കണ്ണുകളിൽ നിറയെ ഭയം; വിശന്ന് തളർന്ന് ക്ഷീണിതനായിരുന്നു അമേയ; ആ 'മാലാഖ' പറയുന്നു

ameya-26
SHARE

പരീക്ഷാപ്പേടി കാരണം ഷാർജയിലെ വീട്ടിൽ നിന്നും ഒളിച്ചോടിയ മലയാളി വിദ്യാർഥി അമേയയെ കണ്ടെത്തുമ്പോൾ ക്ഷീണിതനായിരുന്നുവെന്ന് റോണിത് ലച്​വാനി. ജുമൈറ ലാ മിറ ബീച്ചിനടുത്ത് നിന്നും അമേയയെ കണ്ടെത്തിയത് ഈ പ്ലസ്ടുക്കാരിയാണ്. കരിയർ ഗൈഡൻസ് കേന്ദ്രത്തിൽ നിന്ന് മടങ്ങുന്ന വഴിയാണ് ബസ് സ്റ്റോപ്പിനടുത്ത് അമേയ ഇരിക്കുന്നത് കണ്ടത്. സംശയം തോന്നി വാട്ട്സാപ്പിലും മറ്റും വന്ന ചിത്രം നോക്കി ഉറപ്പാക്കിയെന്ന്  റോണിത് പറയുന്നു. ഒന്നുകൂടി ഉറപ്പിക്കുന്നതിനായി പേര് വിളിച്ചതും അവൻ ശ്രദ്ധിച്ചുവെന്നും തുടർന്ന് അടുത്തെത്തി മുമ്പ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് പരിചയപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.

ആദ്യം സംസാരിക്കാൻ മടിച്ചെങ്കിലും പിന്നീട് അമേയ സംസാരിച്ചു. രണ്ടു ദിവസമായി വെള്ളം മാത്രം കുടിച്ച് കഴിഞ്ഞ അമേയ ആകെ അവശനായിരുന്നു. ചുണ്ടുകൾ വരണ്ട് ഉറക്കം തൂങ്ങിയിരുന്നു. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വന്നില്ലെന്നും ഒന്നിച്ച് കഴിക്കാമെന്ന് നിർബന്ധിച്ചപ്പോൾ കൂടെ വന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. കുടുംബാംഗങ്ങൾ അമേയയെ കാണാതെ വിഷമിക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ആകെ വല്ലാതെയായി. തുടർന്ന് അമേയയുടെ അച്ഛൻ സന്തോഷിനെ താൻ വിളിച്ച് മകനെ കണ്ടെത്തിയ കാര്യം അറിയിക്കുകയായിരുന്നുവെന്നും റോണിത് കൂട്ടിച്ചേർത്തു.

അമേയയെ കണ്ടെത്താൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്നും എന്നാൽ പഠനത്തിന്റെ പേരിൽ കുട്ടികളെ സമ്മർദ്ദത്തിലാക്കരുതെന്നുമാണ് റോണിതിന് പറയാനുള്ളത്. പരീക്ഷ എഴുതാന്‍ ഭയന്ന അമേയ വെള്ളിയാഴ്ച ട്യൂഷൻ ക്ലാസിൽ നിന്നുമാണ് ഒളിച്ചോടിയത്. ട്യൂഷൻ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...