സുരേഷ് ഗോപി തുണച്ചു; നാലു വയസ്സുകാരന്റെ മൃതദേഹം നാട്ടിലെത്തും; നന്ദിയോടെ കുടുംബം

suresh-gopi-boy-dubai
SHARE

ഒടുവിൽ, ചേതനയറ്റ ആ കുഞ്ഞുശരീരം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള അവസരം ഒരുങ്ങി. കുഞ്ഞു മകൻ അൽ െഎൻ അൽ തവാം ആശുപത്രി മോർച്ചറിയിൽ മരവിച്ച് കിടക്കുമ്പോൾ, രാത്രിയും പകലും പ്രാർഥനയിൽ കഴിഞ്ഞ മാതാപിതാക്കൾക്ക് ഇനി ഇത്തിരി ആശ്വസിക്കാം. ഷാർജയിൽ ഇൗ മാസം എട്ടിന് രക്താർബുദം ബാധിച്ച് മരിച്ച പാലക്കാട് തിരുവഴിയോട് ചങ്ങോത്ത് ഹൗസിൽ കൃഷ്ണദാസ്–ദിവ്യ ദമ്പതികളുടെ ഇളയമകൻ വൈഷ്ണവ് കൃഷ്ണദാസി(4)ന്റെ മൃതദേഹമാണ് നടനും എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ നൂലാമാലകൾ ഒഴിഞ്ഞ് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. 

നാളെ (ഞായർ) ഉച്ചയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 434 വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുകയെന്ന് സാമൂഹിക പ്രവർത്തകൻ എം.എസ്.ശ്രീജിത് പറഞ്ഞു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്ന് കൃഷ്ണദാസിൻ്റെയും ദിവ്യയുടെയും ആഗ്രഹമായിരുന്നു.

വിനയായത് കോയമ്പത്തൂർ പാസ്പോർട്ട്

ഷാർജ ജല വൈദ്യുതി വകുപ്പി(സേവ)ല്‍ അസി.എൻജിനീയറായ കൃഷ്ണദാസും കുടുംബവും കോയമ്പത്തൂരായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്നായിരുന്നു കൃഷ്ണദാസ്, തനിക്കും ഭാര്യ ദിവ്യ, മൂത്ത മകൾ, വൈഷ്ണവ് എന്നിവർക്കും പാസ്പോർട്ട് കരസ്ഥമാക്കിയത്. രക്താർബുദം മൂർഛിച്ച് വൈഷ്ണവ് അൽ െഎൻ അൽ തവാം ആശുപത്രിയിൽ ചികിത്സയിലായിരിക്കെ, വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേയ്ക്ക് എയർ ആംബുലൻസിൽ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇത്തരമൊരു ഗുരുതര അവസ്ഥയിൽ ആശുപത്രി അധികൃതർ അനുവാദം നൽകിയില്ല. പിന്നീട്, കുട്ടി മരിച്ചു. 

അപ്പോഴേയ്ക്കും ഇന്ത്യയിലേയ്ക്ക് പ്രത്യേക വിമാന സർവീസ് ആരംഭിച്ചതിനാൽ മൃ‍തദേഹം കൊണ്ടുപോകാനും തീരുമാനിച്ചു. പാമ്പാടി  െഎവർമഠത്തിലായിരുന്നു ദഹിപ്പിക്കേണ്ടത്. പാലക്കാട് മരണാനന്തര ചടങ്ങുകൾ നടത്താനും തീരുമാനിച്ചു. ഇതിനായി ഇൗ മാസം 12ന് ദുബായിൽ നിന്ന് കണ്ണൂരിലേയ്ക്ക് പോയ വിമാനത്തിലും പിന്നീട് മംഗളൂരു വിമാനത്തിലും കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ സാധിച്ചില്ല. കോവിഡിനെ തുടർന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച പ്രത്യേക വിമാന സർവീസ് നിയമമനുസരിച്ച് അന്യ സംസ്ഥാനക്കാരെ കൊണ്ടുപോകാൻ പാടില്ലാത്തതിനാൽ വൈഷ്ണവിന്റെ മൃതദേഹം തമിഴ്നാട്ടിലേയ്ക്ക് മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. 

ഇതേ തുടർന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രവേശനം. വിവരം അറിഞ്ഞയുടൻ തന്നെ അദ്ദേഹം കേരളാ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തുടങ്ങിയവരുമായി ബന്ധപ്പെട്ടു. വേണ്ട സഹായങ്ങൾ ചെയ്യാൻ മന്ത്രി മുരളീധരൻ ‍തന്റെ ഡെപ്യുട്ടി സെക്രട്ടറി ഡോ.നന്ദകുമാറിന് നിര്‍ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് സുരേഷ് ഗോപിയും ഡോ.നന്ദകുമാറും ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി കുട്ടിയുടെ മൃതദേഹം ദുബായ്– കൊച്ചി വിമാനത്തിൽ കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു. 

രാത്രി വൈകിയും ഇൗ കാര്യം അന്വേഷിച്ച് സുരേഷ് ഗോപി ഉദ്യോഗസ്ഥരുമായി സംസാരിക്കുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാർഥ ശ്രമമില്ലായിരുന്നുവെങ്കിൽ മൃതദേഹം കൊണ്ടുപോകുന്ന കാര്യം അനിശ്ചിതത്വത്തിലാവുകയും ചെയ്യുമായിരുന്നുവെന്ന് ശ്രീജിത് പറഞ്ഞു. ഇൗ ശ്രമങ്ങൾക്ക് തന്റെ കൂടെ നിന്ന ബിജെപി നേതാവ് പി.എസ്.ശ്രീധരൻപിള്ള, ദുബായിലെ ബിജെപി നേതാവ് പത്മകുമാർ, സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, മനീഷ് കുമാർ, രാമകൃഷ്ണൻ എന്നിവർക്ക് നന്ദി പ്രകാശിപ്പിച്ചു. 

മൃതദേഹം നാളെ രാവിലെ 11ന് ദുബായ് വിമാനത്താവളത്തിലെത്തിക്കും. ഇന്ത്യൻ സമയം വൈകിട്ട് 4.15ന് കൊച്ചിയിലെത്തുന്ന മൃതദേഹം രാത്രി പതിനൊന്നോടെ പാലക്കാട്ടെത്തുമെന്നാണ് പ്രതീക്ഷ.

MORE IN GULF
SHOW MORE
Loading...
Loading...