കാൻസർ ബാധിച്ച് കിഡ്നി നീക്കം ചെയ്തു; കടം വീട്ടാൻ കടൽ കടന്നു; വെറുകയ്യോടെ മടക്കം

കാൻസർ ബാധിച്ച് കിഡ്നി നീക്കം ചെയ്തതിന്റെ ചികിത്സാചെലവ് വരുത്തിയ കടം വീട്ടാനാണ് തൃശൂർ പനയ്ക്കൽ ഷാജു ജോസ് (49) ദുബായിൽ ഫെബ്രുവരിയിൽ എത്തിയത്. സൃഹൃത്ത് തരപ്പെടുത്തി നൽകിയ വിസിറ്റിങ് വീസയിൽ വരുമ്പോൾ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു. എന്നാൽ കോവിഡ് എല്ലാം തകർത്തു. തന്നെയുമല്ല കിഡ്നിക്ക് വീണ്ടും ചില പ്രശ്നങ്ങളും. ജോലി ചെയ്തു കടം വീട്ടണം എന്ന ആഗ്രഹവുമായി ഷാജു ജോസ് ഇന്നലെ നാട്ടിലേക്ക് മടങ്ങി. നാട്ടിൽ ഡ്രൈവറായിരുന്നു, അവിവാഹിതൻ. ഒരു വർഷം മുമ്പാണ് കിഡ്നിക്ക് കാൻസർ ബാധിച്ചതായി കണ്ടെത്തിയത്.

കുത്തിവയ്പ് പോലും പേടിയായിരുന്ന ഷാജുവിനോട് വീട്ടുകാരും മറ്റും ആദ്യം  വിവരം പറഞ്ഞില്ല. പിന്നീട് രോഗം മൂർച്ഛിച്ചതോടെ ഇടത്തേ കിഡ്നി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നീക്കം ചെയ്തു. ഇതിന്റെ കടമെല്ലാം വീട്ടാനാണ് ഒരു സൃഹൃത്ത് ദുബായിലേക്ക് വീസ നൽകിയത്. അജ്മാനിലും ഷാർജയിലുമൊക്കെയായി ചിലരുടെ കൂടെയായിരുന്നു താമസം. കഴിഞ്ഞദിവസം വീണ്ടും ചില അസ്വസ്ഥകൾ വന്നതോടെ ഷാർജയിലെ ആശുപത്രിയിലാക്കി.

ചില ടെസ്റ്റുകൾ കൂടി വേണമെന്ന് ഡോക്ടർ പറഞ്ഞു. ചെലവ് കേട്ടപ്പോൾ തന്നെ എല്ലാം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ‘എന്ത് ചെയ്യാനാണ്, ജോലി ചെയ്ത് കടം വീട്ടാതെ പറ്റില്ലല്ലോ. നാട്ടിൽ പോയി ബാക്കി നോക്കാം- ഷാജു വിമാനത്താവളത്തിൽ വച്ച് പറഞ്ഞു. ഇപ്പോഴെങ്കിലും യാത്രാനുമതിയും ടിക്കറ്റും കിട്ടിയതിന് കോൺസുലേറ്റിലെ ആരോഗ്യ വിഭാഗത്തിലുള്ള പ്രവീണിനോടും എകെഎംഡിജിയോട്( അസ്സോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റർ ഗ്രാജുവേറ്റ്സ്) നന്ദിയും പറയുകയാണു ഷാജു.