പുണ്യമാസം പിന്നിടുമ്പോൾ ദുരിതമൊഴിയുമെന്ന് പ്രതീക്ഷയിൽ പ്രവാസലോകം

ramadan
SHARE

ഏറെ പ്രതീക്ഷകളോടെ സ്വപ്നങ്ങളോടെ കേരളത്തിൽ നിന്ന് ഈ പ്രവാസലോകത്തെത്തിയ ചിലർ ഇന്ന് ഈ ചെറിയപെരുന്നാൾ ആഘോഷിക്കാൻ നമ്മോടൊപ്പമില്ല. മഹാമാരിയിൽ ഇടറിവീണവർ. ജനിച്ച നാടിൽ അന്തിയുറങ്ങണമെന്ന ആഗ്രഹം പോലും മഹാമാരി കവർന്നെടുത്തു. അവരെ ഓർക്കാതെ ഈ പെരുന്നാൾ കടന്നുപോകുന്നില്ല. അവരുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി..

സ്വപ്നങ്ങളും പ്രതീക്ഷകളുമായി മരുഭൂമിയിലേക്ക് കടന്നുവന്നവർ. കുറേ സ്വപ്നങ്ങൾ നിറവേറ്റി. ഇനിയുമുണ്ടായിരുന്നു ചിലത് ബാക്കി. അപൂർണമായൊരു കഥ പറഞ്ഞവസാനിപ്പിച്ചതു പോലെ അവർ കടന്നു പോയി. ജനിച്ച മണ്ണിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കാത്ത ഒരു പ്രവാസിയുമുണ്ടാകില്ല. പക്ഷ, ആ മണ്ണിലേക്ക് മടങ്ങാനാകാതെ അന്നം തന്ന നാട്ടിൽ, ഈ പ്രവാസലോകത്ത് മൺമറയാൻ വിധിക്കപ്പെട്ടവർ. നൂറിലേറെ മലയാളികളാണ് ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ ഒന്നിന് തൃശൂർ സ്വദേശി പരീത് മരിച്ച വാർത്ത ആശങ്കയോടെ കേട്ട പ്രവാസിമലയാളികൾക്ക് പിന്നീട് ഓരോ മരണവാർത്തയും മരവിപ്പ് മാത്രമായിരുന്നു. 

മലയാളികളായ മൂന്ന് ആരോഗ്യപ്രവർത്തകരും കോവിഡ് മഹാമാരിയിൽ പ്രവാസലോകത്ത് മരണമടഞ്ഞു. ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രൻ നായർ മസ്ക്കറ്റിലാണ് മരിച്ചത്. തിരുവല്ല മഞ്ഞടി സ്വദേശി നഴ്സായ ആനി മാത്യു കുവൈത്തിലും കൊല്ലം സ്വദേശി നഴ്സായ ലാലി തോമസ് റിയാദിലുമാണ് മരിച്ചത്. മഹാമാരിയുടെ കാലത്ത് ആലംബമായിരുന്നവർ കീഴടങ്ങിയ ദുഖകരമായ കാഴ്ച.

ഏറ്റവുമധികം പ്രവാസിമലയാളികൾ ജീവിക്കുന്ന യുഎഇയിലാണ് ഏറ്റവുമധികം മലയാളികൾ മരിച്ചത്. യുഎഇയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന നാലിൽ ഒരാൾ മലയാളിയാണെന്നത് ആശങ്കപ്പെടുത്തുകയാണ്. ദുബായിലും അബുദബിയിലും മരണസംഖ്യ 25 വീതം കടന്നു. കുവൈത്തിലും സൌദിയിലും മലയാളികൾക്കിടയിൽ കോവിഡ് മരണങ്ങൾ ഓരോ ദിവസവും ആവർത്തിക്കുന്നു.

ഗൾഫിലെ ആകെ കോവിഡ് ബാധിതരിൽ കൂടുതലും മലയാളികളാണെന്നാണ് കണക്കുകൂട്ടുന്നത്. വരും ദിവസങ്ങളിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അതിജീവനം മനസിലുണ്ടെങ്കിലും ശരീരം ഇടറുന്ന കാഴ്ചകൾ പ്രവാസിമലയാളികളെയാകെ സങ്കടപ്പെടുത്തുന്നു. ഈ പുണ്യറമസാൻ കാലം പിന്നിടുമ്പോൾ ആ സങ്കടക്കാഴ്ചകൾക്ക് അറുതിയുണ്ടാകണമേയെന്ന പ്രാർഥന, ആഗ്രഹമാണ് ഓരോ വിശ്വാസിയുടേയും മനസുകളിൽ..

MORE IN GULF
SHOW MORE
Loading...
Loading...