സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാവകാശം; നിയമവുമായി യുഎഇ

കടക്കെണിയിൽപെട്ടവർക്കും കിട്ടാക്കടത്തിൽപെട്ടു നട്ടം തിരിയുന്നവർക്കും ആശ്വാസമായി യുഎഇയിൽ പുതിയ നിയമം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാവകാശം നൽകുന്ന നിയമത്തിനു യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. അടുത്തവർഷം ജനുവരിയിൽ നിയമം നിലവിൽ വരും.

സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് കുറ്റവാളിയായി കഴിയുന്നതിനു പകരം നിയമവിധേയമായി ജോലിയോ ബിസിനസോ ചെയ്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അവസരമൊരുക്കുന്ന നിയമമാണ് നിലവിൽ വരുന്നത്. കടക്കെണിയിൽ അകപ്പെട്ടവർക്കു ക്രിമിനൽ നടപടികളിൽ നിന്നും സംരക്ഷണം നൽകുകയും കടങ്ങൾ വീട്ടാൻ മൂന്നു വർഷത്തെ സാവകാശം നൽകുകയും ചെയ്യുന്ന നിയമത്തിനു മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച് ഈ കാലയളവിനകം ഒറ്റ തവണയായോ ഘട്ടം ഘട്ടമായോ കടം തീർക്കാം. ആവശ്യമെങ്കിൽ സർക്കാർ സാമ്പത്തിക സഹായം നൽകുന്നതും പരിഗണിക്കും. 

സ്വദേശികൾക്കും യുഎഇയിലെ പ്രവാസികൾക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. ബാങ്കിൽനിന്നോ ഇതര സ്ഥാപനങ്ങളിൽനിന്നോ വ്യക്തിയിൽനിന്നോ വായ്പ എടുത്ത് തിരിച്ചടക്കാൻ പ്രയാസപ്പെടുന്നവർക്കും വിവിധ ആവശ്യങ്ങളിൽ പണം കിട്ടാനുള്ളവർക്കും പുതിയ നിയമത്തിന്റെ പരിരക്ഷ ലഭിക്കും. പരാതി ലഭിച്ചാൽ, സർക്കാർ നിയമിക്കുന്ന വിദഗ്ധ സമിതി ഇരുകൂട്ടരെയും വിളിച്ച് ചർച്ച നടത്തും. തുടർന്നായിരിക്കും സഹായമടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്.