ഭാര്യയുടെ ചലനമറ്റ മുഖം കാണാന്‍ വഴി തെളിഞ്ഞു; ഇനി രണ്ടുനാള്‍ കണ്ണീര്‍ കാത്തിരിപ്പ്

vijayakumar-geetha
SHARE

വിജയകുമാർ ഗൾഫിലെ പ്രവാസികളുടെ കോവിഡ് കാലത്തെ വേദനിപ്പിക്കുന്ന രൂപമായിത്തീർന്നിരിക്കുന്നു, പാലക്കാട് കൊല്ലങ്കോട് ആനമാറി വടുകമ്പാടത്തെ വിജയകുമാർ. ഭാര്യ മരിച്ചിട്ട് നാട്ടിലേയ്ക്ക് പോകാൻ വേണ്ടി ഇന്ത്യൻ അധികൃതരുടെ കാലുപിടിച്ച് കരഞ്ഞ് നിരാശനായി താമസ സ്ഥലത്തേയ്ക്ക് തിരിച്ചുപോയ ഇൗ അമ്പതുകാരൻ ഗൾഫിലെ മാത്രമല്ല, കേരളത്തിലെയും നൊമ്പരമാണ്. ഒടുവിൽ, ശനിയാഴ്ച(16) വൈകിട്ട് 6.25ന് കൊച്ചിയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ടിക്കറ്റ് ലഭിച്ചെങ്കിലും ആ ദിനം വരെയുള്ള ഒാരോ നിമിഷവും ഒാരോ യുഗം പോലെ തള്ളിമാറ്റിക്കൊണ്ടാണ് ഇദ്ദേഹം ഡി െഎപിയിലെ താമസ സ്ഥലത്ത് കഴിയുന്നത്. തന്റെ 20 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇതു പോലെയൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് വിജയകുമാർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

കരഞ്ഞുകൊണ്ടേയിരിക്കുന്ന ഇദ്ദേഹത്തെ താമസ സ്ഥലത്ത് സമാധാനിപ്പിക്കുന്നത് ഒന്നിച്ച് താമസിക്കുന്ന ഒരു മലയാളിയും മൂന്നു പാക്കിസ്ഥാൻ സ്വദേശികളും. ഇത്രയും കാലം കളിചിരി തമാശകളിലൂടെ കഴിഞ്ഞിരുന്ന തങ്ങളും വിജയകുമാറിനെ പോലെ ഏറെ വിഷമത്തിലാണെന്ന് പാക്കിസ്ഥാനി യുവാവ് ബിലാൽ പറഞ്ഞു.

ദുബായിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായ വിജയകുമാർ കോവിഡിന് ശേഷം കാര്യമായ ജോലിയില്ലാതെ കഴിയുകയായിരുന്നു. വീസയുടെ കാലാവധി 3 മാസം കഴിഞ്ഞാൽ തീരും. അതിന് ശേഷം പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയാലോ എന്നാലോചിക്കുമ്പോഴായിരുന്നു, 2 ദശാബ്ദത്തോളമായി തന്റെ സന്തോഷത്തിലും സന്താപത്തിലും പങ്കുചേർന്ന പ്രിയതമയുടെ വേര്‍പാട്. ഇൗ മാസം 10ന് ഹൃദയാഘാതം മൂലമായിരുന്നു ഭാര്യ ഗീത നാട്ടിൽ അന്തരിച്ചത്. ഇതോടെ ആകെ തകർന്നുപോയ ഇദ്ദേഹം കുറേ നേരം എന്തു ചെയ്യണമെന്നറിയാതെ വിലപിച്ചു.

കൊറോണ വൈറസിനെ തുടർന്ന് നിലച്ച വിമാന സർവീസ് ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനായി പുനരാരംഭിക്കുന്നതായും ഇന്ത്യൻ എംബസിയുടെ വെബ് സൈറ്റിൽ പേര് റജിസ്ട്രേഷൻ ആരംഭിച്ചതായും വിജയകുമാർ അറിഞ്ഞിരുന്നു. നാട്ടിലേയ്ക്ക് പോകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രതിസന്ധിയിലായ ആളുകൾ ആദ്യം പോകട്ടെ എന്ന് ചിന്തിച്ചു. വൈകാതെ യാഥാർഥ്യത്തിലേയ്ക്ക് തിരിച്ചുവന്ന ഇദ്ദേഹം ഉടൻ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ തനിക്ക് പോകേണ്ട അടിയന്തര സാഹചര്യം വിശദമാക്കി പേര് റജിസ്റ്റർ ചെയ്തു. ഇൗ മാസം 11ന്  ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ്  െഎഎക്സ് 454 വിമാനത്തിൽ ഒരു സീറ്റായിരുന്നു പ്രതീക്ഷ. പക്ഷേ, എംബസിയിൽ നിന്ന് ഫോൺ കോളുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തിനെയും കൂട്ടി അബുദാബിയിൽ നേരിട്ട് ചെന്ന് അധികൃതരെ കാര്യം ധരിപ്പിച്ചു. എന്നാൽ, അവർ പരിഗണിക്കുക പോലും ചെയ്തില്ല. ടിക്കറ്റുകൾ ഇതിനകം അനുവദിച്ചുകഴിഞ്ഞു എന്നും തങ്ങൾ നിസ്സഹായരാണെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തിയപ്പോൾ താണുകേണ് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തകർന്ന മനസ്സോടെ അവിടെ നിന്ന് മടങ്ങി. 

തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിൽ ചെന്ന് ഇന്ത്യൻ കോൺസുലേറ്റ്, എയർ ഇന്ത്യാ അധികൃതരോട് കാര്യം വ്യക്തമാക്കി. സീറ്റ് ഒഴിവില്ലെന്നും ഏതെങ്കിലും യാത്രക്കാരൻ പിൻവാങ്ങുകയോ യാത്രാ തടസ്സമുണ്ടാവുകയോ ചെയ്താൽ പോകാമെന്നും പറഞ്ഞതനുസരിച്ച് ആ പ്രതീക്ഷയിൽ അവസാന നിമിഷം വരെ കാത്തിരുന്നു. ചില സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും ഇദ്ദേഹത്തിന് വേണ്ടി ശ്രമം നടത്തി. വിജയകുമാറിന് കാരുണ്യത്തിന്റെ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കാൻ കണ്ണൂലേയ്ക്കുള്ള വിമാനത്തിലെ ഒരു യാത്രക്കാരനും മുന്നോട്ടുവന്നില്ല. പിന്നീട് അന്നുതന്നെ വൈകിട്ട് 5.45ന് മംഗ്ലുരുവിലേയ്ക്ക് പറന്ന വിമാനത്തില്‍ പോകാനുള്ള ശ്രമം നടത്തിയെങ്കിലും ഇതര സംസ്ഥാനക്കാരെ കൊണ്ടുപോകാൻ ചിലർ തടസ്സമായതോടെ അതും നടന്നില്ല. വിങ്ങുന്ന മനസ്സുമായി മാധ്യമങ്ങളോട് കാര്യം വിശദമാക്കിയ ശേഷം കാരുണ്യം വറ്റിയ ഇൗ ലോകത്തോട് പരിഭവമില്ലാതെ താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു. 

ഒടുവിൽ നാട്ടിൽ ചെന്നത് 6 മാസം മുൻപ്

പ്രായമായ അമ്മയോടൊപ്പമായിരുന്നു ഭാര്യ ഗീത താമസിച്ചിരുന്നത്. ആറ് മാസം മുൻപ് വിജയകുമാർ നാട്ടിൽ ചെന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് മടങ്ങിയത്. ഇൗ ദമ്പതികൾക്ക് സന്താന സൗഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോൾ പരസ്പരം സമാശ്വസിപ്പിച്ചുകൊണ്ട് അനുജനും കുടുംബവും അമ്മയുടെ കൂടെയുണ്ടെന്ന ആശ്വാസം മാത്രം ബാക്കി. വിജയകുമാർ എത്താതെ സംസ്കരിക്കുന്നത് വേണ്ട എന്ന് ബന്ധുക്കൾ തീരുമാനിച്ചതിനാൽ മൃതദേഹം പൊലീസിന്റെ പ്രത്യേക അനുമതിയോടെ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ഗീതയ്ക്ക് കോവിഡ‍് ബാധയില്ലെന്ന് ഉറപ്പാക്കാൻ പോസ്റ്റുമോർട്ടവും ചെയ്യേണ്ടി വന്നു. പുറത്തുനിന്ന് ഫ്രീസർ വാടകയ്ക്കെടുത്ത് അതിലാണ് മൃതദേഹം പാലക്കാട് സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളത്.

MORE IN GULF
SHOW MORE
Loading...
Loading...