ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം മസ്കറ്റിൽ ഇറക്കി; 12 മണിക്കൂർ വൈകി

flight-delay
SHARE

ദുബായിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം യന്ത്രത്തകരാർ മൂലം മസ്ക്കറ്റ് വിമാനത്താവളത്തിൽ ഇറക്കി. ഇന്നലെ രാത്രി രണ്ടു മണിക്കു പുറപ്പെട്ടു രാവിലെ ഏഴ് ഇരുപതിനു കൊച്ചിയിലെത്തേണ്ട വിമാനമാണ് അടിയന്തരമായി മസ്ക്കറ്റിലിറക്കിയത്. ഉച്ചയ്ക്കു രണ്ടു പതിനഞ്ചോടെ ദുബായിൽ നിന്നും മറ്റൊരു വിമാനമെത്തിച്ചാണ് യാത്ര പുനരാരംഭിച്ചത്.

രാത്രി രണ്ടു മണിക്കു ദുബായിൽ നിന്നും പുറപ്പെടേണ്ട  വിമാനം കൊച്ചിയിലേക്ക് പറന്നത് പന്ത്രണ്ടു മണിക്കൂറുകൾക്കു ശേഷം ഉച്ചയ്ക്കു രണ്ടേകാലോടെ മസ്കറ്റിൽ നിന്നും. ദുബായിൽ നിന്നും വിമാനം ടേക്ക് ഓഫ് ചെയ്തതു മുതൽ പ്രശ്നങ്ങളുണ്ടായിരുന്നതായി യാത്രക്കാർ പറയുന്നു.

പുലർച്ചെ നാലുമണിയോടെ മസ്ക്കറ്റ് വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തിയ വിമാനത്തിൽ നിന്നും പുറത്തുവന്ന യാത്രക്കാർക്കു സ്പൈസ് ജെറ്റ് അധികൃതരുടെ ഭാഗത്തു നിന്നും നേരിട്ട് സൌകര്യങ്ങളൊരുക്കിയത് ഒൻപതുമണിയോടെ മാത്രം. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അഞ്ചു മണിക്കൂറോളം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കാത്തുനിന്നു.

കുടുംബമായെത്തിയവരെ പിന്നീട് ഹോട്ടലിലേക്കു മാറ്റി. നൂറ്റിഅറുപതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടർന്നു രണ്ടേകാലോടെ ദുബായിൽ നിന്നെത്തിച്ച മറ്റൊരു വിമാനത്തിലാണ് യാത്രക്കാർ കൊച്ചിയിലേക്കു പറന്നത്.

MORE IN GULF
SHOW MORE
Loading...
Loading...