അഭിപ്രായ വ്യത്യാസങ്ങളില്ല; മുടങ്ങിയ ദോഹ- തിരുവനന്തപുരം വിമാനം നാളെ പുറപ്പെടും

doha-tvm
SHARE

ഇന്നലെ മുടങ്ങിയ ദോഹ, തിരുവനന്തപുരം വിമാനസർവീസ് ഇന്ത്യൻ സമയം നാളെ വൈകിട്ട് ഏഴിന് പുറപ്പെടും. രാത്രി പന്ത്രണ്ട് നാൽപ്പതിന് തിരുവനന്തപുരത്തെത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം, അഭിപ്രായ വ്യത്യാസമാണ് വിമാനസർവീസ് മുടങ്ങാൻ കാരണമെന്ന വാർത്ത ഖത്തറിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. 

ഇരുപത് കുട്ടികളും പതിനഞ്ച് ഗർഭിണികളും ഉൾപ്പെടെ 181 യാത്രക്കാർ ഇന്നലെ ദോഹ വിമാനത്താവളത്തിലെത്തി അഞ്ച് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് സർവീസ് റദ്ദാക്കിയ വിവരം അറിയിച്ചത്. കൃത്യമായ വിശദീകരണം അറിയിക്കാതെ വിമാനം റദ്ദാക്കിയതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് 374 വിമാനം നാളെ പുറപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചത്. എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവര്‍ക്കും, വിവിധ കാരണങ്ങളാല്‍ യാത്രാ തടസ്സമുള്ളവര്‍ക്കും യാത്ര ചെയ്യാനാകില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.

 അതേസമയം, ഹാൻഡ്ലിങ് ചാർജ്, ടിക്കറ്റ് നിരക്ക്  എന്നിവയിലെ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് വിമാനസർവീസ് മുടങ്ങിയതെന്ന വാർത്തകൾ ഖത്തറിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. അത്തരം അപകടകരമായ പ്രചരണം ഒഴിവാക്കണമെന്ന് എംബസി അഭ്യർഥിച്ചു. സാങ്കേതിക പ്രശ്നങ്ങളാലാണ് വിമാനം മുടങ്ങിയതെന്നാണ് വിശദീകരണം. വന്ദേഭാരത് ദൌത്യത്തിൻറെ ഭാഗമായി ഗൾഫിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യവിമാനമാണിത്. വിവിധ ജില്ലക്കാരും തമിഴ്നാട് അടക്കം സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് ഈ വിമാനത്തിൽ നാടണയാനൊരുങ്ങുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...