ ഔദ്യോഗിക തൊഴിൽ പദവി. രാജ്യത്ത് ആദ്യമായാണ് കലാസാംസ്കാരിക രംഗത്തെ തൊഴിലുകൾക്ക് ഔദ്യോഗിക തൊഴിൽ പദവി നൽകുന്നത്. സൌദിയുടെ സാംസ്കാരിക, കലാവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് തീരുമാനമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി.

സിനിമ അടക്കം കലാസാംസ്കാരിക മേഖലയിൽ വലിയ ഇളവുകളാണ് ഈ അടുത്തകാലത്തായി സൌദി അറേബ്യ അനുവദിച്ചത്. അതിൻറെ ഭാഗമായാണ് കലാസാംസ്കാരിക മേഖലയിലെ 80 ലേറെ ജോലികൾക്ക് ആദ്യമായി രാജ്യത്ത് ഔദ്യോഗിക തൊഴിൽപദവി നൽകുന്നതെന്ന് സാംസ്കാരിക വകുപ്പ്  മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. 

തിയേറ്റർ പ്രൊഡ്യൂസർ, സിനിമ സംവിധായകൻ, ലൈറ്റിംഗ് ഡിസൈനർ, ഡോക്യുമെന്റുകളുടേയും കൈയെഴുത്തുപ്രതികളുടെയും സംരക്ഷണം, എക്സിബിഷൻ ഡിസൈനർ, ടെക്സ്റ്റൈൽ ഡിസൈനർ, ക്യൂറേറ്റർ, സൗദി സംസ്കാരവുമായി ബന്ധപ്പെട്ട  അടിസ്ഥാന സാംസ്കാരിക തൊഴിലുകൾ തുടങ്ങി 80 ലധികം സാംസ്കാരിക തൊഴിലുകൾക്കാണ് ആദ്യ ഘട്ടത്തിൽ അംഗീകാരം നൽകിയത്.  പൈതൃകം, ഭാഷ, പുസ്തക പ്രസിദ്ധീകരണം, ലൈബ്രറി, ഫാഷൻ, തിയേറ്ററും അഭിനയ കലയും, പാചകകല, സിനിമ, മ്യൂസിയം, ദൃശ്യകല, ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ, വാസ്തുവിദ്യ തുടങ്ങിയ മേഖലകൾ ലക്ഷ്യമിട്ട് തൊഴിലുകൾ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. സൗദി അറേബ്യയുടെ സാംസ്കാരിക വ്യവസായം വികസിപ്പിക്കുന്നതിന് രാജ്യാന്തര നിലവാരമനുസരിച്ചായിരിക്കും തൊഴിലുകൾ. രാജ്യത്തിന്റെ സാംസ്കാരിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനും സാമൂഹികമായി സ്വാധീനമുള്ളതും ഉൽ‌പാദനപരവുമായ ഒരു വ്യവസായമാക്കി മാറ്റുന്നതിനുള്ള പ്രധാന ചുവടുവെപ്പാകും ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...