മക്കയിലടക്കം മടിയില്ലാതെ നിയന്ത്രണം; കൊറോണയിൽ സൗദി കാട്ടിയ മാതൃക ഇങ്ങനെ

corona-saudi-update
SHARE

കൊറോണ വൈറസ് ബാധ അവസാനം സ്ഥിരീകരിച്ച ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. എന്നാൽ, യുഎഇയിൽ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സൗദി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ലോകത്ത് ഏറ്റവുമധികം പേർ ഒരുമിച്ചുകൂടുന്ന ഇടമാണ്  വിശുദ്ധനഗരങ്ങളായ മക്കയും മദീനയും. ഉംറ തീർഥാടനം നടക്കുന്ന കാലം. വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിനു വിശ്വാസികൾ ഇടപഴകി തീർഥാടന നഗരിയിലെത്തുന്ന അവസ്ഥ. ഏറ്റവും വിശുദ്ധമായി കരുതുന്ന മക്കയിൽ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് സൗദിയുടെ പ്രതിരോധം. ഇതിൻറെ ഭാഗമായി ഉംറ തീർഥാടനത്തിനു വിലക്ക് പ്രഖ്യാപിച്ചത് ഞെട്ടിച്ചു. ഒപ്പം ഇരു ഹറമുകളും രാത്രി നമസ്കാരത്തിനു ശേഷം പുലർച്ചെ നമസ്കാരസമയം വരെ അടച്ചിട്ടു. 

പള്ളിയില്‍ രാത്രിയിൽ പ്രാർഥനയ്ക്കിരിക്കുന്നതും നിരോധിച്ചു. മദീനയിലെ റൌദ ഷരീഫ് അടക്കം പഴയ മസ്ജിദും, ബഖീ ഖബർസ്ഥാനും അടച്ചിടാൻ തീരുമാനിച്ചു.  എല്ലാത്തിനും ഉപരിയായി ശാസ്ത്രീയമായ രീതിയിൽ അണുവിമുക്തമാക്കുന്നതും തുടങ്ങി. വിശുദ്ധജലമായ സംസം ശേഖരിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾക്കു ശേഷമുള്ള ആദ്യ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുള്ള പ്രഭാഷണത്തിലും വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള മുൻകരുതലുകളെക്കുറിച്ചാണ് പറഞ്ഞത്. 

ഇസ്​ലാം മതവിശ്വാസം അണുവിട തെറ്റാതെ തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. ആരാധനാലയങ്ങൾ സംസ്കാരത്തിൻറേയും സമൂഹത്തിന്റേയും അഭിവാജ്യഘടകമായ രാജ്യം. പക്ഷേ, സമൂഹത്തിൻറെ നല്ലതിനു വേണ്ടി, രോഗപ്രതിരോധത്തിനും വ്യാപനം തടയുന്നതിനും വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയാണ് ഈ രാജ്യം മാതൃകയാകുന്നത്. 

പതിനൊന്നു പേർക്കാണ് നിലവിൽ സൗദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരെല്ലാം ഇറാൻ സന്ദർശിച്ചു മടങ്ങിയെത്തിയവരാണ്. കൃത്യമായ വിവരങ്ങൾ നൽകി ആരോഗ്യമന്ത്രാലയം സമൂഹമാധ്യമങ്ങളിലടക്കം ബോധവൽക്കരണവുമായി സജീവമാണ്. 

മൂന്നു തവണയാണ് ഉംറ നിർവഹിക്കുന്നതിനു തടസവും മതാഫ് അടയ്ക്കേണ്ടിയും വന്നിട്ടുള്ളതെന്നു ചരിത്രം പറയുന്നു. 1941 ലുണ്ടായ പ്രളയത്തെതുടർന്നു മസ്ജിദുൽ ഹറമിൽ വെള്ളം കയറിയതോടെ തവാഫ് മുടങ്ങിയെന്നു ചരിത്രം പറയുന്നു. പിന്നീട് 1958 ൽ മസ്ജിദുൽ ഹറമിൽ തീപിടുത്തമുണ്ടായപ്പോഴും കടുത്ത നിയന്ത്രണമേർപ്പെടുത്തി. 1979 ൽ ഭീകരർ ഹറം കയ്യടിക്കയപ്പോഴും നിയന്ത്രമുണ്ടായിരുന്നു. പക്ഷേ, അന്നെല്ലാം ഹറമിനെ നേരിട്ടു ബാധിക്കുന്ന സാഹചര്യമായിരുന്നെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾ പ്രതിരോധത്തിനായാണ്. ഈ പ്രതിരോധവും നിയന്ത്രണങ്ങളും ഒരു രാജ്യത്തെ മാത്രം രക്ഷപെടുത്താനുള്ളതല്ല, ലോകത്തെ തന്നെ ഇതിലും വലിയൊരു ദുരന്തത്തിലേക്കു തള്ളിവിടാതിരിക്കാനുള്ളതാണ്.  

MORE IN GULF
SHOW MORE
Loading...
Loading...