കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്നു; കർഫ്യൂ കടുപ്പിച്ച് സൗദി; മലയാളത്തിലും നിർദേശം

saudi-24
പ്രതീകാത്മക ചിത്രം
SHARE

കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കർഫ്യൂ നിയമങ്ങൾ കടുപ്പിച്ചു സൌദി അറേബ്യ. മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ വൈകിട്ട് മൂന്നു മുതൽ കർഫ്യൂ തുടങ്ങും. യുഎഇയിൽ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തേക്കിറങ്ങരുതെന്നു മലയാളത്തിലുള്ള നിർദേശവുമായി പൊലീസ് പട്രോളിങ് ശക്തമാക്കി. 

മൂന്നു ദിവസത്തിനിടെ അഞ്ഞൂറോളം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സൌദി കർഫ്യു സമയം ദീർഘിപ്പിച്ചത്. മക്ക,മദീന,റിയാദ് നഗരങ്ങളിൽ വൈകിട്ടു മൂന്നിനും മറ്റിടങ്ങളിൽ ഏഴിനുമാണ് കർഫ്യു തുടങ്ങുന്നത്. ഒരു പ്രവിശ്യയിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്ര വിലക്കി. സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ ഉത്തരവ് നടപ്പിലാക്കാൻ സായുധസേന രംഗത്തിറങ്ങും. കർഫ്യു നിയമം ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴയും തടവുമാണ് ശിക്ഷ. മക്ക, മദീന പള്ളികളിലെ പ്രധാന കവാടങ്ങൾ ഒഴികെയുള്ള പ്രവേശന കവാടങ്ങൾ അടച്ചു. യുഎഇയിൽ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കി.  വീടിനു പുറത്തേക്കിറങ്ങരുതെന്നു മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പൊലീസ് നിർദേശം നൽകുന്നുണ്ട്.

യുഎഇയിൽ ലുലു ഗ്രൂപ്പ് ഉൾപെടെ 22 ഓൺലൈൻ വ്യാപാര ശൃംഖലകൾ ജനങ്ങളുടെ ആവശ്യം അനുസരിച്ച് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു ടെലികോം റഗുലേറ്ററി അതോറിറ്റി അറിയിച്ചു.  സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 80 ശതമാനം പേരേയും വർക്ക് അറ്റ് ഹോം സംവിധാനത്തിലേക്കു മാറ്റണമെന്നു ദുബായ് സാമ്പത്തികകാര്യ വകുപ്പ് നിർദേശിച്ചു. ബഹ്റൈനിൽ സൂപ്പർ മാർക്കറ്റുകളടക്കം അവശ്യവസ്തുക്കളുടേതൊഴികെയുള്ള സ്ഥാപനങ്ങലെല്ലാം അടുത്തമാസം ഒൻപതുവരെ അടച്ചിടാൻ തീരുമാനിച്ചു. ജോലി, ആശുപത്രി, മരുന്നും അവശ്യവസ്തുക്കളും വാങ്ങുന്നത് എന്നിവയ്ക്കല്ലാതെ വീടിനു പുറത്തേക്കിറങ്ങരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിൻറെ നിർദേശം. 

MORE IN GULF
SHOW MORE
Loading...
Loading...