ദുബായിയുടെ സാധ്യതകൾ ലോകത്തേക്ക്; വമ്പൻ പദ്ധതികളുമായി കൗണ്‍സിൽ

dubaicouncil-uae
SHARE

ദുബായിയുടെ സാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ വമ്പൻ പദ്ധതികളുമായി ദുബായ് കൗണ്‍സില്‍. അഞ്ചു ഭൂഖണ്ഡങ്ങളിലായി അൻപതു ഓഫീസുകൾ തുറക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ഭാവിയിലേക്കുള്ള കുതിപ്പിനായി വമ്പൻ പദ്ധതികളാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന ദുബായ് കൗണ്‍സിൽ പ്രഖ്യാപിച്ചത്.  ദുബായിയുടെ സാധ്യതകൾ പരിചയപ്പെടുത്താനും  നിക്ഷേപകരെ ആകർഷിക്കാനുമാണ് അഞ്ചു ഭൂഖണ്ഡങ്ങളിൽ അൻപത് ഓഫീസുകൾ തുറക്കുന്നത്. 

വിനോദസഞ്ചാരമേഖലയുടേതടക്കം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് വികസനത്തിൽ പങ്കാളികളാകുന്ന കമ്പനികളെ സഹായിക്കാൻ ലക്ഷം കോടി ദിർഹത്തിന്റെ ഫണ്ടിന് അംഗീകാരം നൽകി. ഭാവി പദ്ധതികൾക്കായി ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്ടിനും തുടക്കം കുറിച്ചു. 

ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, എമിറേറ്റ്സ് ടവേഴ്സ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവ ഉൾപ്പെടുന്നതാണ് ഫ്യൂച്ചർ ഡിസ്ട്രിക്ട്. എണ്ണയിതര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് കൂടുതൽ കർമപരിപാടികൾക്കു രൂപം നൽകുമെന്നും കൌൺസിൽ വ്യക്തമാക്കി. 

രണ്ടായിരത്തിഇരുപത്തിയഞ്ചോടെ എണ്ണയിതര മേഖലയിൽ രണ്ടു ലക്ഷം കോടി ദിർഹത്തിൻറെ വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ കൌൺസിൽ യോഗത്തിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...