ദുബായിൽ അനധികൃതമായി പരസ്യം പതിക്കുന്നതിനു നിയന്ത്രണം

dubai-ad
SHARE

ദുബായിൽ അനധികൃതമായി പരസ്യങ്ങൾ പതിക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിൻ്റെ ഭംഗിക്ക് കോട്ടമുണ്ടാക്കും വിധം കെട്ടിടങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്നാണ് ഉത്തരവ്.

ദുബായ് എക്സ്പോ രണ്ടായിരത്തി ഇരുപതിനു മുന്നോടിയായി നഗരം മോടിപിടിപ്പിക്കുന്നതിൻറെ പശ്ചാത്തലത്തിലാണ് ഭരണാധികാരിയുടെ നിർദേശം ഉൾക്കൊള്ളിച്ചു ഉത്തരവ് പുറത്തിറക്കിയത്.  പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരിക്കരുത് പരസ്യങ്ങളെന്ന് ഉത്തരവിൽ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പരസ്യങ്ങളിലൂടെ കൈമാറുന്നതും നിയമ ലംഘനമായി കരുതും. 

ദുബായിലെ ഫ്രീ സോണുകളടക്കം എല്ലായിടത്തും നിയമം ബാധകമാണ്. അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിക്കാതെ പരസ്യങ്ങൾ പതിക്കുന്നത് ശിക്ഷാർഹമാണ്. ദുബായ് മുനിസിപാലിറ്റി, ആർടിഎ, സാമ്പത്തിക വികസന വിഭാഗം, ഫ്രീ സോൺ അധികൃതർ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് മാരിടൈം സിറ്റി അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ നിന്നാണ് അനുമതി വാങ്ങേണ്ടത്.  ചരിത്രപരമായ കെട്ടിടങ്ങൾ, പ്രാർഥനാലയങ്ങൾ, ശ്മശാനങ്ങൾ, ട്രാഫിക് ലൈറ്റുകൾ, സൈന്‍ ബോർഡുകൾ, ഗവ. കെട്ടിടങ്ങൾ, മരങ്ങൾ,  താമസ കെട്ടിടങ്ങൾ, അധികൃതർ നിർദേശിക്കുന്ന മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ പതിക്കാൻ പാടുള്ളതല്ല. കരാർ പ്രകാരം പരസ്യം പതിക്കാൻ അനുവദിച്ച കാലാവധി കഴിഞ്ഞാൽ അഡ്വർടൈസിങ് കമ്പനി അവ നീക്കം ചെയ്യണം. അല്ലാത്തവർക്ക് കനത്ത പിഴ ചുമത്തും. പിഴയുടെ കാര്യത്തിൽ അപ്പീൽ നൽകാനുണ്ടെങ്കിൽ 30 ദിവസത്തിനകം അധികൃതരെ സമീപിക്കണം. 

MORE IN GULF
SHOW MORE
Loading...
Loading...