മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ

uae
SHARE

ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിനു വിലക്കേർപ്പെടുത്തിയതോടെ യുഎഇയിൽ മോർച്ചറികളിലടക്കം സൂക്ഷിച്ചിരിക്കുന്നത് ഇരുപത്തേഴു ഇന്ത്യൻ പൗരൻമാരുടെ മൃതദേഹങ്ങൾ. ഡൽഹിയിൽ നിന്നും അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും  അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് മൂന്നു ഡൽഹി സ്വദേശികളുടെ മൃതദേഹങ്ങൾ തിരിച്ചയച്ചത്. അതേസമയം, ആഭ്യന്തരമന്ത്രാലയത്തിൻറെ അനുമതി  വൈകിയാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്  പ്രവാസി സാമൂഹ്യപ്രവർത്തകർ.

ഇന്ത്യൻ എംബസിയുടേതടക്കം അനുമതിയോടെ ഇത്തിഹാദ് കാർഗോ വിമാനത്തിൽ ഡൽഹിയിലേക്കു അയച്ച മൂന്നു മൃതദേഹങ്ങളാണ് അബുദാബിയിൽ തിരിച്ചെത്തിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിൻറെ അനുമതിയില്ലാത്തതിനാൽ പുറത്തിറക്കാനാകില്ലെന്നു ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചതിനെത്തുടർന്നു അതേ വിമാനത്തിൽ തിരിച്ചയച്ചു. ഈ മൃതദേഹങ്ങൾ ഇപ്പോൾ അബുദാബി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. എംബാം ചെയ്തു കഴിഞ്ഞതിനാൽ മോർച്ചറിയിലേക്കു തിരികെകൊണ്ടുപോകാനാകില്ലെന്നാണ് വിവരം. കായംകുളം സ്വദേശി ഷാജിലാലിൻരെ മൃതദേഹവും എംബാമിങ്ങിനു ശേഷം നാട്ടിലേക്കയക്കാനാകാത്തതിനാൽ  ദുബായ് വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കുവൈത്തിലും എംബാമിങ്ങിനു ശേഷം രണ്ടു മലയാളികളുടെ മൃതദേഹം നാട്ടിലേക്കു അയക്കാനാകാതെ സൂക്ഷിച്ചിട്ടുണ്ട്. സൌദി, ഖത്തർ തുടങ്ങി മറ്റു ഗൾഫ് രാജ്യങ്ങളിലും മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുന്നതിനു അനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. പ്രവാസികളോടു യാതൊരു പരിഗണനയും കാണിക്കാതെ മൃതദേഹങ്ങൾക്കു പോലും വിലക്കേർപ്പെടുത്തിയത് പിൻവലിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. കേന്ദ്രസർക്കാർ അനുമതി വൈകിയാൽ തിങ്കളാഴ്ച സുപ്രീകോടതിയിൽ ഹർജി നൽകുമെന്നു സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...