നാടണയണം; കോവിഡ് സര്‍ട്ടിഫിക്കറ്റിൽ വലഞ്ഞ് പ്രവാസി മലയാളി കുടുംബം

oman
SHARE

വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്കും സംസ്ഥാനം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ദുരിതത്തിലായി ഒമാനില്‍ പ്രവാസി മലയാളി കുടുംബം. ഞായറാഴ്ച പുറപ്പെടേണ്ട വിമാനത്തില്‍ ടിക്കറ്റെടുത്തവരാണ് വെട്ടിലായത്. കോവിഡ് പരിശോധനാഫലം വൈകുമെന്നതിനാല്‍ യാത്രമുടങ്ങുമെന്ന് ഒമാനില്‍ കുടുങ്ങിയ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. 

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മസ്കറ്റില്‍ നിന്ന് ഞായറാഴ്ച നെടുമ്പാശേരിക്ക് പുറപ്പെടുന്ന വിമാനത്തില്‍ ടിക്കറ്റെടുത്ത കുടുംബമാണിത്. പ്രവാസികള്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ബുധനാഴ്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ കൊച്ചി സ്വദേശികളായ ഇവര്‍ നെട്ടോട്ടം തുടങ്ങി. ട്രൂനാറ്റ് ടെസ്റ്റിനുള്ള സൗകര്യം ഒമാനില്‍ ഇല്ലെന്ന് അപ്പോഴാണ് മനസിലായത്. കോവിഡ് പരിശോധന നടത്താന്‍ തയ്യാറായ ആശുപത്രികളിലാണെങ്കില്‍  പി.സി.ആര്‍ ടെസ്റ്റ് മാത്രമേയുള്ളു. പരിശോധനാഫലം കിട്ടാന്‍ നാലോ അഞ്ചോ ദിവസമെടുക്കും. പ്രായമായ മാതാപിതാക്കളുടെയും കുട്ടിയുടെയും സുരക്ഷയെ കരുതി ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പലായനം ചെയ്യാനിരുന്ന പോള്‍ ചെറിയാനും ഭാര്യ റെനിക്കും ഇനി എന്തു ചെയ്യണം എന്നറിയില്ല. യാത്രമുടങ്ങിയാല്‍ പിന്നെ താമസ സ്ഥലംപോലുമില്ല.

പ്രവാസികള്‍ക്ക് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് കിറ്റ് എത്തിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞെങ്കിലും മറ്റന്നാള്‍ വിമാനത്തില്‍ കയറാനിരിക്കുന്നവര്‍ എന്തുചെയ്യുമെന്നാണ് ഇവരുടെ ചോദ്യം. സമാനമായ പ്രതിസന്ധി നേരിടുന്ന നിരവധി പ്രവാസികള്‍ മസ്കറ്റിലുണ്ടെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...