ദുബായിൽ കുടുങ്ങിയവർക്ക് ആശ്വാസം; താമസമൊരുക്കും; മുഖ്യമന്ത്രിയുടെ ഇടപെടൽ

dubai-airport-new
SHARE

യാത്രാനിരോധനത്തെത്തുടർന്നു, മലയാളികളടക്കം ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ ആശങ്കയകലുന്നു. കോവിഡ് പരിശോധന ഫലം വരുന്നതനുസരിച്ചു ഇവരെ പ്രത്യേക ഹോട്ടലിലേക്കു മാറ്റുമെന്നു അധികൃതർ അറിയിച്ചു. കുടുങ്ങിയവരുടെ കാര്യത്തിൽ സഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനു കത്തയച്ചു.

വിമാനസർവീസുകൾ നിർത്തലാക്കിയതോടെ അഞ്ചു മലയാളികളടക്കം ഇരുപതോളം ഇന്ത്യക്കാരാണ് നാലു ദിവസമായി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്. മനോരമ ന്യൂസ് വാർത്തയെത്തുടർന്നു ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ഇടപെട്ടു ഇവരുടെ  ആരോഗ്യപരിശോധന നടത്തി. പരിശോധനാ ഫലം വരുന്നതനുസരിച്ചു പ്രത്യേക ഹോട്ടലിലേക്കു മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ട്രാൻസിറ്റ് യാത്രക്കാരായതിനാൽ വിമാനത്താവളത്തിനു പുറത്തേക്കിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു.  പോർച്ചുഗലിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട തിരുവനന്തപുരം സ്വദേശികളായ ജാക്സൻ, സഹോദരൻ ബെൻസൻ, റഷ്യയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രാജു, യൂറോപ്പിൽ നിന്ന് നാട്ടിലേക്ക് തിരിച്ച അരുൺ തുടങ്ങി അഞ്ചു മലയാളികളുൾപ്പെടെയുള്ളവരാണ് വിമാനത്താവളത്തിൽ കിടന്നുറങ്ങി ജീവിച്ചുവരുന്നത്. 

ഇന്ത്യയിലേക്കു തിരികെ എത്തിക്കുന്നതുവരെ ഇവർക്കു ഭക്ഷണ താമസ സൌകര്യങ്ങൾ അടക്കമുള്ള സഹായം നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിനു കത്തയച്ചു.  ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും നോർക്ക റൂട്സുമാണ്  ഇവർക്കുസഹായമെത്തിക്കുന്നതിനുള്ള ഇടപെടൽ നടത്തിവരുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...