ബാറുകളും പബുകളും അടച്ച് ദുബായ്; ആഘോഷങ്ങൾക്കും നിയന്ത്രണം; പ്രതിരോധം തീർത്ത് യുഎഇ

health-dubai-coronavirus
SHARE

കോവിഡ്–19 നെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി യുഎഇയിൽ കൂടുതൽ സുരക്ഷാ നടപടികൾ. ദുബായിൽ എല്ലാ ബാറുകളും പബുകളും ഇന്നു മുതൽ അടച്ചതായി അധികൃതർ അറിയിച്ചു. ഇൗ മാസം അവസാനം വരെയാണ് ഇവ പ്രവർത്തനരഹിതമാവുക. അബുദാബി രാജ്യാന്തര വിമാനത്താവളം ടെർമിനൽ–2 അടച്ചതായും അറിയിച്ചു. ഇതുവഴിയുള്ള എല്ലാ വിമാനങ്ങളും ടെർമിനൽ –1ലേയ്ക്ക് തിരിച്ചയച്ചു.

സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്ന് വിനോദസഞ്ചാര വ്യാപാര വിപണന വിഭാഗം അറിയിച്ചു. റസ്റ്ററന്റുകൾക്ക് പ്രവർത്തിക്കാം. എന്നാൽ മദ്യം വിൽക്കാൻ പാടുള്ളതല്ല. ആരോഗ്യ വകുപ്പു അധികൃതരുമായി ബന്ധപ്പെട്ട് തങ്ങൾ പ്രവർത്തിച്ചുവരികയാണെന്ന് ഡിടിസിഎം സപോർട് സർവീസസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ സിഇഒ അഹമദ് ഖലീഫ അൽ ഫലാസി പറഞ്ഞു.

ദുബായ് മാളിലെ വിവിധ വിനോദകേന്ദ്രങ്ങൾ, ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ് എന്നിവ താത്കാലികമായി അടച്ചതായി അധികൃതർ പറഞ്ഞു. ദുബായ് മാളിലെ അക്വേറിയം ആൻഡ് അണ്ടർവാട്ടർ സൂ എന്നിവയും അടച്ചവയിൽ ഉൾപ്പെടും. കൂടാതെ, ദുബായ് ഒാപറ, ദുബായ് െഎസ് റിങ്ക്, വിആർ പാർക് ദുബായ് തുടങ്ങിയവയും ഇൗ മാസം അവസാനം വരെ അടച്ചതായി ഇവയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഇമാർ അധികൃതർ പറഞ്ഞു. ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യസുരക്ഷയ്ക്ക് തങ്ങൾ ഏറെ പ്രാധാന്യം നൽകുന്നതായും വ്യക്തമാക്കി.

അബുദാബിയിൽ വർഷാവസാനം വരെ ടോൾ നൽകേണ്ട

അബുദാബി പ്രധാന പാതകളില്‍ സ്ഥാപിച്ച ടോൾ ഗേറ്റുകളിൽ ഇനി പണം (റോഡുചുങ്കം) അടക്കേണ്ടെന്ന് അധികൃതർ അറിയിച്ചു. കോവിഡ്–19 നെതിരെ പോരാടുന്നതിന്റെ ഭാഗമായി യുഎഇയുടെ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജിലാണ് പ്രഖ്യാപനം. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പ്രഖ്യാനം നടത്തിയത്. അബുദാബിയിൽ കമ്പനി വാഹനങ്ങൾക്ക് ഒരു വർഷത്തേയ്ക്ക് റജിസ്ട്രേഷൻ ഫീസ് ഇൗടാക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഗാദൻ 21 എന്ന പേരിലാണ് പുതിയ ഉത്തേജന പദ്ധതി നടപ്പിലാക്കുക. ഇൗ വർഷം ആദ്യത്തിലാണ് അബുദാബിയിൽ ടോൾ ഗേറ്റുകൾ സ്ഥാപിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...