ഇന്ത്യയുടെ റിപ്പബ്ളിക് ദിനം ആഘോഷിച്ച് ഗൾഫ് രാജ്യങ്ങൾ

republic
SHARE

ഇന്ത്യയുടെ റിപ്പബ്ളിക് ദിനം ആഘോഷിച്ച് ഗൾഫ് രാജ്യങ്ങളും. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും സ്കൂളുകളിലും സംഘടനകളിലും ദേശീയപതാക ഉയർത്തിയായിരുന്നു ആഘോഷപരിപാടികൾ. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ ഇന്ത്യൻ ജനതയ്ക്ക് ആശംസ നേർന്നു.

യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി പവൻ കുമാർ ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ളിക് ദിനാഘോഷങ്ങൾക്കു തുടക്കമായി.

തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം സ്ഥാനപതി വായിച്ചു. വിവിധ സംഘടനാ പ്രതിനിധികളും, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും തൊഴിലാളികളും ആഘോഷങ്ങളുടെ ഭാഗമായി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ വിപുൽ പതാക ഉയർത്തി. സൌദി അറേബ്യയിലെ റിയാദ് എംബസി കാര്യാലയത്തിലും ജിദ്ദയിലെ കോൺസുലേറ്റിലും നൂറോളം പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യത്തിലായിരുന്നു റിപ്പബ്ളിക് ദിനാഘോഷം.

ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും ത്രിവർണപതാക ഉയർത്തി. സൌദി ഭരണാധികാരി സൽമാൻ രാജാവ്, കിരാടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ രാഷ്ട്രപതി റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ ജനതയ്ക്കും ആശംസാസന്ദേശം അയച്ചു. വിവിധ സ്കൂളികളിൽ ദേശഭക്തിഗാനാലാപനവും ഇന്ത്യൻ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.

ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ ദേശീയ പതാകയിലെ ത്രിവർണമണിഞ്ഞാണ് ഇന്ത്യൻ ജനതയ്ക്ക് ആദരവർപ്പിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...