ദുബായിൽ മകനൊപ്പം കോവിഡ് മുഖത്തേക്ക്, രണ്ടാൾക്കും രോഗം; ഒടുവിൽ ജയിച്ചു കയറി ഈ മലയാളി

buhari
SHARE

ആയിരക്കണക്കിന് കോവിഡ് രോഗികൾ കിടക്കുന്ന കേന്ദ്രത്തിലേക്ക് മകനെയും കൂട്ടി സന്നദ്ധ പ്രവർത്തനത്തിന് പോയ ആത്മവിശ്വാസത്തിന്റെയും സന്നദ്ധതയുടെയും മറുപേരാണ് കൂട്ടുകാർക്ക് ബുഹാരി. എന്നാൽ എല്ലാവരും ഭയപ്പെട്ടത് ഒടുവിൽ സംഭവിച്ചു. ഇരുവരും കോവിഡ് പോസിറ്റീവ്. ഏറെ കാത്തിരുന്ന ആശ്വാസ വാർത്ത കഴിഞ്ഞദിവസമെത്തി, ഇരുവരും നെഗറ്റീവായി ആശുപത്രി വിട്ടു. സന്തോഷമറിയിക്കാൻ ബുഹാരിയെ ഇപ്പോൾ വിളിക്കുന്ന എല്ലാവരും സമ്മതിക്കുന്നത് ഒരേ കാര്യമാണ്. ഇതാണ് തനി "പോസിറ്റീവ്". ബുഹാരിയെ ചികിത്സിച്ച ബർദുബായ് മെഡിയോർ ഹോസ്പിറ്റലിലെ ഡോ.സഹീറും പറഞ്ഞു, ഈ മടങ്ങിവരവ് അത്ഭുതകരമാണ്.

ദുബായിൽ സാനിറ്ററി വെയർ ബിസിനസ്സ് ചെയ്യുന്ന തലശ്ശേരി കൊടക്കാട്ടു കുന്നുമ്മൽ വീട്ടിൽ ബുഹാരി ബിൻ അബ്ദുൽ ഖാദർ(47) എട്ടോളം സന്നദ്ധ സംഘടകളുടെ ഭാരവാഹിയോ അംഗമോ ആണ്. നാട്ടിൽ ഡയാലിസ് ഉൾപ്പടെ നടത്തുന്ന സംഘടകൾ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ബുഹാരി സജീവമായി. നാട്ടിൽ നിന്ന് അവധിക്കാലം ചെലവഴിക്കാൻ എത്തിയ മൂത്ത മകൻ ബാസിൽ സമനും(18) ഒപ്പം കൂടി. സഹോദരിയുടെ മകനായ ഷഹബാസും ഒപ്പം ചേർന്നു. നാട്ടിലുള്ള ഭാര്യ ഷബാനയുടെ നൽകിയ പൂർണ പിന്തുണ കൊണ്ടാണ് സന്നദ്ധ പ്രവർത്തത്തിന് സജീവമായി ഇറങ്ങാൻ സാധിച്ചതെന്ന് ബുഹാരി പറഞ്ഞു. ബുഹാരി മറ്റ് മൂന്നുമക്കളായ മുഹമ്മദ് ഫാദിൽ, അഖീൽ ബുഹാരി, ബർസ എന്നിവരെയും നാട്ടിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമൂഹിക ജീവിതം അവർ പഠിക്കണമെന്ന ആഗ്രഹത്തോടെ. കഴിഞ്ഞ നവംബറിൽ ചൈനയിൽ പോയ ബുഹാരി കോവിഡിനെക്കുറിച്ച് കേട്ടിരുന്നു.

യുഎഇയിലെത്തി ഫെബ്രുവരി മുതൽ തന്നെ കോവിഡിനെക്കുറിച്ചുള്ള ബോധവൽക്കരണ വിഡിയോയും ബുഹാരി ചെയ്തിരുന്നു .ഇതിനിടെ മുഹമ്മദ് ബിൻ റാഷിദ് യൂണിവഴ്സിറ്റിയുടെ സമൂഹിക പ്രതിരോധം സംബന്ധിച്ച ഓൺലൈൻ കോഴ്സിലും ചേർന്ന് സർട്ടിഫിക്കറ്റും നേടി മറ്റുള്ളവരെയും ഇതിനു പ്രേരിപ്പിച്ചു. ദുബായിൽ കോവിഡ് വ്യാപനം ശക്തമായതോടെ നെയ്ഫിലും കോവിഡ് രോഗികളെ പാർപ്പിക്കുന്ന വർസാനിലും ബുഹാരി സജീവമായി. അക്കാഫ് വൊളന്റിയർ ഗ്രൂപ്പിലെ ദീപു, മുനീർ തുടങ്ങിയവർക്കൊപ്പം തുടക്കം മുതലേ രംഗത്തിറങ്ങി. സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളിക്കൊപ്പം എല്ലാ പ്രവർത്തനങ്ങളിലും സജീവമായി. വർസാനിലെ ഐസൊലേഷൻ സെന്ററിൽ അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകി.

buhari-family

കോവിഡ് രോഗികളെ എത്തിക്കൽ, ഭക്ഷണവിതരണം, ഡേറ്റാ തയ്യാറാക്കൽ, കോവിഡ് പരിശോധനാ കേന്ദ്രത്തെ സഹായിക്കൽ തുടങ്ങി എല്ലാ മേഖലകളിലും ദുബായ് പൊലീസ്, സിഡിഎ(കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി) എന്നിവർക്കൊപ്പം പ്രവർത്തിച്ചു. പലപ്പോഴും പുലർച്ചെ വരെ അത് നീണ്ടു. ദിവസങ്ങളോളം പതിനാറര മണിക്കൂറിലധികം പ്രവർത്തിച്ചു. സ്വന്തം ഷോറൂം പോലും കോവിഡ് രോഗികൾക്ക് വിതരണത്തിനുള്ള സാധനങ്ങൾ സൂക്ഷിക്കാൻ വിട്ടുനൽകി. മകൻ ബാസിലാകട്ടെ നാട്ടിലേക്ക് പോകാൻ വന്ദേ ഭാരത് മിഷനിൽ ആദ്യ വിമാനത്തിൽ യാത്രാനുമതി കിട്ടിയെങ്കിലും തന്നേക്കാൾ അർഹതപ്പെട്ട ആൾ പൊകട്ടെ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. മേയ് 17നാണ് ബുഹാരിക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഒരാഴ്ച കഴിഞ്ഞ് ചെറിയ ചുമ തുടങ്ങിയതോടെ കോവിഡ് പരിശോധന നടത്തി.

ഇതിനിടെ രണ്ടാമതും എംബസിയിൽ നിന്ന് അനുമതി കിട്ടി മകൻ നാട്ടിലേക്ക് പോകാൻ മേയ് 25ന് യാത്ര തിരിച്ച വേളയിലാണ് ബുഹാരി കോവിഡ് ബാധിതനാണെന്ന വിവരം കിട്ടിയത്. വിമാനത്താവളത്തിലേക്ക് പോയ മകൻ യാത്രയ്ക്കു മുമ്പ് അധികൃതരോട് പിതാവിന്റെ കോവിഡ് ബാധയുടെ കാര്യം പറഞ്ഞു. എന്നാൽ വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിൽ രോഗലക്ഷണം ഇല്ലാഞ്ഞതിനാൽ നാട്ടിൽ എത്തി. പിതാവ് കോവിഡ് ബാധിതനാണെന്ന വിവരം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഉടൻ അറിയിച്ചതോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് ബാസിലിനും കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. വളരെ പോസിറ്റീവായ താൻ ഇടയ്ക്കെപ്പോഴോ ചില മരണവാർത്തയടക്കം കേട്ട് പേടിച്ചപ്പോഴാവും വൈറസ് പിടികൂടിയതെന്ന് ബുഹാരി പറയുന്നു.

buhari-1

കോവിഡ് രോഗിയെ കൂടെത്താമസിച്ചവർ ഷാർജയിൽ ഇരുമ്പു വടികൊണ്ട് അടിച്ചുപുറത്താക്കിയ സംഭവവും ഗർഭിണികളുടെ നിസ്സഹായവസ്ഥയുമൊക്കെ സങ്കടപ്പെടുത്തി. എപ്പോഴോ മനസ്സിൽ ആധി കയറി. മകന്റെ കാര്യത്തിലും ആശങ്കപ്പെട്ടു. ശ്വാസം പിടിച്ചു നിർത്താനാവാതായി. മരണം മുന്നിൽക്കണ്ട നിമിഷങ്ങളായി. സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായപ്പോൾ പരിചയപ്പെട്ട ഡോ.രാഹുലാണ് മെഡിയോർ ഹോസ്പിറ്റലിൽ സൌകര്യം ചെയ്തത്. ബർദുബായ് മെഡിയോർ ഹോസ്പിറ്റലിൽ പരിശോധനക്കെത്തിയ ആദ്യദിനം ഡോ. സഹീർ തന്നെ ചേർത്തു നിർത്തി പരിശോധിച്ചതാണ് ജീവൻ തിരികെ വന്ന നിമിഷം.

ആശുപത്രിയിലായതോടെ സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് വിവരങ്ങളൊന്നും കാണാൻ കൂട്ടാക്കിയില്ല. നല്ല ചിന്തകൾ നിറയ്ക്കുന്നവ മാത്രം കണ്ടു. ഇത് വളരെ ഗുണം ചെയ്തു. ഡോക്ടർമാരെയും നഴ്സുമാരെയും പൂർണമായി വിശ്വസിച്ചു. തനിക്ക് ഇഷ്ടമുള്ള ബിരിയാണി വാങ്ങിത്തന്നു പോലും ആശുപത്രിയിൽ എല്ലാവരും സ്നേഹത്തോടെ പരിചരിച്ചു. അപ്രതീക്ഷിത ആളുകളിൽ നിന്നു പോലും ലഭിച്ച നല്ല സന്ദേശങ്ങൾ ശരിക്കും ഊർജം നൽകി. ശുഭ ചിന്തകൾ തന്നെയാണ് ശരീരത്തിന് ശേഷി നൽകുന്നതെന്ന് തിരിച്ചറിഞ്ഞതായി ബുഹാരി പറഞ്ഞു. ഇതിനൊപ്പം നല്ല ആഹാരവും കഴിക്കണം.

buhari-2

നോമ്പു കാലമായതിനാൽ വെള്ളം കുടി ഇല്ലാതിരുന്നതും പ്രശ്നമായതായി ബുഹാരി പറഞ്ഞു. ഏതായാലും വീണ്ടും ജീവിതത്തിലേക്ക് കഴിഞ്ഞദിവസം മടങ്ങി. മകനും ഇന്നലെ ആശുപത്രി വിട്ട് ഹോട്ടലിൽ ക്വാറന്റീനിൽ പോയി. ഇപ്പോൾ ശരിക്കും ഹാപ്പിയാണ് ബുഹാരി. കോവിഡിന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ചിട്ടും ഐസൊലേഷൻ മുറിയിലും വെന്റിലേറ്ററിലും എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നത്രേ. ഇപ്പോൾ അതും അറിയാൻ കഴിഞ്ഞല്ലോ എന്ന് നിറ ചിരിയോടെ പറയുന്ന ബുഹാരിക്ക് മുന്നിൽ കൊറോണ തോറ്റില്ലെങ്കിലേ അത്ഭുതമുള്ളൂ.ആയിരക്കണക്കിന് കോവിഡ് രോഗികൾ കിടക്കുന്ന കേന്ദ്രത്തിലേക്ക് മകനെയും കൂട്ടി സന്നദ്ധ പ്രവർത്തനത്തിന് പോയ ആത്മവിശ്വാസത്തിന്റെയും സന്നദ്ധതയുടെയും മറുപേരാണ് കൂട്ടുകാർക്ക് ബുഹാരി. എന്നാൽ എല്ലാവരും ഭയപ്പെട്ടത് ഒടുവിൽ സംഭവിച്ചു. ഇരുവരും കോവിഡ് പോസിറ്റീവ്. ഏറെ കാത്തിരുന്ന ആശ്വാസ വാർത്ത കഴിഞ്ഞദിവസമെത്തി, ഇരുവരും നെഗറ്റീവായി ആശുപത്രി വിട്ടു. സന്തോഷമറിയിക്കാൻ ബുഹാരിയെ ഇപ്പോൾ വിളിക്കുന്ന എല്ലാവരും സമ്മതിക്കുന്നത് ഒരേ കാര്യമാണ്. ഇതാണ് തനി "പോസിറ്റീവ്". ബുഹാരിയെ ചികിത്സിച്ച ബർദുബായ് മെഡിയോർ ഹോസ്പിറ്റലിലെ ഡോ.സഹീറും പറഞ്ഞു, ഈ മടങ്ങിവരവ് അത്ഭുതകരമാണ്.

MORE IN GULF
SHOW MORE
Loading...
Loading...