കോവിഡ് പ്രതിസന്ധി ഗൾഫിൽ താൽക്കാലികം; തരണം ചെയ്ത് തിരിച്ചുവരും: യൂസഫലി

yusuf-ali
SHARE

കോവിഡ്–19നെ തുടർന്ന് ഗൾഫിലുണ്ടായ പ്രതിസന്ധി താൽക്കാലികമാണെന്നും അവ തരണം ചെയ്ത് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. ലുലു അടക്കമുള്ള റിട്ടെയിൽ വ്യാപാരികൾ പ്രയാസങ്ങൾ നേരിടുന്നു. എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്. കുവൈത്ത് യുദ്ധാനന്തരം ഗൾഫിൽ എണ്ണവില കുത്തനെ താഴ്ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ആളുകൾ ഭീതിപൂണ്ടിരുന്നു. എന്നാൽ, ഗൾഫ് ശക്തമായി തിരിച്ചുവന്നു. അന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയ  ലക്ഷക്കണക്കിന് പേർ  വീണ്ടും എത്തി. അതുപോലെ ഇന്നത്തെ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം സൂമിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. നിത്യജീവിതത്തിൽ മനുഷ്യർ ഏറെ കഷ്ടപ്പെടുന്നു. ഏറ്റവുമധികം ജീവിതസൗകര്യങ്ങളുണ്ടെന്ന് നമ്മളെല്ലാം കരുതുന്ന യൂറോപ്പ്–അമേരിക്കൻ രാജ്യങ്ങളിൽ പോലും ബുദ്ധിമുട്ടുകളുണ്ട്. അവരുടെ മെഡിക്കൽ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടുപോയതിനാൽ ലക്ഷത്തിലേറെ പേരാണ് മരിച്ചത്. എന്റെ പരിചയക്കാരും സുഹൃത്തുക്കളും പോലും ഇതിലുൾപ്പെട്ടു. മനുഷ്യന്റെ കഴിവിനപ്പുറceണ് ലോകത്ത് സംഭവിക്കുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡിന് പ്രതിവിധി കണ്ടുപിടിക്കുംവരെ മനുഷ്യർ സുരക്ഷിതരല്ലെന്ന് വേണം കരുതാൻ. ഇത്തരം പ്രതിസന്ധികളിലൂടെ ജീവിക്കാൻ മനുഷ്യൻ പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയെക്കുറിച്ചുള്ള ആശങ്ക

വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. പലരുടെയും ശമ്പളം 50% വരെ വെട്ടിക്കുറച്ചു. ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരുമേറെ. കേരളത്തിലേയ്ക്ക് 80% പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഇവർക്ക് ഉപജീവനമാർഗം കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങൾ മാധ്യമങ്ങളുൾപ്പെടെയുള്ളവർ ഗൗരവമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. അതുപോലെ കേരളത്തിൽ നിക്ഷേപങ്ങൾ നടത്താൻ വിദേശങ്ങളിലുള്ള മലയാളി സംരംഭകർ ശ്രദ്ധചെലുത്തണമെന്നും അതില്ലാത്തതിന്റെ പ്രയാസം പലരും ഇപ്പോൾ അനുഭവിക്കുന്നതായും യൂസഫലി പറഞ്ഞു. ഇന്ത്യയിലെ തയ്യൽക്കാർ, ബാർബർമാർ തുടങ്ങിയ ജോലി ചെയ്യുന്നവരെല്ലാം വലിയ പ്രയാസത്തിലാണ്. ലോക് ഡൗൺ വീണ്ടും നീണ്ടുപോയാൽ ഇതിലും വലിയ പ്രയാസമായിരിക്കും അനുഭവിക്കേണ്ടിവരിക. അത് ശാശ്വതമായി മറികടക്കാനുള്ള ശ്രമമാണ് വേണ്ടത്. ലുലു ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിട്ടില്ല. വരും മാസങ്ങളിൽ വെട്ടിക്കുറയ്ക്കുകയുമില്ല. ഇവരുടെയെല്ലാം നാട്ടിലെ കുടുംബങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നു

ആരോഗ്യമേഖല പോലെ തന്നെ കോവിഡ് കാലത്ത് ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഭക്ഷ്യവിതരണ മേഖല. ഇൗ പ്രതിസന്ധി തരണം ചെയ്യാൻ ലുലുവിന്റെ ഗൾഫിലെ എല്ലാ ശാഖകളിലും ഭക്ഷ്യവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്ത 9 മാസത്തേയ്ക്കുള്ള അവശ്യവസ്തുക്കൾ 3 മാസം മുൻപ് തന്നെ ലുലുവിൽ ശേഖരിച്ചു. വൈകാതെ അത് ഒരു വർഷത്തേയ്ക്കുള്ളതാക്കി മാറ്റും. വരും ദിവസങ്ങളിൽ 12 പ്രത്യേക വിമാനങ്ങളിൽ കൂടി ഭക്ഷ്യോത്പന്നങ്ങൾ കൊണ്ടുവരാനും തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. ഗള്‍ഫിലെ ദീർഘദൃഷ്ടിയുള്ള ഭരണകർത്താക്കൾ അവശ്യസാധനങ്ങൾ ഉറപ്പുവരുത്താൻ ബദ്ധശ്രദ്ധാലുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ബി.ആർ.ഷെട്ടിയുടെ പ്രശ്നമറിയില്ല; ജോയ് അറയ്ക്കലിനെ പരിചയമില്ല

യുഎഇയിൽ സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യൻ ബിസിനസുകാരൻ ബി.ആർ.ഷെട്ടിയുടെ യഥാർഥ പ്രശ്നമെന്താണെന്ന് തനിക്കറിയില്ല എന്ന് യൂസഫലി പറഞ്ഞു. ഷെട്ടി വളരെ മിടുക്കനായ ബിസിനസുകാരനായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ തകർച്ചയുടെ പിന്നിലെ കാരണം എനിക്കറിയില്ല. കോവിഡ് കാലത്ത് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ പ്രവാസി ബിസിനസുകാരൻ ജോയ് അറയ്ക്കലിനെ പരിചയമില്ലായിരുന്നു. മരിച്ചതിന് ശേഷമാണ് ഇൗ വ്യക്തിയെക്കുറിച്ച് അറിയുന്നത്. അതിന് ശേഷം മകൻ എന്നെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചാർട്ടേർഡ് വിമാനത്തിന് അനുമതി ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. മറ്റു പലരോടൊപ്പം ഞാനും ശ്രമിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് മകൻ വിളിച്ച് നന്ദിയും പറഞ്ഞു. അദ്ദേഹത്തിന്റെ പ്രശ്നവും എനിക്ക് അറിയില്ല–യൂസഫലി കൂട്ടിച്ചേർത്തു.

നോർക്ക പ്രവർത്തന പരിമിതി

നോർക്കയ്ക്ക് പ്രവാസികൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്. ഗൾഫിൽ ദുരിതമനുഭവിക്കുന്നവർക്ക് കേരളത്തിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് തുടങ്ങിയ സാമ്പത്തിക സഹായങ്ങൾ നൽ‍കുക പ്രയാസമാണ്. കാരണം അതിനുള്ള ഫണ്ട് നോർക്കയുടെ കൈവശമില്ല. എങ്കിലും തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നോർക്ക കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നു. യുഎഇയിൽ താമസ വീസയുള്ളവർക്ക് ചികിത്സയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. സന്ദർശക വീസയിലുള്ളവരുടെയും മറ്റും കാര്യങ്ങള്‍ ഇവിടുത്തെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും ഏറ്റെടുക്കണം. ഇത്തരം സംഘടനകളെ താൻ അകമഴിഞ്ഞ് സഹായിക്കാറുണ്ടെന്നും അല്ലാതെയും സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും നോർക്ക വൈസ് ചെയർമാൻ കൂടിയായ യൂസഫലി പറഞ്ഞു.

ഇന്ത്യയിലേയ്ക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിലും തടസ്സങ്ങളുണ്ട്. ഒരു വിമാനത്താവളത്തിൽ ഒരു ദിവസം എത്തേണ്ട യാത്രക്കാരുടെ എണ്ണത്തിലെ പരിമിതി, ഇവരെ ക്വാറന്റീൻ ചെയ്യിക്കാനുള്ള സംവിധാനം ഒരുക്കുന്നതിലെ പ്രയാസം, ചികിത്സ തുടങ്ങിയവയൊക്കെ പരിഗണനാർഹമാണ്.  

യുഎഇ ഭരണാധികാരികളുടെ മഹത്വം

സ്വദേശികൾ, വിദേശികൾ എന്ന വ്യത്യാസമില്ലാതെയാണ് യുഎഇയിലെ ഭരണാധികാരികൾ കോവിഡ് കാലത്ത് ജനങ്ങളെ ചേർത്തുപിടിച്ചിരിക്കുന്നത്. മരുന്നും ഭക്ഷണവും ഉറപ്പാക്കുന്ന കാര്യത്തിൽ അവർ ഏറെ ജാഗരൂകരാണ്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യൻ പ്രവാസി ക്ഷേമനിധി

ഇന്ത്യൻ എംബസിയുടെ കമ്യൂണിറ്റി ക്ഷേമനിധി ഏതൊക്കെ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും എന്ന കാര്യം എനിക്കറിയില്ല. ഒരു ജീവനക്കാരനോ തൊഴിലാളിയോ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ അയാൾക്ക് വിമാന ടിക്കറ്റ് നൽകേണ്ടത് ആ കമ്പനിയുടെ കടമയാണ്. എങ്കിലും പ്രയാസമനുഭവിക്കുന്നവർക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ആവശ്യം അധികൃതരെ അറിയിക്കാൻ ശ്രമിക്കുമെന്നും യൂസഫലി പറഞ്ഞു.

യൂസഫലിയാകാൻ ശ്രമിക്കുന്നവരോട്

ഗൾഫിൽ മറ്റൊരു യൂസഫലിയാകാൻ ശ്രമിക്കുന്ന ചെറുപ്പക്കാരോട് ഒരു കാര്യം മാത്രമേ ഉണർത്തിക്കാനുള്ളൂ– 46 വർഷത്തെ കഠിനപ്രയത്നത്തിലൂടെയാണ് ഞാൻ ഇന്നത്തെ യൂസഫലിയായിത്തീർന്നത്. പെട്ടെന്ന് എല്ലാം വെട്ടിപ്പിടിക്കാമെന്ന ചിന്ത തെറ്റാണ്. ആത്മാർഥ പരിശ്രമത്തിലൂടെ കാത്തിരിക്കുക. എന്നെക്കാൾ വലിയ ബിസിനസുകാരാകാൻ എല്ലാവർക്കും സാധിക്കട്ടെ എന്നാണ് പ്രാർഥനയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണയ്ക്ക് ശേഷം എന്ത്; പ്രാര്‍ഥനയിലൂടെ ശാന്തി

കൊറോണ വൈറസിന് ശേഷം ലോകത്തിന്റെ അവസ്ഥ എന്തെന്ന് നമുക്കാർക്കും നിർവചിക്കാനാവില്ല. ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ വിഷമങ്ങളിലൊന്ന് റമസാന്റെ അവസാന 10 ദിവസം മക്കയിലെ ഹറമിൽ ചെലവഴിക്കാൻ സാധിക്കുന്നില്ലല്ലോ എന്നതാണ്. എല്ലാവർക്കും വേണ്ടി റമസാനിന്റെ പുണ്യദിനങ്ങളിൽ പ്രാർഥിക്കുന്നുണ്ട്.  

വായനയിലൂടെ ശാന്തി

നേരത്തെ വിമാന യാത്രക്കിടെ മാത്രമേ വായിക്കുമായിരുന്നുള്ളൂ. എന്നാലിപ്പോൾ വായനയ്ക്ക് കൂടുതൽ സമയം കണ്ടെത്തുന്നതായും പ്രശസ്തമായ പല ഗ്രന്ഥങ്ങളും വായിച്ചു കഴിഞ്ഞതായും യൂസഫലി പറഞ്ഞു. 1980കളിലാണ് വായന ആരംഭിച്ചത്. ചരിത്രപുസ്തകങ്ങളും തത്ത്വചിന്തകളുമാണ് കൂടുതലും വായിക്കുന്നത്. മഹാന്മാരുടെ ജീവിതം പലപ്പോഴും അത്ഭുതപ്പെടുത്തുന്നു. ബിസിനസിൽ നിന്ന് മാറി ആത്മീയതയിലാണ് കോവിഡ് കാലത്തെ ശ്രദ്ധ–പല മഹാന്മാരുടെയും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...