തീരുമാനം പ്രായോഗികമല്ല; ആശങ്കയിൽ വിമാനസർവീസുകളും പ്രവാസികളും

air
SHARE

ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാനസർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് പ്രവാസിമലയാളികൾ. കോവിഡ് പരിശോധനയ്ക്കുള്ള ചെലവും ഫലം വരാനുള്ള കാലതാമസവുമാണിതിന് കാരണമെന്നാണ് പ്രവാസികളുടെ പ്രതികരണം. ഇതോടെ വിവിധസംഘടനകളുടെ നൂറിലേറെ ചാർട്ടേഡ് വിമാനസർവീസുകളാണ് ആശങ്കയിലായിരിക്കുന്നത്.

കോവിഡ് വ്യാപനം കാരണം നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഗൾഫിലെ പ്രവാസിമലയാളികൾക്ക് തിരിച്ചടിയാണ് സംസ്ഥാന സർക്കാർ തീരുമാനം. നിലവിൽ യുഎഇയിൽ റാപ്പിഡ് ടെസ്റ്റും മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളിൽ തെർമൽ പരിശോധനയുമാണ് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തുന്നവർക്ക് യാത്രാനുമതി നിഷേധിക്കുകയാണ് പതിവ്. കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന സർക്കാർ ആവശ്യം പ്രായോഗികമല്ലെന്നാണ് പ്രവാസികൾ പറയുന്നത്.

ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരടക്കമാണ് മടങ്ങിവരുന്നത്. ടിക്കറ്റിനുള്ള പണത്തിനൊപ്പം കോവിഡ് പരിശോധനയ്ക്ക് പണം കണ്ടെത്തുകയെന്നത് പലർക്കും ബാധ്യതയാകും. രണ്ടു മുതൽ എട്ടു ദിവസം വരെയാണ് പരിശോധനാഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നത്. കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ പരിശോധനയ്ക്കും കാത്തിരിക്കേണ്ടിവരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...