'ഖാബൂസിൻറെ പാത പിന്തുടരും'; ഒമാന്റെ പുതിയ ഭരണാധികാരി ചുമതലയേറ്റു ‌

oman-sultan
SHARE

സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ഒമാൻറെ ഭരണാധികാരിയായി ചുമതലയേറ്റു. സുൽത്താൻ ഖാബൂസിൻറെ പാത പിൻതുടരുമെന്ന സുൽത്താൻ ഹൈതത്തിൻറെ വാക്കുകൾ പ്രതീക്ഷയുടേതാണ്. സൌഹാർദത്തിൻറേയും സഹിഷ്ണുതയുടേയും നയം തുടരുമെന്ന പ്രതീക്ഷ.

സുൽത്താൻ ഖാബൂസ് ബിൻ സഇദ് അൽ സഇദിൻറെ പിൻഗാമി ആരായിരിക്കുമെന്നത് വർഷങ്ങളായുള്ള ചർച്ചാവിഷയമായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരവും കരുതിവച്ചിട്ടായിരുന്നു സുൽത്താൻ ഖാബൂസിൻറെ യാത്ര. സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് എന്ന രാജകുടുംബാംഗം സുൽത്താൻ ഖാബൂസിൻറെ പിൻഗാമിയായി ജനുവരി 11 നു ചുമതലയേറ്റു. സാംസ്‌കാരിക, പൈതൃക മന്ത്രിയായി സേവനം ചെയ്തുവരികയായിരുന്നു സുൽത്താൻ ഹൈതം.  അധികാര കസേര ഒഴിഞ്ഞു മൂന്ന് ദിവസത്തിനകം പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്നാണ് ഒമാനിലെ ചട്ടം. സുൽത്താൻ ഖാബൂസിൻറെ ഹിതപ്രകാരം രാജ്യത്തിൻറെ നിയമപ്രകാരമാണ് സുൽത്താൻ ഹൈതം ഒമാൻറെ ഭരണസാരഥ്യമേറ്റെടുത്തത്. 

ചുമതലയേറ്റതിനു പിന്നാലെ സുൽത്താൻ ഹൈതം രാജ്യത്തെ അഭിസംബോധന ചെയ്തു. സുൽത്താൻ ഖാബൂസിന്റെ പാത പിന്തുടർന്ന് എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദ ബന്ധം പുലർത്തുമെന്നായിരുന്നു പ്രഖ്യാപനം. അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നു വ്യക്തമാക്കിയ സുൽത്താൻ, അറബ് സഹകരണ കൗൺസിലിലെ ഇതരരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു. മേഖലയെ സംഘർഷ വിമുക്തമാക്കാൻ അറബ് രാഷ്ട്ര സഖ്യവുമായി തുടർന്നും സഹകരിക്കുമെന്നും വ്യക്തമാക്കി. ഗൾഫ് മേഖലയിൽ സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഏറെ പ്രതീക്ഷ പകരുന്ന വാക്കുകൾ.

സുൽത്താൻ ഖാബൂസിനു കീഴിൽ ഒമാൻ 2040 ൻറെ ചെയർമാനായിരുന്ന സുൽത്താൻ ഹൈതം വികസനരംഗത്തും മുൻഗാമിയുടെ പാത സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ആളോഹരി വരുമാനം 90 ശതമാനം വർധിപ്പിക്കുക, ആഭ്യന്തര വളർച്ച പ്രതിവർഷം അഞ്ച് ശതമാനം ഉയർത്തുക, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ ആഭ്യന്തര വളർച്ച പത്ത് ശതമാനമാക്കുക, എണ്ണയിതര മേഖലയിൽ നിന്നുള്ള ആഭ്യന്തര വളർച്ചാ പദ്ധതി 90 ശതമാനം ഉയർത്തുക, സ്വകാര്യ മേഖലയിൽ 40 ശതമാനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് വിഷൻ 2040 ലൂടെ രാജ്യം ലക്ഷ്യമിടുന്നത്. സുൽത്താൻ ഹൈതത്തിൻറെ നേതൃത്വത്തിൽ അതിലേക്കുള്ള ചുവടുവയ്പ്പിനാകും ഒമാൻ ഇനി സാക്ഷ്യം വഹിക്കുക.

ഒമാൻ വിഷൻ 2040.. സുൽത്താൻ ഹൈതത്തിൻറെ നേതൃത്വത്തിൽ ഒമാനിലെ സാമ്പത്തിക, സാമൂഹിക, അടിസ്ഥാനവികസന രംഗത്തെ പ്രതീക്ഷ.

വിവിധ രാഷ്ട്രത്തലവൻമാർ ഒമാനിലെത്തി സുൽത്താൻ ഹൈതവുമായി കൂടിക്കാഴ്ച നടത്തി.  സൌദി ഭരണാധികാരി സൽമാൻ രാജാവ്, യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, റാസൽ ഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മൽഖുവൈൻ ഭരണാധികാരികൾ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ ഭരണാധികാരികൾ, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൌലി, നെതർലൻഡ് രാജാവ് വില്യം അലക്സാണ്ടർ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ തുടങ്ങിയവർ ഒമാനിൽ നേരിട്ടെത്തി ചുമതലയേറ്റതിൽ അഭിനന്ദനം അറിയിക്കുകയും സുൽത്താൻ ഖാബൂസിൻറെ മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു.

1954ല്‍ ജനിച്ച സുൽത്താൻ ഹൈതം ഓക്‌സ്‌ഫോര്‍ഡ് സർവകലാശാലയിൽ നിന്നും  ഫോറീന്‍ സര്‍വീസ് പ്രോഗ്രാമില്‍ ബിരുദം നേടിയിട്ടുണ്ട്. പീംബോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു ഉന്നതപഠനം പൂർത്തിയാക്കിയത്. വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പരിചയത്തിലൂടെയും ആർജിച്ച കരുത്തുമായി സുൽത്താൻ ഖാബൂസ് നടന്ന വഴികളിലൂടെ, ഒരു ജനതയെ, ഒപ്പമുള്ള മലയാളികളടക്കമുള്ള പ്രവാസികളെ, വികസനവഴിയിലേക്കു നയിക്കുകയെന്നതാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിൻറെ ചുമതല. ആ ചുമതല ഏറ്റവും ഭംഗിയായി നിർവഹിക്കാനാകട്ടെയെന്നാണ് ഒമാനെ സ്നേഹിക്കുന്നവരുടെ ആശംസ

MORE IN GULF
SHOW MORE
Loading...
Loading...