യുഎഇയിൽ പ്രവേശിക്കുന്നതിനു കടുത്ത നിയന്ത്രണം; പുതിയ വീസക്കാരെ തടയും

strict-restrictions-on-entry-into-the-uae
SHARE

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ യുഎഇയിലേക്കു പ്രവേശിക്കുന്നതിനു കടുത്ത നിയന്ത്രണമേർപ്പെടുത്തി. നിലവിൽ താമസവീസയുള്ളവർക്കു മാത്രമായിരിക്കും പ്രവേശനാനുമതി. സന്ദർശകവീസയടക്കം പുതിയ വീസയിലുള്ളവർക്കു പ്രവേശിക്കാനാകില്ലെന്നു അധികൃതർ വ്യക്തമാക്കി. അതേസമയം, ദുബായിലെ കോടതികളെല്ലാം അടച്ചിട്ടു.

യുഎഇയിൽ റസിഡൻസ് വീസ, അഥവാ താമസ വീസയുള്ളവർക്കു മാത്രമാണ് നിലവിൽ രാജ്യത്തേക്കു പ്രവേശിക്കാനാകുക. അതായത് യുഎഇയിൽ ജോലിയുള്ള, അവധിക്കു നാട്ടിലേക്കു പോയ പ്രവാസികൾക്കു പ്രവേശിക്കുന്നതിനു വിലക്കുണ്ടാകില്ല.

പക്ഷേ, സന്ദർശക, ബിസിനസ്, തൊഴിൽ വീസകളിൽ പുതിയതായി വരുന്നവർക്കു പ്രവേശനവിലക്കുണ്ടാകുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ വ്യക്തമാക്കി. 

നേരത്തേയുള്ള ഉത്തരവനുസരിച്ചു ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പുതിയ വീസകൾ അനുവദിക്കുന്നതിനുള്ള വിലക്കും തുടരും. ചികിത്സ പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തര വീസകൾ അനുവദിക്കുമെന്നും അറിയിച്ചു.

തൊഴിൽ വീസകൾ ലഭിച്ച് അദ്യമായി യുഎഇയിലേക്കു വരാനൊരുങ്ങിയവരെ കേരളത്തിലെ വിമാനത്താവളത്തിൽ തടഞ്ഞു. അബുദാബി വിമാനത്താവളത്തിലിറങ്ങിയ ഇത്തരം വീസയിലുള്ളവരെ തിരിച്ചയച്ചു. 

നയതന്ത്ര പാസ്പോർട്ടുള്ളവർക്കു മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ദുബായ് കോടതികളിൽ ഞായറാഴ്ച മുതൽ അടുത്തമാസം പതിനാറു വരെയുള്ള കേസ് വിചാരണകൾ മാറ്റിവച്ചു.

വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകൾക്കുള്ള സേവനങ്ങളും ലഭ്യമാകില്ല. ഓൺലൈൻ നടപടിക്രമങ്ങൾ തുടരും. അടിയന്തര സ്വഭാവമുള്ള കേസുകളുടെയും  അപ്പീലുകളുടെയും നടപടിക്രമങ്ങൾ ദുബായ് കോർട്സ് പ്രസിഡൻറിൻറെ പ്രത്യേക നിർദേശപ്രകാരം ഓൺലൈനായി ചെയ്യാനാകും.  

MORE IN GULF
SHOW MORE
Loading...
Loading...