'ഗള്‍ഫുകാര്‍ കോവിഡിന്റെ ഹോള്‍സെയില്‍ ഡീലറല്ല’; മനസ്സ് മടുപ്പിക്കും അനുഭവങ്ങള്‍

nri-home
SHARE

കോവിഡ് ഭീതി 'ടേക്ക് ഒാഫ്' ചെയ്തപ്പോൾ വിഷമത്തിലായത് ഗള്‍ഫുകാര്‍. ഒരുമാസത്തെ അവധിക്കു നാട്ടിൽ പോയി പെട്ടെന്നു മടങ്ങേണ്ടിവന്നവർ നാട്ടുകാരുടെ സമീപനത്തിലെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ്.  വീട്ടിലേക്കു പിരിവുകാർ പോലും വരാതായപ്പോൾ പുറത്തേക്കിറങ്ങിയവരെ കണ്ട് നാട്ടുകാർ പലവഴിക്ക് ഒാടിയ അനുഭവമുണ്ടായവരും കുറവല്ല.

വിമാനത്താവളത്തിലും നാട്ടിലും വീട്ടിലുമെല്ലാം വൈറസ് വ്യാപനത്തിന്റെ വേഗത്തിലാണു മാറ്റങ്ങൾ. കൊറോണ വൈറസിന്റെ ഹോൾസെയിൽ ഡീലർമാരാണ് ഗൾഫുകാരെന്ന ധാരണ പലർക്കുമുള്ളതായി ഇന്നലെ പുലർച്ചെ നാട്ടിൽ നിന്നെത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.പി.ഗോവിന്ദൻകുട്ടി പറയുന്നു. മകളുടെ വിവാഹം മാറ്റിവച്ചതിനെ തുടർന്ന് ഒരുമാസത്തെ അവധി റദ്ദാക്കി ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങുകയായിരുന്നു അദ്ദേഹം. 35 വർഷമായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് അയൽക്കാരും അടുത്ത ചങ്ങാതിമാരും ഇത്രമാത്രം അകലം പാലിച്ച അനുഭവം ഇതാദ്യം.

ദുബായിലെ ടെർമിനൽ രണ്ടിൽ വിമാനമിറങ്ങി ഗ്രൗണ്ട് ബസിൽ 3 മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് അകത്തേക്കു കയറാനായത്. സ്മാർട് ഗേറ്റ് വഴി മിനിറ്റുകൾക്കുള്ളിൽ പുറത്തിറങ്ങിയിരുന്ന ഇദ്ദേഹത്തിന് ഇങ്ങനെയൊരു അനുഭവവും ആദ്യം. രണ്ടാഴ്ച സമ്പർക്ക വിലക്കിൽ കഴിയുകയും വേണം. ഫോൺ ചെയ്താൽ പോലും ചിലർ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ഇപ്പോൾ നാട്ടിലുള്ള മറ്റൊരാൾ പറയുന്നു.

ഗൾഫുകാരൻ എത്തിയതോടെ വീട്ടിലെ ജോലിക്കാർ മുങ്ങിയ അനുഭവമാണു മറ്റൊന്ന്. അകലം പാലിച്ചു ജോലി ചെയ്യുന്ന ചിലരാകട്ടെ വീട്ടിലെ വെള്ളം പോലും കുടിക്കാതായി. ഷാർജയിൽ നിന്നു വന്ന കണ്ണൂർ പെരിങ്ങോം സ്വദേശിയെ പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ബന്ധു വയക്കരയിലെ ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നു സംശയിച്ച് അന്നദാനം ഉപേക്ഷിച്ചു നാട്ടുകാർ ഒന്നടങ്കം മുങ്ങി. ഒടുവിൽ, ആയിരത്തിലേറെ പേർക്കുള്ള ഭക്ഷണം പന്നിഫാമിനു നൽകേണ്ടിവന്നു. രോഗം കോവിഡ് അല്ലെന്നു പിന്നീടു തെളിഞ്ഞു.

പ്രവാസിയെത്തിയാൽ അയൽവീടുകളിലെ ജനാല പോലും തുറക്കാത്ത സ്ഥിതിയാണ് പലയിടത്തും. പുറത്തിറങ്ങാതെ മുറിയിൽ ഒറ്റയ്ക്കു കഴിഞ്ഞ ചിലരുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കാൻ ജനാലയിലൂടെ എത്തിനോക്കിയ അയൽക്കാരുമുണ്ട്. ഭാര്യയോടും മക്കളോടും നാട്ടുകാർ അകലം പാലിക്കുന്നു. ഗൾഫ് പെർഫ്യൂമിനും പൗഡറിനും ഇത്രമാത്രം വിലയിടിഞ്ഞ സാഹചര്യമില്ലത്രേ. വൈറസ് ഫോണിലൂടെ പകർന്നാലോയെന്നു പേടിച്ചു ഗൾഫുകാരനെ വിളിക്കാതിരിക്കാനും ബുദ്ധിമാനായ മലയാളി പഠിച്ചുകഴിഞ്ഞെന്ന് നാട്ടിൽ പോയെത്തിയ ചില പ്രവാസികൾ പറയുന്നു. കുട്ടികൾക്ക് ചോക്​ലേറ്റും ബിസ്കറ്റും കൊടുത്തപ്പോൾ വാങ്ങാത്ത ബന്ധുക്കളും അയൽക്കാരുമുണ്ട്. ഈയിടെയായി കുട്ടികൾക്ക് മധുരം ഇഷ്ടമല്ലത്രേ.

MORE IN GULF
SHOW MORE
Loading...
Loading...