പിഴ ഏറ്റെടുത്ത് ഇന്ത്യൻ വ്യവസായി; മലയാളികളടക്കം 700 പേർക്ക് ജയിൽ മോചനം; കരുണ

firoz-help-duabi
ഫിറോസ് മർച്ചന്റ്
SHARE

ഇന്ത്യൻ  വ്യവസായിയുടെ കാരുണ്യത്തിൽ യുഎഇയിലെ ജയിലുകളിൽനിന്ന് മലയാളികൾ ഉൾപ്പെടെ 700 തടവുകാരുടെ മോചനത്തിനു വഴിയൊരുങ്ങുന്നു. ശിക്ഷാകാലവധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാനില്ലാത്തതിനാൽ ജയിലുകളിൽ തുടരേണ്ടിവന്ന തടവുകാരുടെ ബാധ്യത തീർക്കാൻ പ്യുവർ ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ ഫിറോസ് മർച്ചന്റ് 10 ലക്ഷം ദിർഹം (ഏതാണ്ട് 20 കോടിയോളം രൂപ) നൽകി. സഹിഷ്ണുതാവർഷം, യുഎഇയുടെ 48ാമത് ദേശീയ ദിനാഘോഷം എന്നിവയോടനുബന്ധിച്ചാണ് ഇത്രയും പേരുടെ ബാധ്യത ഏറ്റെടുത്ത് മോചിപ്പിക്കുന്നതെന്ന്  ഫിറോസ് മർച്ചന്റ് അറിയിച്ചു.

ശിക്ഷാ കാലാവധി തീർന്ന തടവുകാരുടെ സാമ്പത്തിക പ്രതിസന്ധി തീർത്ത് കുടുംബത്തോടൊപ്പം പുതിയൊരു ജീവിതത്തിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഫിലിപ്പീൻസ്, റഷ്യ, തായ്​ലാൻഡ് തുടങ്ങി  30 രാജ്യക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. യുഎഇയിലെ വിവിധ ജയിലുകളിൽനിന്ന് അർഹതപ്പെട്ട തടവുകാരെ ജയിൽ അധികൃതർ കണ്ടെത്തി പദ്ധതിയിൽ ഉൾപെടുത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മോചിപ്പിക്കാനുള്ള നടപടി തുടങ്ങിയതായും അറിയിച്ചു. യുഎഇയുടെ സഹിഷ്ണുതാ വർഷത്തിൽ 700 കുടുംബങ്ങളിലേക്ക് സാന്ത്വനം എത്തിക്കാനായതിൽ കൃതാർഥനാണ് താനെന്ന് ഫിറോസ് മർച്ചന്റ് പറഞ്ഞു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും ഫിറോസ് മർച്ചന്റ് പറഞ്ഞു. അജ്മാൻ ജയിലിലുള്ള 150 പേരെയും ഫുജൈറ ജയിലിലെ 160 പേരെയുമാണ് ആദ്യം മോചിപ്പിക്കുന്നത്. ശേഷിച്ചവർ മറ്റ് എമിറേറ്റിൽനിന്നുള്ളവരായിരിക്കും.1989മുതൽ യുഎഇയിൽ വ്യാപാരിയായ ഫിറോസ് മർച്ചന്റിന് യുഎഇയുടെ സ്ഥിരം താമസാനുമതിയായ ഗോൾഡ് കാർഡും ലഭിച്ചിരുന്നു. സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഫിറോസ് നിർവഹിച്ചതെന്നു അജ്മാൻ പൊലീസ് കമാൻ‍‍ഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...