അവസാനമായി കണ്ടു; കൂട്ടായ ഗീത ഇനിയില്ല; പൊട്ടിക്കരഞ്ഞ് വിജയകുമാർ

vijaykumar-geetha
SHARE

കണ്ണിൽ നിന്നും മനസ്സിൽ നിന്നും പ്രിയപ്പെട്ടവളുടെ ചിരിച്ച  മുഖം മായില്ല.... ഉള്ളു നുറുങ്ങുന്ന വേദനയിലും ആനമാറി വടുകമ്പാടത്തെ വിജയകുമാർ പറയുന്നു. ഇനി അവളുടെ സ്വപ്നങ്ങൾക്കായി ജീവിക്കണം. തനിക്ക് താങ്ങായി ഒപ്പം നിൽക്കാൻ ആരുണ്ട് എന്ന ചോദ്യമൊക്കെ മനസ്സിൽ ഉയരുന്നുണ്ട്. എന്നാൽ നാട്ടിലെന്നും അവളുടെ ഓർമകൾ ഒപ്പമുണ്ടാകും.... കാത്തിരിക്കാൻ ശൂന്യത മാത്രം അവശേഷിപ്പിച്ചു പ്രിയപ്പെട്ടവൾ വിട പറഞ്ഞതറിഞ്ഞു തകർന്നു പോയ വിജയകുമാറിനു പ്രിയതമയുടെ ചേതനയറ്റ ശരീരം അവസാനമായി കണ്ടപ്പോൾ പിടിച്ചു നിൽക്കാനായില്ല, പൊട്ടിക്കരഞ്ഞുപോയി... 

ദുബായിൽ നിന്നും നാട്ടിലെത്തുമ്പോൾ നിറഞ്ഞ ചിരിയോടെ കാത്തു നിൽക്കാറുണ്ടായിരുന്നു ഭാര്യ ഗീത. പ്രിയപ്പെട്ടവളുടെ മൃതദേഹം ചന്ദ്രനഗറിലെ വൈദ്യുതി ശ്മശാനത്തേക്ക് എടുത്തോടെ വിജയകുമാർ ഉള്ളിലൊതുക്കിയിരുന്ന കണ്ണീർകടൽ പുറത്തേക്ക് ഒഴുകുകയായിരുന്നു. അവളില്ലെന്ന യാഥാർഥ്യം നാട്ടിലെന്നും വേട്ടയാടുമെങ്കിലും ചിലതെങ്കിലും അവൾക്കായി ചെയ്യണമെന്ന ദൃഢനിശ്ചയം വിജയകുമാറിന്റെ വാക്കുകളിലുണ്ട്.  വീണ്ടും പ്രവാസിയാകുമോ എന്നത‌ൊന്നും പറയാനാകാത്ത മാനസികാവസ്ഥയിലാണെന്നു ജില്ലാ ആശുപത്രിയിലെ ക്വാറന്റീനിൽ കഴിയുന്ന വിജയകുമാർ പ്രതികരിച്ചു.

സർക്കാരിന്റെയും സംഘടനകളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെയാണു തനിക്ക് ഏറെ പ്രിയപ്പെട്ടവളെ അവസാനമായി ഒന്നു കാണാൻ കഴിഞ്ഞത്. അതുപോലും കഴിയാതെ പ്രവാസ ലോകത്തു കഴിയുന്നവർ ഏറെയാണ് എന്ന് ഓർക്കുമ്പോൾ നാട്ടിലെത്തിക്കാൻ ശ്രമിച്ചവരോടു വലിയ കടപ്പാടാണുള്ളത്. ശനിയാഴ്ച രാത്രി നാട്ടിലെത്തിയ വിജയകുമാറിനെ ഇന്നലെ രാവിലെ ആ‌‌രോഗ്യ വകുപ്പിന്റെ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചാണു മൃതദേഹം കാണുന്നതിനായി വൈദ്യുതി ശ്മശാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഒൻപതിനു ഹൃദയാഘാതത്തെ തുടർന്നു മരണം സംഭവിച്ച വിജയകുമാറിന്റെ ഭാര്യ ഗീതയുടെ മൃതദേഹം ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

22 വർഷത്തോളം പ്രവാസിയായി കഴിഞ്ഞ വിജയകുമാർ 2002ലാണു വിവാഹിതനാകുന്നത്. കഴിഞ്ഞ ഒൻപതാം തിയ്യതി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗീത ആശുപത്രിയിലേക്കു പോകുന്നത്. മരുന്നു വാങ്ങി തിരിച്ചെത്തിയെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോവിഡ് പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്നു പൊലീസിന്റെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങളും പൂർത്തിയാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഭാര്യയുടെ മരണ വിവരം അറിഞ്ഞതു മുതൽ വിജയകുമാർ നാട്ടിലെത്താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ നിന്നും ആരംഭിക്കുന്ന വിമാനങ്ങളിൽ മറ്റാരുടെയെങ്കിലും ഒഴിവിൽ നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ വിമാനത്താവളത്തിലെത്തി നിരാശനായി മടങ്ങേണ്ടി വന്നതു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . പ്രവാസി സംഘടനകളുടെയും സർക്കാരുകളുടെയും നിരന്തര സമ്മർദത്തിന്റെ ഫലമായാണു നാട്ടിലെത്താനുള്ള ടിക്കറ്റ് ലഭിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...