ഖത്തറിൽ നിന്നും ശുഭവാർത്ത; 121 പേർ വീടുകളിലേക്ക്; പഴുതടച്ച പ്രതിരോധം

citizens
SHARE

കോവിഡ് 19 ബാധിച്ച രാജ്യങ്ങളിലൊന്നായ ഖത്തറിൽ നിന്നും ശുഭവാർത്ത. 14 ദിവസം പ്രത്യേക നിരീക്ഷണത്തിലായിരുന്ന ആദ്യ ബാച്ച് സ്വദേശി സംഘം വീടുകളിലേക്ക് മടങ്ങി. ആദ്യ ബാച്ചിലെ 121 പേരാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. 14 ദിവസത്തെ നിരീക്ഷണത്തിനിടെ രാജ്യാന്തര നിലവാരത്തിലുള്ള ലബോറട്ടറി പരിശോധനകൾ നടത്തി രോഗബാധിതരല്ലെന്ന് 100 ശതമാനം ഉറപ്പാക്കിയ ശേഷമാണ് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചതെന്ന് പ്രാഥമിക പരിചരണ കോർപറേഷൻ വ്യക്തമാക്കി.

വീട്ടിലെത്തിയാലും ഒരാഴ്ച പ്രത്യേക മുറിയിൽ താമസിക്കാൻ ഇവർക്ക് നിർദേശമുണ്ട്. ഒരു ഹോട്ടലിലാണ് ഇറാനിൽ നിന്നെത്തിയ സ്വദേശി സംഘത്തെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്. ഇറാനിൽ നിന്നെത്തിയ സംഘത്തിലെ 9 പേർക്ക് ആദ്യം തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. വൈകാതെ അവർക്കും വീട്ടിലേക്ക് മടങ്ങാനാകുമെന്ന് മന്ത്രാലയം വെളിപ്പെടുത്തി.

കോവിഡ്-19 രോഗ നിർണയത്തിനായി ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഖത്തർ ഉപയോഗിക്കുന്നത്. ദക്ഷിണ കൊറിയ കഴിഞ്ഞാൽ വൈറസ് പരിശോധനയ്ക്കായി ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഖത്തർ. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് 6,000ലേരെ പേരിലാണ് ഇതുവരെ പരിശോധന നടത്തിയതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കടൽതീരങ്ങളും നടപ്പാതകളും സ്ട്രീറ്റുകളുമെല്ലാം കഴിഞ്ഞ ദിവസം ശുചീകരിച്ചിരുന്നു. ശുചീകരണ ക്യാംപെയ്‌നിൽ പബ്ലിക് ഗാർഡനുകൾ, പാർക്കുകൾ എന്നിവിടങ്ങളും രണ്ടായിരത്തോളം മാലിന്യപ്പെട്ടികളും കഴുകി വൃത്തിയാക്കി. പബ്ലിക് പാർക്കുകളിലെ കുട്ടികളുടെ കളിസ്ഥലങ്ങളും അടച്ചു.പൊതു ഗതാഗത സർവീസുകൾ റദ്ദാക്കി. എല്ലാ സർവീസുകളും ഞായറാഴ്ച രാവിലെ 6 മുതൽ പുനരാരംഭിക്കും.

കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ട് ഫു‍ട്ബോൾ മത്സരങ്ങളിൽ കാണികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഖത്തർ ഫൗണ്ടേഷൻ താൽക്കാലികമായി അടച്ചു. ജീവനക്കാർ വീടുകളിൽ ഇരുന്ന് ഓൺലൈൻ വഴി ജോലി ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. എജ്യൂക്കേഷൻ സിറ്റിയിലെ ഖത്തർ നാഷനൽ ലൈബ്രറിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ ഓൺലൈൻ വഴി ലൈബ്രറി സേവനം ലഭ്യമാണ്. ഓക്‌സിജൻ പാർക്ക്, അൽ ഷഖബ് എന്നിവയും അടച്ചു. എജ്യൂക്കേഷൻ സിറ്റിയിലെ ട്രാം സർവീസുകളും പ്രവർത്തിക്കില്ല. ഖത്തർ ഫൗണ്ടേഷൻ റിക്രിയേഷൻ സെന്റർ, എജ്യൂക്കേഷൻ സിറ്റി ക്ലബ് ഹൗസ് എന്നിവയും അടച്ചു.

MORE IN GULF
SHOW MORE
Loading...
Loading...