യുഎഇയിൽ 60 വയസിന് മുകളിലുള്ള ഗാർഹിക തൊഴിലാളികൾക്ക് കരാർ പുതുക്കാം

EMIRATES-REALESTATE/DUBAI
SHARE

യുഎഇയിൽ അറുപതു വയസ്സിന് മുകളിൽ പ്രായമുള്ള ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ തൊഴിൽ കരാർ പുതുക്കാൻ അനുമതി. ജോലി ചെയ്യാനുള്ള ശാരീരികക്ഷമത അടക്കം മൂന്നു ഉപാധികളാണ് മാനവവിഭവശേഷി മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. 

പ്രവാസിമലയാളികളടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. ജോലി ചെയ്യാനുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം എന്നതാണ് മാനവവിഭവശേഷി മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന മൂന്നു ഉപാധികളിൽ ഏറ്റവും പ്രധാനം. അംഗീകൃതകേന്ദ്രങ്ങളിൽ നിന്നുള്ള, ശാരീരികക്ഷമത ഉറപ്പുവരുത്തുന്ന രേഖകൾ സമർപ്പിക്കണം. തൊഴിലാളിയുടെ യു എ ഇയിലെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കുമെന്ന തൊഴിലുടമയുടെ ഉറപ്പും ഉണ്ടായിരിക്കണം. 

തൊഴിൽ കരാർ കാലാവധി കഴിയുന്നതിന് മൂന്നുമാസം മുൻപ് തന്നെ ഇതിനായുള്ള അപേക്ഷ സമർപ്പിക്കണമെന്നും മന്ത്രാലയം നിഷ്കർഷിക്കുന്നു. ശാരീരികക്ഷമതയുണ്ടെങ്കിൽ മികച്ച ഗാർഹിക തൊഴിലാളികളെ അറുപതു വയസിനു ശേഷവും തുടരാൻ ആഗ്രഹിക്കുന്നവരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നു മന്ത്രാലയത്തിന്‍റെ ഗാർഹിക തൊഴിൽ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഖലീൽ ഖൂരി പറഞ്ഞു. വീട്ടുജോലിക്കാർ സ്വകാര്യ നഴ്‌സുമാർ, പിആര്‍ഒ ജോലി ചെയ്യുന്നവർ, പാചകക്കാർ, സ്വകാര്യ കാർഷിക എൻജിനീയർമാർ തുടങ്ങിയവർക്കു നിയമം ബാധകമായിരിക്കും.

MORE IN GULF
SHOW MORE
Loading...
Loading...