നിർമിതബുദ്ധിയിൽ ഗവേഷണങ്ങൾക്കും തുടർ പദ്ധതികൾക്കും ദുബായിൽ അവസരം

artificial-intelligence
SHARE

നിർമിതബുദ്ധിയിൽ ഗവേഷണങ്ങൾക്കും തുടർ പദ്ധതികൾക്കും വിവിധരാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്കു ദുബായിൽ അവസരമൊരുക്കുമെന്നു പ്രഖ്യാപനം. ദേശീയ കർമപരിപാടിയുടെ ഭാഗമായി എ.ഐ ചാലഞ്ച് പ്രോഗ്രാമിനുള്ള കരാറിൽ മൈക്രോ സോഫ്റ്റുമായി ദുബായ് ഒപ്പുവച്ചു. 

നിർമിതബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യകൾ രാജ്യം കൂടുതൽ മേഖലകളിൽ നടപ്പാക്കുകയാണെന്നും നൂതന ആശയങ്ങളും പരിചയസമ്പത്തും പങ്കുവയ്ക്കാനാകുന്ന യുവപ്രതിഭകളെ സ്വാഗതം ചെയ്യുന്നതായും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. നാഷനൽ പ്രോഗ്രാം ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഭിമുഖ്യത്തിൽ ഈ രംഗത്തെ വിദഗ്ധരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്. നൂതനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള വികസനമാണ് ഭാവിയിൽ ആവശ്യമെന്നും ഈ രംഗത്ത് വൻ നിക്ഷേപം ആവശ്യമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

നിർമിതബുദ്ധിയുടെ ചുമതലയുള്ള  സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയും മൈക്രോസോഫ്റ്റ് റീജനൽ ജനറൽ മാനേജർ സെയ്ദ് ഹാഷിഷുമാണ് സുപ്രധാനകരാറിൽ ഒപ്പുവച്ചത്. സർക്കാർ തലങ്ങളിൽ നിർമിതബുദ്ധിയടക്കമുള്ള നൂതനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ 14 ഇന കർമപരിപാടികൾക്കാണ് യുഎഇ രൂപം നൽകിയിട്ടുണ്ട്. ഈ രംഗത്തെ പദ്ധതികളിൽ മൈക്രോസോഫ്റ്റിൻറെ സഹകരണമുണ്ടാകും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കാബിനറ്റ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...