ഒമാനെ സുവര്‍ണഭൂമിയാക്കിയ ഖാബൂസ്; ശൂന്യതയില്‍ അറബ് ലോകം

gulf-thisweek
SHARE

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇദ് അൽ സഇദ് വിടപറഞ്ഞു. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. സുൽത്താൻ ഖാബൂസിൻറെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികളോടെ ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്കു കടക്കുന്നു.

അല്ലാഹുവിലും അവനിലുമുള്ള വിശ്വാസത്താലും വളരെ സങ്കടത്തോടെയും അഗാധമായ ദുഖത്തോടും കൂടി, സർവ്വശക്തനായ അല്ലാഹുവിന്റെ ഹിതത്തിന് പൂർണ്ണമായ സംതൃപ്തിയോടും പൂർണ്ണമായ സമർപ്പണത്തോടും കൂടി സുൽത്താൻ ഖാബൂസ് ബിൻ സഇദ് അൽ സഇദ് വിടപറഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു. 

പതിനൊന്നാം തീയതി ശനിയാഴ്ച പുലർച്ചെ ഒമാൻ റോയൽ കോർട്ടിൻറെതായുള്ള പ്രസ്താവന ഔദ്യോഗിക ടിവിയിലൂടെ പ്രഖ്യാപിച്ചതോടെ ഒമാൻ നിശ്ചലമായി. ഒമാൻറെ വികസനത്തുടിപ്പിൽ ഓരോ ഇഞ്ചിലും പേരുചേർക്കപ്പെട്ടിരുന്ന പ്രിയപ്പെട്ട ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇദ് അൽ സഇദ് വിടപറഞ്ഞിരിക്കുന്നു. ശൂന്യതയിൽ നിന്നും വികസനത്തിൻറെ സുവർണഭൂമിയാക്കി ഒമാനെ മാറ്റിയ ഭരണാധികാരി.

മരണത്തെതുടർന്നു രാജ്യത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയോടെ മരിച്ച സുൽത്താൻ ഖാബൂസിനു കബറടക്കമൊരുക്കിയത് ഒമാൻ സമയം ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ മസ്കറ്റ് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിലായിരുന്നു.

1970 ജൂലൈ ഇരുപത്തി മൂന്നിനാണ് സുൽത്താൻ  ഖാബൂസ് ബിൻ സയിദ് അൽ സയിദ് ഒമാൻറെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ‘എന്റെ പ്രിയജനങ്ങളേ, ഇന്നലെ വരെ നാം ഇരുട്ടിലായിരുന്നു. നാളെ പ്രകാശത്തിന്റെ പുതുപുലരിയെന്ന പ്രതീക്ഷയുടെ സ്വരമായിരുന്നു സുൽത്താൻ ഖാബൂസ്. അടിമത്വം നിയമം മൂലം നിരോധിച്ചു കൊണ്ടായിരുന്നു സാമൂഹിക വികസനത്തിലേക്കുള്ള ചുവടുവയ്പ്പ്. ഖാബൂസ് ഭരണമേൽക്കുമ്പോൾ മസ്കത്തിൽ ആകെയുണ്ടായിരുന്നത് 10 കിലോമീറ്റർ ടാർ റോഡ്, 12 മോട്ടർ വാഹനങ്ങൾ, 3 സ്കൂൾ, 5 ചെറിയ ആശുപത്രികൾ, 2 ചെറിയ കൊട്ടാരങ്ങൾ..ശൂന്യതയിൽ നിന്നും ഒമാൻ എന്ന രാജ്യത്തിൻറെ ഉയർത്തെഴുന്നേൽപ്പിനായിരുന്നു തുടർന്നു ലോകം സാക്ഷിയായത്.  മസ്ക്റ്റ് ആൻഡ് ഒമാൻ എന്ന പേരിൽ നിന്നും സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേരിലേക്കുള്ള മാറ്റം, വികസന മാറ്റങ്ങളുടെ തുടക്കമായി. എണ്ണഉൽപ്പാദനത്തിലൂടെ മുൻനിര രാജ്യങ്ങളുടെ ഗണത്തിലേക്കു മാറിയതോടെ 1970 കളിൽ മലയാളികളടക്കമുള്ള പ്രവാസികൾ ഒമാനിലേക്കു ചേക്കേറിത്തുടങ്ങി. 

മസ്കത്ത്, സലാല എന്നിവടങ്ങളിൽ പുതുതായി നിർമ്മിച്ച രാജ്യാന്തര വിമാനത്താവളങ്ങൾക്കൊപ്പം ആഭ്യന്തര സർവീസിനായി വിവിധയിടങ്ങളിൽ ചെറു വിമാനത്താവളങ്ങളും നിർമ്മിച്ചു. മൂന്ന് സ്കൂളുകൾ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ സർക്കാർ സ്വകാര്യ മേഖലയിലടക്കം 1100 സ്കൂളുകളുണ്ട്. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതോടൊപ്പം ഒമാന്റെ തനത് സംകാരവും പൈതൃകവും കാത്തു സൂക്ഷിക്കുന്നതിൽ പ്രതിഞ്ജാബദ്ധനായിരുന്നു സുൽത്താൻ 

ഒമാൻ ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യരംഗത്ത് പുതിയ പരിഷ്കാരങ്ങളാണ് സുൽത്താൻ ഖാബൂസ് ഉറപ്പാക്കിയത്. രണ്ട് സർക്കാർ ആശുപത്രികളുടെ സ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളുള്ള അറുപതോളം ഗവ. ആശുപത്രികളും 150 ലധികം ആരോഗ്യ കേന്ദ്രങ്ങളും ഇന്നു ഒമാനിലുണ്ട്. പുതിയ ആശുപത്രികൾ തുടങ്ങുകയും മലയാളികളടക്കമുള്ള ഡോക്ടർമാരെ  സ്വാഗതം ചെയ്യുകയും ചെയ്തു. ഒമാൻ പൗരത്വവും ഉന്നത സിവിലിയൻ ബഹുമതിയും ആദ്യം നേടിയ മലയാളി ഡോ.സി.തോമസ്,   ആരോഗ്യരംഗത്തെ സുൽത്താൻറെ പരിഷ്കാരങ്ങളെ അഭിമാനത്തോടെ ഓർക്കുന്നു.

അറബ് മേഖലയിൽ ഏറ്റവുമധികം കാലം ഒരു രാജ്യത്തിൻറെ സാരഥിയായിരുന്ന ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. ഭരണത്തിലേറി അൻപതാം വർഷത്തിലേക്കു കടക്കുമ്പോഴായിരുന്നു മരണം. അരനൂറ്റാണ്ട് പിന്നിട്ട ഭരണത്തിലൂടെ മേഖലയിലും ലോകത്തും സമാധാനത്തിൻറെ വക്താവായാണ് സുൽത്താൻ ഖാബൂസ് നിറഞ്ഞുനിന്നത്. ഇസ്രയേൽ പലസ്തീൻ കലഹം, അമേരിക്ക ഇറാൻ പ്രശ്നങ്ങൾ എന്നിവയിൽ സുൽത്താൻ മധ്യസ്ഥനായി ഇടപെട്ടിരുന്നു. സൌദി അടക്കമുള്ള നാലു രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോഴും സുൽത്താൻ സമാധാനത്തിനായി നിലകൊണ്ടു. എല്ലാ രാജ്യങ്ങളോടും സൌഹാർദപരമായ നയതന്ത്രബന്ധമാണ് ഒമാൻ സ്വീകരിച്ചു പോരുന്നത്. ചർച്ചകളിലൂടെയും സമാധാന ചർച്ചകളിലൂടെയും മധ്യസ്ഥതയിലൂടെയും രാജ്യാന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ലോകത്തെ സമാധാന പ്രേമികളായ രാജ്യങ്ങളുമായി യോജിച്ച് പ്രവർത്തിക്കുകയെന്നതാണ് ഒമാൻറെ വിദേശകാര്യനയം.

അടിസ്ഥാന സൌകര്യങ്ങളൊരുക്കിയും തൊഴിലവസരങ്ങൾ വർധിപ്പിച്ചുമാണ് സുൽത്താൻ ഖാബൂസ് ജനങ്ങളുടെ പിന്തുണനേടിയത്. രാജ്യമാകെ സഞ്ചരിച്ച് നേരിട്ടു പരാതി കേൾക്കാൻ സുൽത്താൻ ഖാബൂസ് തുടങ്ങിയ മജ്‌ലിസ് ഏറെ പ്രയോജനകരമായി. ഒപ്പം പലയിടങ്ങളിലായി കൂടാരങ്ങളിൽ ാമസിച്ചു സാധാരണജനങ്ങളിൽ നിന്നും ഭരണം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നേരിട്ടു സ്വീകരിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു. സുൽത്താനെ സമീപിച്ചവർക്കെല്ലാം  പ്രശ്നപരിഹാരം ഉറപ്പായിരുന്നു. 

ഇന്ത്യൻ ജനതയോട്, മലയാളികളോട് എന്നും സ്നേഹവും ബഹുമാനവും പുലർത്തിയ ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. പള്ളികളും ക്ഷേത്രങ്ങളും നിർമിക്കാൻ സ്ഥല സൌകര്യങ്ങളും പ്രവാസിക്ഷേമത്തിനായുള്ള പദ്ധതികളും സുൽത്താൻ ഉറപ്പാക്കി. ഇന്ത്യയുമായി പ്രതിരോധസഹകണം തുടങ്ങിയ ആദ്യ ഗൾഫ് രാജ്യമായി ഒമാൻ മാറിയത് സുൽത്താനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൻറെ തെളിവായി. രാജീവ് ഗാന്ധി, നരസിംഹറാവു, അടൽ ബിഹാരി വാജ്പേയ്, ഡോ.മൻമോഹൻ സിങ്, നരേന്ദ്രമോദി എന്നീ അഞ്ചു പ്രധാനമന്ത്രിമാരാണ് ഇക്കാലയളവിൽ ഒമാൻ സന്ദർശിച്ചത്. 

1996 ൽ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമ ഒമാൻ സന്ദർശിച്ചപ്പോൾ, സുൽത്താൻ ഖാബൂസ് സ്വയം വാഹനമോടിച്ച് അതിഥിയായി മാറി. ഇത്ര പ്രിയമെന്തെന്ന ചോദ്യത്തോട് ‘ഇത് എന്റെ ഗുരുവിനോടുള്ള കടപ്പാടെന്നായിരുന്നു സുൽത്താൻറെ മറുപടി. ണെയിലെ സ്വകാര്യ സ്ഥാപനത്തിൽ സുൽത്താൻ ഖാബൂസ് പഠിക്കുമ്പോൾ അവിടെ പ്രഫസറായിരുന്നു ശർമ. അതേസമയം, മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ യെമനിൽ ഭീകരരുടെ തടവിൽ നിന്നും മോചിതനാക്കുന്നതിലും സുൽത്താൻ ഖാബൂസിൻറെ ശക്തമായ ഇടപെടലുണ്ടായി. 2017 സെപ്തംബർ 12 ന് ടോം ഉഴുന്നാൽ മോചിതനായപ്പോൾ വത്തിക്കാൻ, സുൽത്താൻ ഖാബൂസിനു പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. 

സുൽത്താൻ ഖാബൂസിൻറെ മരണത്തിൽ ലോകനേതാക്കളുടെ അനുശോചനപ്രവാഹമായിരുന്നു. സുൽത്താൻ ഖാബൂസ് ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മേഖലയിലും ലോകത്തിലും സമാധാനം നിലനിർത്താൻ പരിശ്രമിച്ച വ്യക്തിയായിരുന്നു സുൽത്താനെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുസ്മരിച്ചു. മലയാളികൾ അടക്കമുള്ള പ്രവാസിസമൂഹത്തിനു സംരക്ഷണം ഉറപ്പാക്കാൻ ശ്രദ്ധിച്ചിരുന്ന ഭരണാധികാരിയാണ് വിടപറയുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. വിശ്വസ്തതയുടേയും സ്നേഹത്തിൻറേയും ജ്ഞാനത്തിൻറേയും വ്യക്തിത്വമായിരുന്നു സുൽത്താൻ ഖാബൂസിൻറേതെന്നു യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അനുസ്മരണസന്ദേശത്തിൽ പറഞ്ഞു. ബുദ്ധിമാനായ ഭരണാധികാരിയെയാണ് അറബ് ലോകത്തിനു നഷ്ടമായിരിക്കുന്നതെന്നു യുഎഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്ചു. ഗൾഫ് രാജ്യങ്ങളെല്ലാം മൂന്നുദിവസത്തെയും ഇന്ത്യ ഒരു ദിവസത്തേയും ദുഖാചരണം പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളോടും എല്ലാ മതവിഭാഗങ്ങളോടും ഒരേ പോലെ സൌഹാർദപരമായി അടുപ്പം സൂക്ഷിച്ചുവെന്നത് സുൽത്താൻ ഖാബൂസിൻറെ നയതന്ത്ര വിജയമായിരുന്നു. വികസനം ഉറപ്പാക്കുന്നതിനൊപ്പം സഹിഷ്ണുക ഉയർത്തിപ്പിടിക്കുവാനും സുൽത്താനു സാധിച്ചു.  അത്തരത്തിൽ, വികസനനായകനും സമാധാനത്തിൻറെ വക്താവുമായി അൻപതാണ്ട് ഒരു ജനതയെ നയിച്ച ഭരണാധികാരിയുടെ വിടവാങ്ങലിൻറെ ശൂന്യതയിലാണ് ഒമാനും അറബ് ലോകവും.

MORE IN GULF
SHOW MORE
Loading...
Loading...