34 വര്‍ഷം പ്രവാസി; കോവിഡില്‍ ജീവന്‍ പൊലിയുമ്പോള്‍ നിളാബിന് കടം ബാക്കി

nilamudeen-family
SHARE

34 വർഷം പ്രവാസി. ഒടുവിൽ കോവിഡ് വന്നു മരിക്കുമ്പോൾ നിളാബുദീന്റെ സമ്പാദ്യം ഒരു വീടും കുറച്ചു കടവും. ഭൂരിഭാഗം പ്രവാസികളുടെയും പ്രതിനിധിയായി ഇതാ ഒരാള്‍ കൂടി. ദുബായിൽ 34 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിലാണ് കഴിഞ്ഞ മാസം 12ന് തിരുവനന്തപുരം ആറ്റിങ്ങൽ വാളക്കാട് സ്വദേശി നിളാബുദീൻ (55) കോവിഡിനു കീഴടങ്ങിയത്. യാത്രയായപ്പോൾ മിച്ചം ഒരു വീടും കുറച്ചു കടവും.  കോവിഡ് ബാധിതനായിരുന്നതിനാൽ മരുഭൂമിയിൽത്തന്നെ മണ്ണടിയേണ്ടിയും വന്നു.

കഫെറ്റീരിയയിൽ പാചകം ചെയ്തു കുടുംബം പോറ്റിയിരുന്ന നിളാബുദീൻ അനേകായിരം പ്രവാസികളുടെ പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ ജീവിതം പോലെ കഷ്ടപ്പാടുകൾക്കു നടുവിലാണ് പ്രവാസികളിൽ ഭൂരിഭാഗവും വീടിനെ കരപറ്റിക്കാൻ ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്നത്.

ആദ്യത്തെ 10 വർഷമൊഴികെ ബാക്കി വർഷങ്ങൾ ദുബായിൽ അബ്രയിലെ ചെറിയ കഫെറ്റീരിയയിൽ ഒരേ തൊഴിലുടമയുടെ കീഴിലായിരുന്നു നിളാബുദീൻ. കൊച്ചു കടമുറിയിൽ ഉരുകിത്തീർന്ന് നേടിയ തുച്ഛമായ വരുമാനം കൊണ്ട് കുറച്ചു വസ്തു മേടിച്ച് 10വർഷം മുൻപു നാട്ടിൽ വീടു വച്ചു. വീടിന്റെ മേൽക്കൂര ചോർന്നൊലിച്ചു തുടങ്ങിയപ്പോൾ ഷീറ്റിടാൻ വാങ്ങിയ കടം വീട്ടും മുൻപേ കോവിഡ് ജീവിതം കവർന്നു. ഭാര്യ നദീറയും മൂന്ന് ആൺമക്കളും അടങ്ങുന്ന കുടുംബം ബന്ധുക്കളുടെ കാരുണ്യത്തിലാണ് കഴിയുന്നത്.

മൂത്തമകൻ നിഹാസ് ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് അടുത്ത കോഴ്സിന് ചേർന്നു. രണ്ടാമത്തെ മകൻ നിഷാദ് ഡിഗ്രിക്കും മൂന്നാമത്തെയാൾ നിസാർ പ്ലസ് വണ്ണിനും. ഇവരുടെ വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം ഇനി ചോദ്യചിഹ്നം. കഫെറ്റീരിയ ഉടമ മറ്റ് ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ലെന്നും ‘നൽകാം’ എന്ന അദ്ദേഹത്തിന്റെ വാക്കിലാണ് ചെറിയ പ്രതീക്ഷയെന്നും നിളാബുദ്ദീന്റെ സഹോദരൻ ഷാജഹാൻ പറഞ്ഞു. നോർക്ക വഴി എന്തെങ്കിലും സഹായം കുടുംബത്തിന് ലഭിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. അതെ, പ്രതീക്ഷകളിലാണല്ലോ മിക്ക പ്രവാസ ജീവിതങ്ങളും അഭയം കാണുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...