രോഗം ചതിച്ചു; ആശുപത്രി ബില്ല് ഒരുകോടി; ദുബായിൽ ദുരിതത്തിൽ മലയാളി; വേണം കനിവ്

dubai-man-help
SHARE

40 വയസ്സേയുള്ളു അനിൽ സാമുവൽകുട്ടിക്ക്. പുതിയൊരു കമ്പനിയിൽ ജോലിക്കു കയറാമെന്ന പ്രതീക്ഷയുമായി ദുബായിൽ എത്തിയതാണ്. പക്ഷേ ഇപ്പോൾ ദുബായ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിലും തീവ്രപരിചരണവിഭാഗത്തിലുമായി കഴിയുന്നു. രണ്ടര മാസത്തോളമായി ഈ കിടപ്പ് തുടങ്ങിയിട്ട്. ഇതിനകം ഒരുകോടിയോളം രൂപയായി ആശുപത്രി ബില്ല്. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതിന്റെ ഇരയാണ് അനിലും. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് അനിലിന്റെ ബന്ധുവായ അനീഷ്.

ദുബായിൽ കമ്പനിയിൽ ഇലക്ട്രീഷനായിരുന്നു മാവേലിക്കര കുന്നം വലിയപറമ്പിൽ തെക്കേ വീട്ടിൽ അനിൽ സാമുവൽകുട്ടി. എന്നാൽ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ ആറുമാസം മുമ്പ് കുറേ ജീവനക്കാരെ നാട്ടിലേക്ക് അയച്ചതിനൊപ്പം അനിലിനെയും വിട്ടു. രണ്ടുമാസത്തെ ശമ്പളവും നൽകാനുണ്ടായിരുന്നു. നാട്ടിലേക്ക് അയച്ചേക്കാം എന്ന് ഉറപ്പ് നൽകിയിരുന്നതെങ്കിലും അതു ലഭിച്ചില്ലെന്ന് അനീഷ് പറഞ്ഞു. 

നാട്ടിലാകട്ടെ ക്യാൻസർ രോഗിയും വിധവയുമായ ഏക സഹോദരിയെയും മകളെയും നോക്കേണ്ട ഉത്തരവാദിത്വവും അനിലിനുണ്ട്. അനിലിന് ഒമ്പതിലും ഏഴിലും പഠിക്കുന്ന രണ്ട് പെൺമക്കളാണ്. ഭാര്യയ്ക്കു ജോലിയില്ല.

നാട്ടിൽ ദുരിതമേറിയപ്പോൾ ചില കൂട്ടുകാരുടെ സഹായത്തോടെ ദുബായിലെ മറ്റൊരു കമ്പനിയിൽ ജോലിക്കു കയറാനായി ടിക്കറ്റും മറ്റും സ്വന്തമായി എടുത്ത് ഇവിടേക്കു നവംബർ മൂന്നിന് വന്നു. ഖിസൈസിൽ പഴയ കമ്പനിയുടെ ലേബർ ക്യാംപിലാണ് താമസിച്ചത്. അവരുടെ വീസ ക്യാൻസലാക്കി വേണം പുതിയതിന് അപേക്ഷിക്കാൻ. എന്നാൽ ശമ്പള കുടിശിക നൽകാൻ കഴിയാത്തതിനാൽ വീസ റദ്ദാക്കാൻ കമ്പനി തയാറായില്ല. ഇതിനിടെയാണ് ദുരിതമായി വയറുവേദന തുടങ്ങിയത്. 

ആദ്യം അടുത്തുള്ള ക്ലിനിക്കിലാണ് പോയത്. ആദ്യദിവസത്തെ പരിശോധനയക്കും ടെസ്റ്റിനുമെല്ലാം 450 ദിർഹമായെന്ന് അനീഷ് പറഞ്ഞു. വേദന സംഹാരി കഴിച്ച് ആശ്വസിച്ചു. എന്നാൽ വീണ്ടും വേദന കലശലായതോടെ പഴയ കമ്പനിക്കാർ തന്നെ ദുബായ് ഹോസ്പിറ്റലിലാക്കി. എന്നാൽ അവർ ചില തെറ്റായ വിവരങ്ങൾ നൽകിയതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ ആശുപത്രിക്കാർ തയാറായില്ലെന്ന് അനീഷ് പറഞ്ഞു. തീരെ അവശനായ അനിലിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയിലുമല്ലെന്ന് ആശുപത്രിക്കാർ പറഞ്ഞതോടെ ഇവിടെ ചികിത്സ തുടങ്ങുകയായിരുന്നു. 

കിഡ്നിയേയും മിക്ക ആന്തരീക അവയവങ്ങളേയും രോഗം ബാധിച്ചു. കരൾ വീക്കവും ഉണ്ടായിരുന്നു. ഇതിനിടെ 24 മണിക്കൂറും ഡയാലിസിസും നടത്തേണ്ട സാഹചര്യവും വന്നു. പാൻക്രിയാസ് ഒഴിച്ചുള്ള ഭാഗങ്ങൾ ഇപ്പോൾ ഏതാണ്ട് ശരിയായിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് അരുൺ വെളിപ്പെടുത്തി. പക്ഷേ ഇത്രയുമായപ്പോഴേക്കും ഒരോകോടിയോളം രൂപ ചെലവായിട്ടുണ്ട്. 

കോൺസുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥയിൽ എത്തില്ലായിരുന്നെന്ന് അരുൺ പറയുന്നു. സുമനസ്സുകളുടെ സഹായമേ ഇനി മാർഗമുള്ളൂ. നാട്ടിലെത്തിയാലും തുടർചികിത്സയുടെ കാര്യം എങ്ങനെയാവുമെന്ന് അറിയില്ലെന്ന് അരുൺ പറഞ്ഞു. 

ഫോൺ. 0549905271

MORE IN GULF
SHOW MORE
Loading...
Loading...