മകളുടെ പിറന്നാളിനായി നാട്ടില്‍; അപകടത്തില്‍ നിന്ന് രക്ഷ; പിന്നാലെ മറ്റൊന്ന്; മരണം

മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിലേയ്ക്ക് പോയ പ്രവാസി മലയാളിയുടെ നാട്ടിലെ അപകട മരണം യുഎഇയിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. കൊല്ലം കല്ലുവാതുക്കൽ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു വിലാസത്തിൽ ജിജു തോമസ്(31), ജിജുവിന്റെ മാതൃസഹോദര പുത്രൻ കടയ്ക്കൽ മണ്ണൂർ മാങ്കുഴിക്കൽ പുത്തൻവീട്ടിൽ സിഞ്ചു കെ.നൈനാൻ(37) എന്നിവരാണ്  തിങ്കളാഴ്ച പുലർച്ചെ നാലിന് കൊല്ലം– തമിഴ് നാട് തിരുമംഗലം ദേശീയ പാതയിൽ അരുണാച്ചി മെയിൻ റോഡിന് സമീപത്ത് നടന്ന വാഹനാപകടത്തിൽ മരിച്ചത് . ഒരു വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇവരുടെ ജീവൻ ഉടൻ തന്നെ സംഭവിച്ച മറ്റൊരു വാഹനാപകടമാണ് തട്ടിയെടുത്തത്. 

കഴിഞ്ഞ 6 വർഷമായി യുഎഇയിലുള്ള ജിജു ദുബായ് ജുമൈറയിലെ ഒരു ഹോട്ടലിൽ കിച്ചൻ സൂപ്പർവൈസറായിരുന്നു. ഒരാഴ്ച മുൻപാണ് മകളുടെ പിറന്നാളാഘോഷിക്കാനായി നാട്ടിലേയ്ക്ക് പോയത്. ഇന്ന്(ബുധൻ) ദുബായിലേയ്ക്ക് തിരിച്ചുവരാനിരിക്കെയായിരുന്നു ദുരന്തം. പ്രവാസം മതിയാക്കി ആറ് മാസം മുൻപ് നാട്ടിലേയ്ക്ക് പോയതാണ് സിഞ്ചു. 

ബന്ധുക്കൾക്കൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ദേശീയപാതയരികിലെ ഡിവൈഡറിൽ തട്ടി നിന്നു. തുടർ യാത്ര ഈ വാഹനത്തിൽ സാധ്യമല്ലാത്തതിനാൽ ജിജുവിന്റെ ഭാര്യ ജിബി, മകൾ ജോന, മാതാവ് ചിന്നമ്മ, സഹോദരി ജിജി, സഹോദരീ ഭർത്താവ് ജിജോ എന്നിവരെ ഇതുവഴിയെത്തിയ ബസിൽ കയറ്റി വിട്ടു. തുടർന്ന് സമീപത്തെ വർക് ഷോപ്പിൽ നിന്ന് ആളെത്തി റിക്കവറി വാൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനം നീക്കം ചെയ്യുന്നതിനിടെ കോയമ്പത്തൂരിൽ നിന്നു ചെങ്കോട്ടയ്ക്ക് പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു ജിജു, സിഞ്ചു എന്നിവരെയും റിക്കവറി വാഹനത്തിന്റെ ഡ്രൈവർ ശിവകാശി സ്വദേശി രാജശേഖറി(50)നെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ‍ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു കാരണം.

യുഎഇയിൽ വൻ സുഹൃദ് വലയമുള്ളയാളാണ് ജിജു. മരണ വിവരം അറിഞ്ഞയുടൻ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായ എട്ടോളം പേർ നാട്ടിലേയ്ക്ക് പോയിരുന്നു. ഇരുവരുടെയും വിയോഗം തങ്ങളെ ഏറെ ദുഃഖിപ്പിക്കുന്നതായി ഇപ്പോൾ നാട്ടിലുള്ള ജിജുവിൻ്റെ പിതൃ സഹോദര പുത്രൻ ഷിനു ജോയ് പറഞ്ഞു.