പർദ ധരിച്ച് ജോലി സ്ഥലത്ത് എത്തി 46 ലക്ഷം കവർന്നു; കുടുക്കിയത് ശരീരഭാഷ

gulf-theft
SHARE

പർദ(അബായ) ധരിച്ചെത്തി ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് 46 ലക്ഷത്തിലേറെ രൂപ(1,46,000 ദിർഹവും 22,000 യുഎസ് ഡോളറും) കവർച്ച നടത്തിയ ഏഷ്യക്കാരനെ നാലു മണിക്കൂറിനുള്ളിൽ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.  കവർച്ച ചെയ്ത പണം പൊലീസ് കണ്ടെടുക്കുകയും കമ്പനിക്ക് തിരിച്ച് നൽകുകയും ചെയ്തു. സ്വദേശി വനിതയെന്നു തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു പ്രതി മുഖം മറയ്ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചതെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.താരിഖ് തെഹ് ലക് പറഞ്ഞു.

കമ്പനിയിൽ കവർച്ച നടന്നതായി പൊലീസിന് വിവരം ലഭിച്ചെങ്കിലും പ്രതി യാതൊരു തെളിവും ബാക്കി വച്ചിരുന്നില്ല. ഇതേത്തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. കമ്പനിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പർദ ധരിച്ച സ്ത്രീയെ കണ്ടു. ഇവരായിരിക്കാം കവർച്ച ചെയ്തതെന്ന് സംശയിച്ച പൊലീസ് തുടരന്വേഷണം ഉൗർജിതമാക്കുകയായിരുന്നു.

നാപ് കിൻ ഉപയോഗിച്ചായിരുന്നു പ്രതി പണം സൂക്ഷിച്ചിരുന്ന മേശവലിപ്പ് തുറന്നത്. എന്നാൽ വിരലടയാളം പതിയാതിരിക്കാൻ ഏറെ ശ്രദ്ധിക്കുകയും ചെയ്തു. വളരെ കഷ്ടപ്പെട്ടായിരുന്നില്ല സ്ത്രീ ഒാഫീസിനകത്തേയ്ക്ക് പ്രവേശിച്ചത് എന്നതാണ് പൊലീസിനെ അന്വേഷണം ജീവനക്കാർ കേന്ദ്രീകരിച്ചാക്കാൻ പ്രേരിപ്പിച്ചത്. തുടർന്നു ജീവനക്കാരെയെല്ലാം ചോദ്യം ചെയ്തു. കൂട്ടത്തിൽ ഒരാളുടെ ശരീരഭാഷയിൽ സംശയം തോന്നുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റും നടന്നു. കവർച്ച ചെയ്ത പണം പ്രതിയിൽ നിന്നുു കണ്ടെടുത്തു കമ്പനിയുടമയെ പൊലീസ് തിരിച്ചേൽപിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...