യുഎഇയില്‍ ഇനി ശക്തമായ മഴയും മഞ്ഞും; മുന്നറിയിപ്പ്: വിഡിയോ

യുഎഇയിൽ അടുത്തയാഴ്ച ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകർ. ബുധൻ മുതൽ ശനി വരെ എല്ലാ മേഖലകളിലും കനത്തമഴ പ്രതീക്ഷിക്കാം. തീരപ്രദേശങ്ങളിലും വടക്കു കിഴക്കൻ എമിറേറ്റുകളിലും നാളെ സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകുമെന്നും വ്യക്തമാക്കി. വരുംദിവസങ്ങളിൽ തീരദേശ, പർവത മേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കടലിൽ 6 അടി ഉയരത്തിൽ വരെ തിരകൾ രൂപപ്പെടാം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

കടൽത്തീരത്തു നിന്നും മലയോര മേഖലകളിൽ നിന്നും വിട്ടുനിൽക്കുകയും വാദികൾക്കു കുറുകെ കടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും േവണം. യുഎഇയിലും ഒമാനിലും കഴിഞ്ഞ ദിവസമുണ്ടായ പെരുമഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായിരുന്നു. പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ ഇന്നലെ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും നേരിയ തോതിൽ മഴ പെയ്തു. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ ഇന്നലെ രാവിലത്തെ താപനില 9.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

ഒമാനിലെ മലയോര മേഖലകളിൽ തണുപ്പു ശക്തമായി. അൽ ഹംറയിലെ ജബൽ ഷംസ്, ഇബ്രിയിലെ ജബൽ അൽ സറത് എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം മഞ്ഞുവീഴ്ചയുണ്ടായി. മലയോര മേഖലകളിൽ രാവിലെ 5 ഡിഗ്രി സെൽഷ്യസിനു താഴെയാണു താപനില. ഇനിയുള്ള ദിവസങ്ങളിലും മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.

മുന്നറിയിപ്പ്

∙പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

∙കടൽത്തീരത്തു നിന്നും മലയോര മേഖലകളിൽ നിന്നും വിട്ടുനിൽക്കണം

∙വാദികൾക്കു കുറുകെ കടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും േവണം.