വികസന നായകൻ; സമാധാനത്തിന്റെ വക്താവ്; സുൽത്താന്റെ ഓർമയിൽ പ്രവാസിലോകം

Sultan-11
SHARE

പ്രവാസിമലയാളികളുമായും ഇന്ത്യയുമായും ഏറ്റവും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദ്.  പ്രതിരോധരംഗത്തടക്കം ഇന്ത്യയുമായി മികച്ച സഹകരണമാണ് സുൽത്താൻ സ്വീകരിച്ചത്. മേഖലയിലെ പ്രശ്നങ്ങളിൽ രാജ്യങ്ങൾക്കിടയിലെ മധ്യസ്ഥതയ്ക്കും  സുൽത്താൻ ഖാബൂസ് മുന്നിലുണ്ടായിരുന്നു.

സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദ് 1971 ൽ ഒമാൻറെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ രാജ്യം മസ്ക്റ്റ് ആൻഡ് ഒമാൻ എന്ന പേരിലായിരുന്നു. സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേരിലേക്കുള്ള മാറ്റം, വികസന മാറ്റങ്ങളുടെ തുടക്കമായി. എണ്ണഉൽപ്പാദനത്തിലൂടെ മുൻനിര രാജ്യങ്ങളുടെ ഗണത്തിലേക്കു മാറിയതോടെ 1970 കളിൽ മലയാളികളടക്കമുള്ള പ്രവാസികൾ ഒമാനിലേക്കു ചേക്കേറിത്തുടങ്ങി. ഇന്ത്യൻ ജനതയോട് എന്നും സഹിഷ്ണുത സ്വീകരിച്ച ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. പള്ളികളും ക്ഷേത്രങ്ങളും നിർമിക്കാൻ സ്ഥല സൌകര്യങ്ങളും പ്രവാസിക്ഷേമത്തിനായുള്ള പദ്ധതികളും സുൽത്താൻ ഉറപ്പാക്കിയിരുന്നു. ഇന്ത്യയുമായി പ്രതിരോധസഹകണം തുടങ്ങിയ ആദ്യ ഗൾഫ് രാജ്യമായി ഒമാൻ മാറിയത് സുൽത്താനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൻറെ തെളിവായി. യെമനിൽ ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കുന്നതിനും സുൽത്താൻ ഖാബൂസ് ഇടപെട്ടിരുന്നു.

അതേസമയം, അമേരിക്ക ഇറാൻ പ്രശ്നത്തിൽ ഇടപെട്ട് മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും സുൽത്താൻ മുൻകൈയെടുത്തിരുന്നു. പലസ്തീൻ, ഇസ്രയേൽ പ്രശ്നങ്ങളിലും മധ്യസ്ഥശ്രമവുമായി സജീവമായിരുന്നു. അത്തരത്തിൽ, വികസനനായകനും സമാധാനത്തിൻറെ വക്താവുമായി അൻപതാണ്ട് ഒരു ജനതയെ നയിച്ച ഭരണാധികാരിയുടെ വിടവാങ്ങലിന്റെ ശൂന്യതയിലാണ് ഒമാനും അറബ് ലോകവും. 

MORE IN GULF
SHOW MORE
Loading...
Loading...