നാട്ടിലെത്തുന്നവരുടെ മുൻഗണന പട്ടിക തയാറാക്കാൻ ഖത്തറിൽ പ്രത്യേക സമിതി

QATAR-AIRLINES/RESULTS
SHARE

നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി പ്രത്യേക സമിതികൾ രൂപികരിച്ചു. വിവിധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി വിവിധ സംസ്ഥാനങ്ങൾക്കായി എട്ട് സമിതികളാണ് രൂപീകരിച്ചത്. അതേസമയം, ഈ മാസം ഇരുപത്താറ് മുതൽ കേരളത്തിലേക്ക്  ഖത്തർ എയർവെയ്സ് വിമാനടിക്കറ്റ് ബുക്കിങ് തുടങ്ങി.

കേരളത്തിനും മാഹിക്കുമായി അഞ്ചുപേരടങ്ങിയ ഒരു സമിതിയാണുള്ളത്. കെ.എം.വർഗീസ്, അബ്ദുൽ അസീസ്, ഗോവിന്ദ്, ബഷീർ തുവരിക്കൽ, കോയ കൊണ്ടോട്ടി എന്നിവരാണ് കേരള, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ളവ പ്രവാസികളുടെ മുൻഗണനാപട്ടിക തയ്യാറാക്കുന്നതിന് എംബസിയെ സഹായിക്കുന്നത്. എംബസിയിൽ റജിസ്റ്റർ ചെയ്തവരുടെ പട്ടിക അതാത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള സമിതിക്ക് കൈമാറും. 

ഇതിൽ നിന്നും സമിതി ഏറ്റവും അത്യാവശ്യക്കാരെ കണ്ടെത്തി മുൻഗണനാക്രമത്തിൽ തിരഞ്ഞെടുത്ത് പട്ടിക എംബസിക്ക് കൈമാറും. അന്തിമയാത്രാപട്ടിക എംബസിയാണ് തയ്യാറാക്കുന്നത്. എംബസിയുടെ ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് vbdoha.kerala@gmail.com എന്ന ഇമെയിലിലൂടെ സമിതിയെ ബന്ധപ്പെടാം. 

എക്സിറ്റ് പെർമിറ്റ് പ്രശ്നങ്ങളുള്ളവർക്ക് യാത്രാനുമതിയുണ്ടാകില്ലെന്ന് എംബസി ആവർത്തിച്ചു. അതേസമയം, ഖത്തർ എയർവെയ്സ് കേരളത്തിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നതായി അറിയിച്ചു. ഈ മാസം 26 കൊച്ചിയിലേക്കുള്ള ആദ്യ സർവീസിന് ടിക്കറ്റ് വിതരണം തുടങ്ങി. ഈ വിമാനത്തിലേക്ക് 91,000 രൂപയോളമാണ് ടിക്കറ്റ് നിരക്ക്. 

ജൂൺ ഒന്നു മുതൽ ഇൻഡിഗോ, ഒമാൻ എയർ തുടങ്ങിയവ കേരളത്തിലേക്കടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സാധാരണ നിരക്കാണ് ഈടാക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ അനുമതി ലഭിച്ച ശേഷം മാത്രമായിരിക്കും ഇന്ത്യയിലേക്കുള്ള വിമാനസർവീസിൻറെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...