വെള്ളക്കെട്ടും ഗതാഗത തടസവും; യുഎഇയിൽ ജനജീവിതത്തെ സാരമായി ബാധിച്ച് മഴ

rain-in-uae
SHARE

യുഎഇയുടെ വിവിധയിടങ്ങളിൽ തുടരുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. ഷാർജ അടക്കമുള്ല വടക്കൻ എമിറേറ്റുകളിലെ റോഡുകളിൽ കനത്ത വെള്ളക്കെട്ടു കാരണം അഞ്ചു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകളേയും മഴ ചെറിയതോതിൽ തടസപ്പെടുത്തി.

പുലർച്ചെ തുടങ്ങിയ കനത്ത മഴ യുഎഇയിലെ വിവിധയിടങ്ങളിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. രാവിലെ ഓഫീസിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുമിറങ്ങിയവർ രണ്ടും മൂന്നും മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അകപ്പെട്ടു. ഷാർജ ദുബായ് റോഡിലാണ് വലിയ തടസം നേരിട്ടത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായത് സർവീസുകളെ ബാധിച്ചു. 

യാത്രക്കാര്‍ വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകളിലോ അല്ലെങ്കില്‍ www.dubaiairports.ae എന്ന വെബ്‍സൈറ്റിലോ വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കണമെന്നാണ് നിർദേശം. മോശം കാലാവസ്ഥയെത്തുടർന്നു ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. തുടർന്നുള്ള ദിവസങ്ങളിലും അസ്ഥിരകാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. 

വാഹനമോടിക്കുന്നവർ മതിയായ അകലം പാലിക്കണമെന്നും ജാഗ്രതയുണ്ടാകണമെന്നും പൊലീസ് നിർദേശിക്കുന്നു. തീരദേശമേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...