ജമാൽ ഖഷോഗിയുടെ കൊലപാതകികൾക്ക് മാപ്പ് നൽകി കുടുംബം

jamal-khashogi
SHARE

തുർക്കിയിൽ കൊല്ലപ്പെട്ട സൌദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഘാതകർക്ക് കുടുംബം മാപ്പ് നൽകി. ദൈവത്തിൽ നിന്നുള്ള പ്രതിഫലം  ആഗ്രഹിച്ച് മാപ്പ് നൽകുന്നതായി ജമാൽ ഖഷോഗിയുടെ മകൻ സലാഹ് ഖഷോഗി വ്യക്തമാക്കി. സൌദിയിലെ ഉന്നതസർക്കാർ ഉദ്യോഗസ്ഥരാണ് കൊലപാതകക്കേസിലെ പ്രതികൾ.

സൌദി ഭരണകൂടത്തിൻറെ വിമർശകനായിരുന്ന ജമാൽ ഖഷോഗി, 2018 ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൌദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ടത്. സൌദി സർക്കാരിലെ ഉന്നതഉദ്യോഗസ്ഥരായ പ്രതികളിൽ അഞ്ചു പൌരൻമാർക്ക് സൌദി കോടതി വധശിക്ഷ വിധിച്ചു. മൂന്നു പേർക്കു ഇരുപത്തിനാലു വർഷം കഠിനതടവ് ശിക്ഷയും വിധിച്ചിരുന്നു. വിധി വന്ന് അഞ്ച് മാസം മാസം പിന്നിടുമ്പോഴാണ് പ്രതികൾക്ക് മാപ്പ് നൽകുന്നതായി ജമാൽ ഖഷോഗിയുടെ മകൻ സലാഹ് ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചത്. റംസാൻ മാസത്തിലെ അനുഗ്രഹീത രാവിൽ ദൈവത്തിൻറെ പ്രീതി ആഗ്രഹിച്ചാണ് മാപ്പ് നൽകുന്നത്. തിന്മയുടെ പ്രതിഫലം സമാനമായ തിന്മയാണെങ്കിലും ആരെങ്കിലും മാപ്പ് നല്‍കുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്താൽ അവർക്ക് ദൈവത്തിൽ നിന്നുള്ള പ്രതിഫലമുണ്ടാകുമെന്ന ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചാണ് ട്വീറ്റ് ചെയ്തത്. അതിനാൽ രക്തസാക്ഷിയായ ജമാൽ ഖഷോഗിയുടെ മക്കൾ  ദൈവാനുഗ്രഹം ആഗ്രഹിച്ച് പിതാവിൻറെ ഘാതകർക്ക് മാപ്പ് നൽകുന്നതായി മകൻ വ്യക്തമാക്കി. 

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഖഷോഗിയുടെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണം ഏറെ വിവാദമായിരുന്നു. മുഹമ്മദ് ബിൻ സൽമാന് കേസിൽ പങ്കുണ്ടെന്ന് സി.ഐ.എ ആരോപിച്ചിരുന്നെങ്കിലും സൌദി ഭരണകൂടം അത്തരം വാദങ്ങളെ പൂർണമായും തള്ളിയിരുന്നു.  കൊലപാതകക്കേസിൽ ഒത്തുതീർപ്പു ചർച്ചകൾ നടക്കുന്നുവെന്ന് വാർത്ത വന്നിരുന്നെങ്കിലും കുടുംബാംഗങ്ങൾ അത് തള്ളിയിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...