ഗള്‍ഫില്‍ മൂന്നുലക്ഷം ക‌ടന്ന് രോഗബാധിതര്‍; കൂടുതല്‍ സൗദിയില്‍; ആശങ്ക

PTI09-06-2020_000100B
SHARE

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. സൌദിയിൽ കോവിഡ് മരണങ്ങളും രോഗബാധിതരുടെ എണ്ണവും ഉയരുന്നതാണ് വലിയ ആശങ്ക. ആകെ മരണങ്ങളിൽ പകുതിയിലധികവും സൌദിയിലാണ്. അതേസമയം, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസമാണ്.

ജനുവരി 29 ന് യുഎഇയിലാണ് ഗൾഫിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. 102 ദിവസം പിന്നിട്ടപ്പോൾ രോഗബാധിതരുടെ എണ്ണം ഒരുലക്ഷമായി. ഒരുലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷത്തിലേക്കെത്തിയത് 16 ദിവസം കൊണ്ട്. രണ്ടിൽ നിന്ന് മൂന്നിലേക്കെത്താൻ വേണ്ടിവന്നത് 15 ദിവസം മാത്രം. സൌദിയിൽ തുടർച്ചയായ ഒൻപതാം ദിവസവും 30 ൽ അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്കജനകമാണ്. ഗൾഫിൽ ആകെ മരിച്ച 1614 പേരിൽ 857 പേരും സൌദിയിലാണ്. 1738 പേരാണ് രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. തുടർച്ചയായ ആറാം ദിവസവും സൌദിയിൽ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലധികമാണ്. യുഎഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ മരണനിരക്ക് കുറയുകയും രോഗമുക്തി കൂടുന്നതും ആശ്വാസവാർത്തയാണ്. യുഎഇയിൽ പ്രവാസികളും സ്വദേശികളും അടക്കം90ലക്ഷത്തോളം പേർക്കും പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യമന്ത്രാലയം.

25ലക്ഷത്തിലധികം പേർക്കു നടത്തിയ പരിശോധനയിൽ 40,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 ശതമാനവും രോഗമുക്തരായി. കുവൈത്തിൽ രോഗബാധിതരായ100ൽ 70 പേരും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറയാത്തത് ആശങ്കപ്പെടുത്തുന്നതാണ്. ഒമാനിൽ മാത്രമാണ് രോഗമുക്തി നേടുന്നവർ 50 ശതമാനത്തിൽ താഴെയുള്ളത്. ആകെ രോഗബാധിതരിൽ 33 ശതമാനം മാത്രമാണ് രാജ്യത്ത് സുഖം പ്രാപിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...