മകൻ വെന്റിലേറ്ററിൽ; നാട്ടിലെത്താൻ അച്ഛനായി വിമാനത്തിലെ സീറ്റൊഴിഞ്ഞ് യുവാവ്; നൻമ

oman-anilkumar-pic
വിമാനത്തിലെ യാത്രക്കാർ, സീറ്റൊഴിഞ്ഞു നൽകിയ കൊല്ലം സ്വദേശി അനിൽ കുമാർ.
SHARE

തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മകനെ കാണാന്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി വില്ല്യംസും ഇന്ന് നാട്ടിലേക്ക് പറക്കും. രണ്ടാം ഘട്ട വിമാന സര്‍വീസിലെ ആദ്യ വിമാനത്തില്‍ തിരുവനന്തപുരത്ത് ഇറങ്ങുന്ന വില്ല്യംസ് ഇവിടെ നിന്ന് തൃശൂരിലേക്ക് പോകും. എംബസി ലിസ്റ്റില്‍ യാത്രക്ക് അവസരം ലഭിക്കാതിരുന്ന വില്ല്യംസിന് കാരുണ്യത്തിന്റെ മനസ്സോടെ സീറ്റ് ഒഴിഞ്ഞ് നല്‍കിയത്  കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍ കുമാറാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ വില്ല്യംസിന്റെ സങ്കടത്തെ കുറിച്ച് അറിഞ്ഞ അനില്‍ കുമാര്‍ സീറ്റൊഴിഞ്ഞ് കൊടുക്കുകയായിരുന്നു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭാരവാഹികളാണ് ആവശ്യമായ ഇടപെടലുകള്‍ നടത്തിയത്. അടുത്ത തിരുവനന്തപുരം വിമാനത്തില്‍ അനില്‍ കുമാറിന് നാടണയുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

വില്ല്യംസിന്റെ രണ്ട് വയസ്സുള്ള ഏക മകന്‍ സാവിയോ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മസ്‌കത്തിലെ സ്വകാര്യ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനിയറാണ് വില്ല്യംസ്. അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അനില്‍ കുമാറിന് ജോലി കൂടി നഷ്ടമായിരുന്നു. ബുആലിയിലെ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അനില്‍ കുമാര്‍. കരളിന് താഴെ ട്യൂബില്‍ കല്ലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മസ്‌കത്തില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ മഞ്ഞപ്പിത്തവും പിടിപെട്ടു.

നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് വില്ല്യസിന്റെ വിഷമങ്ങള്‍ അറിയുന്നത്. ഇതോടെ തന്റെ സീറ്റൊഴിഞ്ഞ് നല്‍കുകയായിരുന്നു അനില്‍ കുമാര്‍.

MORE IN GULF
SHOW MORE
Loading...
Loading...