ഒടുവിൽ നാട്ടിലെത്തി; കാണാനുള്ളത് പ്രിയതമയുടെ ചേതനയറ്റ ശരീരം; കണ്ണീർ

vijayakumar-geetha-new
SHARE

കാണാനുള്ളതു പ്രിയതമയുടെ ചേതനയറ്റ ശരീരമാണ്... നെഞ്ചു പിളർക്കും വേദന കടിച്ചമർത്തി വിജയകുമാർ നാട്ടിലെത്തി. അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയ പത്നിക്ക് അന്തിമോപചാരം അർപ്പിക്കാൻ കഴിയില്ലെന്ന സ്ഥിതിയിൽ നാട്ടിലെത്താൻ ദുബായിലും നാട്ടിലുമായി ഒപ്പം നിന്നവർ ഏറെയാണ്. ഇനി ഞായറാഴ്ച ജില്ലാ ആശുപത്രിയിലെത്തി അവളെയൊന്നു കാണണം അവസാനമായി. 

ദുബായിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായ വിജയകുമാറിന്റെ ഭാര്യ ഗീത ഇൗ മാസം 10ന് ഹൃദയാഘാതം മൂലമാണ് നാട്ടിൽ മരിച്ചത്. തുടർന്ന് ഭാര്യയെ കാണാനായി നാട്ടിലേക്കു പോകാനുള്ള ഇദ്ദേഹത്തിന്റെ ശ്രമമെല്ലാം വിമാനങ്ങളിൽ സീറ്റ് ഒഴിവില്ലാത്തതിനെ തുടർന്ന് പരാജയപ്പെട്ടു. നാട്ടിലേക്കുള്ള വിമാനത്തില്‍ ആരുടെയെങ്കിലും യാത്ര ഒഴിവായാല്‍ അതു തനിക്കു ലഭിക്കുമോ എന്ന പ്രതീക്ഷയില്‍ വിജയകുമാര്‍ അന്നമുതൽ ദുബായ് വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. 

മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് എന്നിവയിലൂടെ യുഎഇയിലെ എംബസി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. പ്രിയ പത്നിയെ അവസാനമായി ഒരുനോക്കു കാണാൻ നാട്ടിലെത്താനുള്ള ശ്രമങ്ങൾക്കു കോവിഡ് കാലം പ്രതിരോധം തീർത്തതിനെ തുടർന്ന് യുഎഇയിലെ എംബസി കയറിയിറങ്ങി നടന്ന വിജയകുമാറിന്റെ വേദന മാധ്യമങ്ങളാണു പുറം ലോകത്തെ അറിയിച്ചത്.

ഇപ്പോൾ സാമൂഹിക പ്രവർത്തകനും ഇൻകാസ് നേതാവുമായ അഡ്വ.ടി.കെ.ഹാഷിക് നൽകിയ വിമാന ടിക്കറ്റിലാണ് വിജയകുമാർ ഉച്ചയോടെ ദുബായ് വിമാനത്താവളത്തിൽ നിന്നു യാത്ര തിരിച്ചത്.  ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ദുബായിൽ നിന്നു പുറപ്പെട്ട വിമാനത്തിൽ വൈകിട്ട് ആറരയോടെ കൊച്ചിയിൽ എത്തി. രാത്രി ആരോഗ്യ വകുപ്പിന്റെ നിർദേശത്തിൽ കഴിയും. ഞായറാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ജില്ലാ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കും.

ജീവിതത്തിന്റെ 22 വർഷത്തോളം പ്രവാസിയായി കഴിഞ്ഞതാണ്. 2002ൽ വിവാഹം കഴിഞ്ഞ ശേഷം തനിക്കൊപ്പം സ്വപ്നങ്ങളും സുഖദുഃഖങ്ങളും പങ്കിട്ടവൾ ഇനിയില്ല എന്ന യാഥാർഥ്യത്തെ വിജയകുമാർ വേദന കഠിച്ചമർത്തി വിശ്വസിക്കുയാണ്. ഇവർക്കു മക്കളില്ല. കഴിഞ്ഞ ശനിയാഴ്ചയാണു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ആശുപത്രിയിലേക്കു പോകുന്നത്. മരുന്നു വാങ്ങി തിരിച്ചെത്തിയെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കോവിഡ് പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്നു പൊലീസിന്റെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളും പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയുടെ മരണ വിവരം അറിഞ്ഞതു മുതൽ വിജയകുമാർ നാട്ടിലെത്താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ നിന്ന് ആരംഭിക്കുന്ന വിമാനങ്ങളിൽ മറ്റാരുടെയെങ്കിലും ഒഴിവിൽ നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ വിമാനത്താവളത്തിലെത്തി നിരാശനായി മടങ്ങേണ്ടി വന്നതു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസി സംഘടനകളുടെയും സർക്കാരുകളുടെയും നിരന്തര സമ്മർദത്തിന്റെ ഫലമാണു നാട്ടിലെത്താനുള്ള ടിക്കറ്റ് ലഭിച്ചത്. 

വിജയകുമാര്‍ ജീവിതത്തിന്റെ സുവര്‍ണ കാലങ്ങളിലേറെയും പ്രവാസിയായിരുന്നു. എന്നാല്‍ അവിടെ നിന്ന് ഇങ്ങനെയൊരു മടങ്ങി വരവ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. വിജയകുമാറിനെയും കാത്ത് ഗീതയുടെ മൃതദേഹവുമായി കാത്തിരിക്കുകയായിരുന്നു നാട്ടുകാർ ഇത്രയും ദിവസം. കോവിഡ് പരിശോധനകള്‍ നെഗറ്റീവ് ആയെങ്കിലും 17നു വിജയകുമാറിന് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മൃതദേഹം പൊലീസിന്റെ പ്രത്യേക അനുമതിയോടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

MORE IN GULF
SHOW MORE
Loading...
Loading...