സൗദിയിലെ പാസ്പോർട്ട് വിഭാഗത്തിൽ എല്ലാ വിദേശികളും റജിസ്റ്റർ ചെയ്യണമെന്ന് നിർദേശം

സൗദിയിലെ പാസ്പോർട്ട് വിഭാഗത്തിൻറെ ഓൺലൈൻ പോർട്ടലായ അബ്ഷിറിൽ എല്ലാ വിദേശികളും റജിസ്റ്റർ ചെയ്യണമെന്ന് ജവാസത്ത് നിർദേശം. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാത്തവർക്കു സർക്കാരിൻറെ വിവിധ സേവനങ്ങൾ ലഭിക്കില്ല. 

സൗദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് പോര്‍ട്ടലായ അബ്ഷിര്‍ പോര്‍ട്ടലില്‍ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലാത്ത എല്ലാവരും എത്രയും വേഗം റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണമെന്ന് ജവാസത്ത് വിഭാഗം നിർദേശിച്ചു. 

 11 ദശലക്ഷം പേര്‍ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ തൊഴിലുടമകൾ നൽകുന്ന സേവനങ്ങൾ ലഭ്യമാകൂ. പാസ്‌പോര്‍ട്ട്, തൊഴില്‍, ഗതാഗതം തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനും ഇതു സഹായകരമാകും. ഓഫീസുകളിൽ നേരിട്ടു പോയി ലഭ്യമാക്കേണ്ട പല സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാനാകുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. ആഭ്യന്തര മന്ത്രാലയം വഴിയുള്ള സേവനങ്ങൾ പൂർണമായും ഓൺലൈനാക്കുന്നതിൻറെ ഭാഗമായി കൂടുതൽ സേവനങ്ങൾ അടുത്തിടെ അബ്ഷിറിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്തികളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും സേവനങ്ങൾക്കു പുറമേ സർക്കാർ സ്ഥാപനങ്ങൾക്കുള്ള സേവനങ്ങളും അബ്ഷിറിൽ ലഭ്യമാണ്.