മുസ്​ലിം പള്ളിയൊരുക്കിയ സജി ചെറിയാന് യുഎഇയുടെ ആദരം; മലയാളികൾക്കും അഭിമാനം

dubai-saji-award
SHARE

കാരുണ്യത്തിന്റെ  പ്രകാശ ഗോപുരം തീർത്ത് ഫുജൈറയിൽ മുസ്‌ലിം  സഹോദരങ്ങൾക്ക് നമസ്ക്കരിക്കാൻ പള്ളി നിർമിച്ചു നൽകിയ ക്രൈസ്തവ വ്യവസായി സജി ചെറിയാനു യുഎഇയുടെ ആദരം. രാജ്യത്തിന് മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള  പൈനീർ അവാർഡ് സമ്മാനിച്ചാണു രാജ്യം മലയാളി വ്യവസായിയെ ആദരിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണു സജി ചെറിയാൻ.

അബുദാബി സാദിയാത് ഐലൻഡിലെ സെന്റ് റഗിസ് ഹോട്ടലിൽ നടന്ന വാർഷിക സർക്കാർ സമ്മേളനത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സജി ചെറിയാന് അവാർഡ് സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വക്താവായ സജി ചെറിയാൻ 13 ലക്ഷം ദിർഹം ചെലവിലാണു ഫുജൈറ അൽഹായിൽ വ്യവസായ മേഖലയിലെ ലേബർ ക്യാംപിനു സമീപം മുസ്ലിം പള്ളി നിർമിച്ചുനൽകിയത്. പള്ളിക്ക് മറിയം ഉമ്മു ഈസ  (മേരി, ദ് മദർ ഓഫ് ജീസസ് മോസ്ക്) എന്നും പേരിട്ടു. ഈ പള്ളിയിൽ 250 പേർക്ക് നമസ്ക്കരിക്കാൻ സൗകര്യമുണ്ട്. മുറ്റത്തും പരിസരങ്ങളിലുമായി കൂടുതൽ 500 പേർക്ക് നമസ്ക്കരിക്കാം. റമസാനിൽ 28,000 പേർക്ക് ഇഫ്താർ നൽകിവരുന്ന സജി മുസ്ലിം സഹോദരങ്ങൾക്കൊപ്പം 13 വർഷമായി വ്രതമെടുക്കാറുള്ളയാൾ കൂടിയാണ്. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഇതിന്  യുഎഇയോടും ഭരണാധികാരികളോടും കടപ്പെട്ടിരിക്കുന്നുവെന്നും സജി ചെറിയാൻ പ്രതികരിച്ചു.

ജാതിമത ഭേദമന്യേ ഇവിടെ വന്ന് ജോലിയും ബിസിനസും ചെയ്ത് ജീവിക്കാൻ അവസരം നൽകിയ ഈ നാടിനുവേണ്ടി തന്നാൽ കഴിയുന്നതു തിരിച്ചു നൽകുകയാണ് ചെയ്തതെന്നും അത് തുടരുമെന്നും സജി ചെറിയാൻ മനോരമയോടു പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് ഇഫ്താറിന് അവസരമൊരുക്കുമെന്നും രാജ്യത്തിന്റെ ഇതര ജീവകാരുണ്യ പദ്ധതികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. വിവിധ മതസ്ഥർക്ക് അവരവരുടെ ആരാധനാ സ്വാതന്ത്ര്യം അനുസരിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കുന്ന ഈ രാജ്യത്ത് ഏറ്റവും സുരക്ഷിതമായാണു നാമോരുത്തരും കഴിയുന്നതെന്നും അതുകൊണ്ടുതന്നെ രാജ്യത്തിനു സേവനം ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കരുതെന്നും സൂചിപ്പിച്ചു.

വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്കായി നൂറുകണക്കിനു തൊഴിലാളികൾ 20 ദിർഹം വീതം ചെലവഴിച്ച് ഫുജൈറ നഗരത്തിലേക്കു ടാക്സിയിൽ പോകുന്നതു കണ്ടപ്പോഴാണ് അവർക്കായി പള്ളി നിർമിച്ച് പ്രാർഥനയ്ക്കായി തുറന്നുകൊടുത്തതെന്നു സജി ചെറിയാൻ പറഞ്ഞു. ഇതര മതക്കാരനായ ഒരാൾ യുഎഇയിൽ നിർമിച്ച ആദ്യത്തെ മുസ് ലിം പള്ളി ചരിത്രത്തിലും ഇടം നേടിയിരുന്നു. ആലപ്പുഴ കായംകുളം തത്തിയൂർ സ്വദേശിയും എൻജിനീയറുമായ സജി 2003 ലാണ് തൊഴിൽതേടി  യുഎഇയിൽ എത്തിയത്.  ഭാര്യ എൽസിയും സജിയുടെ ബിസിനസിൽ സഹകരിക്കുന്നു.

വിദ്യാർഥികളായ സചിൻ സജി ചെറിയാൻ, എൽവിൻ സജി ചെറിയാൻ എന്നിവരാണ് മക്കൾ.ആംഗ്ലിക്കൻ ചർച്ചിലെ റവ. കാനൺ ആൻഡ്ര്യൂ തോംസണും യുഎഇ പനീർ പുരസ്കാരം ലഭിച്ചു. സഹിഷ്ണുതാ വർഷാചരണ ഭാഗമായി സെലിബ്രേറ്റിങ് ടോളറൻസ്: റിലീജ്യസ് ഡൈവേഴ്സിറ്റി ഇൻ യുഎഇ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകമാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. ഇതിനു പുറമേ ഏതാനും സ്വദേശികളും അവാർഡിന് അർഹരായി. 3000 നാമനിർദേശങ്ങളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

MORE IN GULF
SHOW MORE
Loading...
Loading...