ഇഫ്താർ ഭക്ഷണം വീട്ടിലെത്തിക്കുന്നു; മഹാമാരിയെയും മറികടക്കുന്ന നല്ലകാഴ്ച

ramadanfood
SHARE

പെരുന്നാൾ അവധികൾ പങ്കുവയ്ക്കലിൻറേയും കൂടിച്ചേരലുകളുടേയുമാണ്. പക്ഷേ, ഇത്തവണ അത്തരം കൂടിച്ചേരലുകളില്ല. എല്ലാവരും സ്വന്തം വീടുകളിലും താമസയിടങ്ങളിലുമായാണ് പെരുന്നാളിൻറെ ഭാഗമാകുന്നത്. കൂട്ടംചേരലുകൾ വിലക്കിയതോടെ ഓരോ താമസയിടങ്ങളും ചെറിയ പെരുന്നാൾ വേദികളായി.

പെരുന്നാൾ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. ഒരുമിച്ചു ചേരലുകളും പങ്കുവയ്ക്കലുമാണ് പെരുന്നാളിനെ കൂടുതൽ മനോഹരമാക്കുന്നത്. പക്ഷേ, ഇത്തവണ അത്തരം കൂടിച്ചേരലുകളൊന്നുമില്ല. എങ്കിലും പെരുന്നാൾ കാലം ആർക്കും ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാകരുതല്ലോ... ആയിരക്കണക്കിനു പേർക്ക് ഇഫ്താർ വിതരണം ചെയ്യുന്ന കെഎംസിസി പോലെയുള്ള സംഘനകൾ  മഹാമാരിയുടെ കാലത്തും സജീവമായി ഭക്ഷണവിതരണവുമായി രംഗത്തുണ്ട്, സാധാരണ ദുബായ് കെഎംസിസി ഓഫീസിനു മുന്നിലെ വലിയ ഇഫ്താർ കൂടാരങ്ങളിലാണ് ഭക്ഷണവിതരണമെങ്കിൽ ഇത്തവണ ഭക്ഷണം ഓരോരുത്തരുടേയും വീട്ടുപടിക്കലെത്തിക്കുകയാണ്. അഞ്ഞൂറോളം വൊളൻറിയേഴ്സ് ഒത്തുചേർന്നാണ് ഇഫ്താർ ഭക്ഷണം വീട്ടിലെത്തിക്കുന്നത്. മഹാമാരിയെയും മറികടക്കുന്ന നല്ലകാഴ്ചകൾ.

പെരുന്നാൾ സൌഹാർദങ്ങളുടേത് കൂടിയാണ്. മുതിർന്നവർ കുട്ടികൾക്കും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ സമ്മാനങ്ങൾ കൈമാറുന്ന കാലം. കുട്ടികളിൽ പലരും ആ സങ്കടവും പങ്കുവയ്ക്കുന്നുണ്ട്. പ്രിയപ്പെട്ടവരെ അടുത്തുകാണാനാകാത്തതിനൊപ്പം സമ്മാനങ്ങൾ കൂടി മിസ് ചെയ്യുന്ന ദുരിതകാലം. 

എങ്കിലും വീടുകളിൽ കളിചിരികളോടെ മഹാമാരിയെ അതിജീവിക്കുമെന്ന പ്രത്യാശയോടെ കുട്ടികൾ പെരുന്നാൾ ആഘോഷിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിൻറെ കാലത്തും റമസാനായതോടെ വിപണി അൽപം കൂടു സജീവമായിട്ടുണ്ട്. വസ്ത്രഭക്ഷണവിപണി സജീവമാകുന്നത് ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവർക്ക് ആശ്വാസകരമാണ്. റസ്റ്ററൻറുകൾ പലതും താഴിട്ടുപൂട്ടേണ്ട സാഹചര്യത്തിലേക്കെത്തിയിരിക്കുന്നു, അവിടെയാണ് റമസാൻ ഉണർവിൻറെ പ്രതീക്ഷ പങ്കുവയ്ക്കുന്നത്. എല്ലാ മേഖലയിലും ആ ഉണർവ് പ്രകടമാകട്ടെയെന്നാണ് വ്യാപാരികളുടേയും ഈ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് മലയാളികളുടേയും പ്രതീക്ഷ.

റമസാൻ കാലത്ത് ദഫ് മുട്ടും മറ്റ് കലാപരിപാടികളുമൊക്കെയായി സജീവമായിരുന്ന മലയാളി സംഘങ്ങളും ഏറെ സങ്കടത്തോടെയാണ് താമസയിടങ്ങളിൽ കഴിയുന്നത്. ആഘോഷങ്ങളില്ലാതെ, പാട്ടും തപ്പുകൊട്ടുമൊന്നുമില്ലാതെ ആദ്യമായാണ് ഇങ്ങനെയൊരു പെരുന്നാൾ ആഘോഷം.

കുവൈത്ത് യുദ്ധവും ഇറാൻ അമേരിക്ക സംഘർഷസാധ്യതകളും ഉപരോധവുമൊക്കെ കണ്ട് അതിജീവിച്ച ഗൾഫ് മേഖല ഈ മഹാമാരിയേയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസിമലയാളികളടക്കമുള്ളവർ. റമസാൻ നിലാവ് തെളിഞ്ഞതുപോലെ ജീവിതത്തിലേക്ക് മേഖലയിലേക്ക് മഹാമാരിയൊഴിഞ്ഞ് നല്ല നാളുകൾ തെളിയുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസികൾ.

MORE IN GULF
SHOW MORE
Loading...
Loading...