‘എന്റെ ശരീരത്തിൽ അമ്മയുടെ കുഞ്ഞുവാവയുണ്ട്’; കീർത്തിയോട് ആദം പറഞ്ഞു

adam-organ-dubai
SHARE

‘ഒരുപക്ഷേ അവൾ ജനിച്ചതു തന്നെ മൂന്നു പേരെ രക്ഷപ്പെടുത്താനായിരിക്കും..’നിറഞ്ഞുതുളുമ്പിയ കണ്ണുകൾ തുടച്ച് കീർത്തി പറഞ്ഞു. ആറാം ജന്മദിനം ആഘോഷിച്ച ദിവസം ലോകത്തോടു വിടപറഞ്ഞ ദേവിശ്രീയുടെ അമ്മയാണ് കീർത്തി. തന്റെ കുഞ്ഞു മാലാഖയുടെ മൂന്ന് അവയവങ്ങൾ മൂന്നു പേരെയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് എന്ന് അഭിമാനത്തോടെ പറയുമ്പോഴും കീർത്തി വിതുമ്പി. ദേവിശ്രിയുടെ രണ്ടു വൃക്കകളും കരളുമാണ് 3 പേർക്കായി നൽകിയത്. ഒരു കിഡ്നി നൽകിയത് മലയാളിയായ ഏഴുവയസ്സുകാരൻ ആദമിനാണ്.

ആദമിനെയും കുടുംബത്തെയും കഴിഞ്ഞദിവസം ദുബായ് മുഹമ്മദ് ബിൻ റാഷിദ് യൂണിവഴ്സിറ്റിയിൽ വച്ച് കണ്ടപ്പോൾ മകളുടെ തുടിപ്പുകൾ കീർത്തി അറിഞ്ഞു. ആദമാകട്ടെ കീർത്തിയുടെ നെറുകയിൽ മുത്തം നൽകി തന്നെ ജീവത്തിലേക്കു മടക്കി കൊണ്ടുവന്നതിന് നന്ദി പറഞ്ഞു. “എനിക്ക് അറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്. അത് ദേവിശ്രീയുടെ കിഡ്നിയാണ്"”-നിഷ്ക്കളങ്കമായി ചിരിച്ച് ആദം പറഞ്ഞു. "വളരെ പക്വതയോടെയാണ് ആദം സംസാരിച്ചത്. അത് അദ്ഭുതപ്പെടുത്തി"”-അരുൺ പറഞ്ഞു. റാസൽഖൈമയിൽ ഡോക്ടറായ കോഴഞ്ചേരി മലയാറ്റ്  ദീപക് ജോൺ ജേക്കബിന്റെയും കോട്ടയം ഈരക്കടവ് മാടവന വീട്ടിൽ ഡോ. ദിവ്യ സേറ ഏബ്രഹാമിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് ആദം. ഒൻപതാം മാസം മുതൽ വൃക്ക രോഗ ബാധിതനായിരുന്നു. അബുദാബിയിൽ യുഎഇ എക്സ്ചേഞ്ചിൽ ഐടി ഉദ്യോഗസ്ഥനായ അരുണിന് ആദ്യം ലണ്ടനിലായിരുന്നു ജോലി. പിന്നീടാണ് അബുദാബിയിലേക്കു വന്നത്.

ഏകമകളായ ദേവിശ്രീയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത് കഴിഞ്ഞ വർഷം ആദ്യമാണ്. ജൂലൈ ഒന്നിന് ആറാം ജന്മദിനത്തിൽ വൈകിട്ടോടെയാണ് രോഗം മൂർച്ഛിച്ചതോടെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. അന്നു തന്നെ മസ്തിഷ്ക മരണം സംഭവിച്ചു. പിന്നാലെയാണ് അവളുടെ അവയവങ്ങൾ ദാനം ചെയ്യുന്ന കാര്യം അധികൃതർ സംസാരിച്ചത്. ദേവിശ്രീ ചെറുപ്പം മുതലേ ദാനധർമം ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്നതിനാൽ അവളുടെ ആഗ്രഹവും അതാകുമെന്ന് ഉറപ്പിച്ച് കീർത്തിയും അരുണും സമ്മതിച്ചു. ആദമിനെ കൂടാതെ അബുദാബിയിൽ തന്നെ ഒരു കുട്ടിക്കും സൗദിയിലെ ഒരു മുതിർന്ന വ്യക്തിക്കുമാണ് കിഡ്നിയും കരളും നൽകിയത്. ജൂലൈ 15ന് ആദമിന്റെ ശസ്ത്രക്രിയ നടത്തി. ആദമിനെ മാത്രമാണ് ഇതുവരെ കണ്ടതെന്ന് കീർത്തി പറഞ്ഞു. അവയവ ദാനത്തിന്റെ മഹത്വം മനസ്സിലാക്കിയ കുടുംബത്തോടുള്ള ആദര സൂചകമായി ഷെയ്ഖ് ഖലീഫ മെഡിക്കൽ സെന്ററിൽ ദേവിശ്രീയുടെ ചിത്രവും വിവരണവും അധികൃതർ പ്രദർശിപ്പിച്ചിട്ടുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...