സയൻസ് പരീക്ഷ എഴുതാൻ പേടി; ഷാർജയിൽ മലയാളി വിദ്യാർഥിയെ കാണാനില്ല; തിരച്ചിൽ

ameya-24
SHARE

മലയാളിയായ പത്താം ക്ലാസം വിദ്യാർഥിയെ ഷാർജയിൽ നിന്ന് കാണാതായതായി വീട്ടുകാരുടെ പരാതി. അബു ഷഗാറയിലുള്ള തൃശ്ശൂർ സ്വദേശികളുടെ മകന്‍ അമേയ രാജനെയാണ് വെള്ളിയാഴ്ച മുതൽ കാണാതെയായത്. ഷാർജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാർഥിയായ അമേയ ഇതുവരെ മാതാപിതാക്കളെയോ കൂട്ടുകാരെയോ അധ്യാപകരെയോ ബന്ധപ്പെട്ടിട്ടില്ല. 

വെള്ളിയാഴ്ച രാവിലെ 10.15ന് മകനെ ട്യൂഷൻ സെന്ററിനടുത്ത് ഇറക്കിവിട്ടതാണ്. എന്നാൽ, കുട്ടി ട്യൂഷൻ സെന്ററിൽ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടില്ല. അമേയ ക്ലാസിലെത്തിയില്ലെന്ന് അധ്യാപകനും പറഞ്ഞു. ഇതിനു ശേഷം കുട്ടിക്കായി വ്യാപാകമായി തിരച്ചിൽ നടത്തിവരികയാണെന്ന് പിതാവ് സന്തോഷ് രാജൻ പറഞ്ഞു. അമേയയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും സ്വിച്ച്ഡ്  ഒാഫാണ്.

കാണാതാകുമ്പോൾ പച്ച ടി–ഷേർട്ടും നീല ത്രി–ഫോർത് പാന്റസുമാണ് ധരിച്ചിരുന്നത്. കറുത്ത ബാക്ക് പാക്ക് ബാഗുമുണ്ടായിരുന്നു. കൈയിൽ കറുത്ത ചരടു കെട്ടിയിട്ടുണ്ട്. 10 ദിർഹത്തിലധികം മകന്റെ കൈയിലുണ്ടാകാൻ സാധ്യതയില്ലെന്നു മാതാവ് ബിന്ദു പറയുന്നു. അടുത്തു വരുന്ന സിബിഎസ്ഇ പൊതു പരീക്ഷ സംബന്ധിച്ച് മകന് നേരിയ ഭയവും സമ്മർദവുമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്ന് അമേയയ്ക്ക് സയൻസിന്റെ പരീക്ഷ നടക്കുകയാണ്.

കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 050 584 3889 എന്ന നമ്പറിൽ അറിയിക്കണമെന്ന് കുട്ടിയുടെ അച്ഛൻ സന്തോഷ്  അഭ്യർഥിച്ചു. കുട്ടിയ്ക്കായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

MORE IN GULF
SHOW MORE
Loading...
Loading...