15കാരിയെ ചതിച്ച് ദുബായിലെ പെൺവാണിഭസംഘത്തിന് കൈമാറി; പിടികൂടി പൊലീസ്

abuse-28-12
SHARE

വിദേശത്തുനിന്ന് പെൺകുട്ടിയെ കൊണ്ടുവന്ന് ദുബായിലെ പെൺവാണിഭ സംഘത്തിന് കൈമാറിയ ആൾക്ക് പത്ത് വർഷം തടവുശിക്ഷ. ഇയാളുടെ സഹായിയായ സ്ത്രീക്ക് ഏഴ് വർഷം തടവും വിധിച്ചു. പതിനഞ്ച് വയസ്സുള്ള ഏഷ്യൻ പെൺകുട്ടിക്ക് വ്യാജവിവരങ്ങൾ നൽകി വീസയെടുത്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

കെട്ടിട നിർമാണ തൊഴിലാളിയുടെ വീസയിൽ രാജ്യത്ത് താമസിക്കുകയായിരുന്നു പ്രതിയെന്നും കണ്ടെത്തി. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 

ദുബായിലെ ബ്യൂട്ടി പാർലറിൽ ജോലിക്കെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. അൽ മുത്തീനയിലെ ഒരു ഫ്ലാറ്റിൽ പാർപ്പിച്ച് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചു. ഇതോടെ കുട്ടി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി വിവരം കിട്ടിയ ദുബായ് പൊലീസ് കെട്ടിടം വളഞ്ഞു. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. 

പെൺകുട്ടിയെ കൊണ്ടുവരാൻ ചെലവഴിച്ച 10,000 ദിർഹം തിരിച്ചുകിട്ടാൻ മർദിച്ചിരുന്നതായി സമ്മതിച്ചു. മറ്റു തൊഴിൽ ചെയ്തു പണം തിരിച്ചുനൽകാമെന്ന് പറഞ്ഞെങ്കിലും ഇവർ അനുവദിച്ചില്ല. തുടർന്നു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മുഖ്യപ്രതിയെ പിന്നീട് പിടികൂടി. 

പെൺകുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. പെൺകുട്ടിയെ ചികിത്സയ്ക്കായി റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...